കോങ്കണ്ണിത്തോട്ടിലാണ് ആദ്യം അത് കണ്ടത്. അലക്കുകാരി കാര്‍ത്തു രാവിലെ തോട്ടിലിറങ്ങുമ്പോഴായിരുന്നു അപ്പുറത്ത് ഒഴുകി നടക്കുന്ന കാല്‍ കണ്ടത്. മനുഷ്യന്റെ ഒരു കാല്‍ മാത്രം !!
അലറിവിളിച്ചു കൊണ്ട് കാര്‍ത്തു നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാര്‍ വന്നു നോക്കി. അതെ സാധനം കാല്‍ തന്നെയാണ് എന്നതിനെക്കാള്‍ ഒരു കാല്‍ മാത്രമേയുള്ളൂ എന്നതാണ് നാട്ടുകാരെ വിറപ്പിച്ചത്.
കോട്ടയത്തെ പ്രവീണ്‍ വധത്തിന്റെ അതേ ശൈലിയില്‍ ആരോ ആരെയോ കൊന്നിരിക്കുന്നു.
കോട്ടയത്തെ പ്രവീണ്‍ വധത്തിന്റെ അതേ ശൈലിയില്‍ ആരോ ആരെയോ കൊന്നിരിക്കുന്നു.
എസ്ഐ ജോര്‍ജിന്റെ ഭാര്യ സുന്ദരിയാണെന്നു കേട്ടിട്ടുണ്ട്. പക്ഷെ, അയാളുടെ ഡ്രൈവര്‍ സുരേഷ് വീട്ടില്‍ കിടന്നുറങ്ങുന്നുണ്ട്. അവന്റെ രണ്ടു കാലും അവന്റെ കൈയ്യില്‍ തന്നെയുണ്ട്. അപ്പോള്‍ സംഗതി ഡിവൈഎസ്പി തലത്തിലോ മറ്റോ ആയിരിക്കണം. പൊലീസുകാരെ തീരെ വിശ്വസിച്ചുകൂട.
കാല് കണ്ടിടത്തേക്ക് ജനം കുതിച്ചു. പൊലീസും വന്നു. വെളുത്ത ഒരു യുവാവിന്റെ കാലാണതെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാണ്. സംഗതി മൊത്തത്തോടെ വെട്ടി ഒഴുക്കി വിട്ടിരിക്കുകയാണ്. മീനച്ചിലാറ്റിലേക്ക് വന്നു ചേരുന്ന മറ്റ് കൈത്തോടുകളില്‍ ജനവും പൊലീസും, മറ്റേ കാല്‍, കൈകള്‍, തല തുടങ്ങിയ അവയവങ്ങള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഇനി മീനച്ചിലാറ്റിലും മണിമലയാറ്റിലും അതിന്റെ കൈവഴികളിലുമാണ് തിരച്ചില്‍ നടത്താനുള്ളത്. കൊല്ലുന്നവന് എല്ലാം കൂടി ഒരിടത്തു കുഴിച്ചു മൂടിയിട്ട് അറിയിച്ചാല്‍ പോരേ ?
വൈകുന്നേരമായപ്പോഴേക്കും കാല് നാട്ടിലെ പ്രമുഖരായ രണ്ട് കുടിയന്മാര്‍ ചേര്‍ന്ന് ഒരു പായില്‍ പൊതിഞ്ഞു പൊലീസുകാര്‍ ചൂണ്ടിക്കാണിച്ച ആംബുലന്‍സില്‍ വച്ചു കൊടുത്തു. പൊലീസുകാര്‍ അത് നേരേ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ കൊണ്ടുപോയി വച്ചു.
കോങ്കണ്ണിത്തോട് ഏറെക്കുറെ ഒറ്റപ്പെട്ടു. കൊല്ലപ്പെട്ട മനുഷ്യന്റെ ബാക്കി അവയവങ്ങള്‍ തോട്ടിലൂടെ ഒഴുകി വരുമെന്ന ഭീതി ഗ്രാമത്തെയാകെ ബാധിച്ചു. ഇടക്കിടെ തോട്ടിലിറങ്ങുന്നവരുടെ തൊണ്ടയില്‍ നിന്ന് അറിയാതുയര്‍ന്നു പോകുന്ന അലര്‍ച്ചകള്‍ ജനത്തെ പിന്നെയും പിന്നെയും ഞെട്ടിച്ചു കൊണ്ടിരുന്നു. തോട്ടിലൂടെ എന്തെഴൊകി വന്നാലും അതിനെ ഏതെങ്കിലും അവയവമായി സങ്കല്‍പിച്ചായിരുന്നു ഭീതിദതമായ ഈ ഭീകരനിലവിളികള്‍.
തോട്ടില്‍ കുളി, കളി, അലക്ക് തുടങ്ങിയ ജോലികള്‍ വ്യാപകമായി കുറഞ്ഞെങ്കിലും മഴക്കാലമെത്തിച്ച മണലിന്റെ ശേഖരത്തിലാകൃഷ്ടമായ വെട്ടന്‍ ജോണിയുടെ തോണി അന്നു രാത്രിയും പുഴയിലിറങ്ങുക തന്നെ ചെയ്തു. മണല്‍ക്കടവുകളില്‍ ജനകീയ പൊലീസും മണല്‍സേനയും അവയവഭീതികാരണം തോടിന്റെ പരിസരത്തെങ്ങുമില്ലാത്ത ആ രാത്രി തോട്ടിലെ മണല്‍ മുഴുവനും വാരിക്കൊണ്ടു പോകാന്‍ വേണമെങ്കില്‍ പര്യാപ്തമാണെന്ന് ജോണിക്കറിയാമായിരുന്നു.
ഒസിആറിന്റെ നാല് ഫുള്ളും കൊടുത്ത് ജോണി തോണിയില്‍ നാലു പണിക്കാരെ തോട്ടിലിറക്കി. അഥവാ വല്ലവരും ചോദിച്ചാല്‍ സാമൂഹിപ പ്രതിബദ്ധത കൊണ്ട് അവയവം തിരയുകയാണെന്നു പറയുകയും, അഥവാ വല്ല അവയവവും മണലിനോടൊപ്പം കൈയ്യില്‍ തടഞ്ഞാല്‍ ഒന്നുമറിയാത്തതുപോലെ തിരിച്ച് പുഴയിലേക്കെറിയുകയുമാണ് വേണ്ടതെന്ന് ജോണി തോണിക്കാരോട് പറഞ്ഞിരുന്നു.
ജോണിയുടെ മണല്‍ത്തോണി രാത്രി 10 മണിയോടെ പന്ത്രണ്ടാം കടവില്‍ നിന്ന് നീരണിഞ്ഞു. ഒസിആറിന്റെ നിലാവില്‍ അവര്‍ മണലൂറ്റി. ക്ഷീണം തോന്നിയപ്പോഴൊക്കെ ഊര്‍ജ്ജം ഗ്ലാസ്സിലൂറ്റി. മണി, പതിനൊന്നായി, പതിനൊന്നരയായി, പതിനൊന്നേമുക്കാലായി. ഒസിആര്‍ രണ്ടെണ്ണം മാത്രം തീര്‍ന്നപ്പോഴേക്കും ഫുള്‍ലോഡ് മണലുമായി തോണി ആറു തവണ തീരത്ത് പോയി വന്നിരുന്നു.
ഏഴാമത്തെ ലോഡ് നിറച്ച് തീരത്തേക്ക് മെല്ലെ തുഴഞ്ഞു കൊണ്ടിരിക്കുമ്പോഴാണ്. തോണിയിലെ ജോണിസംഘം ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്. അവര്‍ക്കഭിമുഖമായെന്ന പോലെ നേര്‍ത്ത നിലാവിന്റെ നിഴലുപോലെ ഒറ്റക്കാലുള്ള ഒരു രൂപം… സംഘം വിറങ്ങലിച്ചുപോയി.
പ്രേതം! എന്ന നിലവിളിയുമായി സംഘത്തിലെ മൂന്നു പേരും തോട്ടിലേക്കു ചാടി. അല്‍പം ധൈര്യമവശേഷിച്ചിരുന്ന പഴയ നക്സലൈറ്റ് ആയിരുന്ന നാരായണന്‍ ഒന്നുകൂടി നോക്കി. മുഖം കാണാനില്ല. തല എന്തോ കൊണ്ട് മറച്ചിരിക്കുന്നു. ഷെര്‍ലക് ഹോംസ് കഥകളിലെപ്പോലെ ദുരൂഹമായ രൂപം. വ്യക്തമായും ആരോ വെട്ടിമാറ്റിയ വലതു കാല്‍. സംഗതി പ്രേതം തന്നെ.
ആചാരപരമായി എക്സ് നക്സലൈറ്റ് നിലവിളിയോടെ തോണിയോടൊപ്പം പുഴയിലേക്ക് വീണു. കാലിന്റെ ബാക്കി രാത്രിയില്‍ പ്രേതമായെത്തി ജോണിയുടെ വളളം മുക്കിയ കഥ പിറ്റേന്ന് എസ്ഐ ജോര്‍ജിനെപ്പോലും ഞെട്ടിച്ചു. സംഗതി കൊലപാതകത്തില്‍ നിന്ന് അപസര്‍പ്പക,ഹൊറര്‍ തലങ്ങളിലേക്കു നീങ്ങുകയാണ്.
പൊലീസും സംഘവും അരിച്ചു പെറുക്കി. ജില്ലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ ഒരിടത്തും കാലിന്റെ പ്രായത്തിലുള്ള ആരെയും കാണാതായിട്ടില്ല. ദുരൂഹത വര്‍ധിക്കുന്നു…
തന്റെ വള്ളം മുക്കിയ പ്രേതത്തോട് ജോണി പക്ഷെ കോംപ്രമൈസ് ചെയ്യാന്‍ തയ്യാറായിരുന്നില്ല, അന്ന് രാത്രി ജോണി തനിച്ച് തന്റെ 74 മോഡല്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ പ്രേതബാധയും അവയവപ്രവാഹവുമുള്ള കോങ്കണ്ണിത്തോടിന്റെ തീരത്തുകൂടി സഞ്ചരിച്ചു. നേര്‍ത്ത ചാറ്റല്‍മഴയുണ്ടായിരുന്നു. നല്ല തണുപ്പും.
നാട്ടില്‍ ചൂടിന്റെയും അനുബന്ധരസങ്ങളുടെയും മൊത്തവ്യാപാരമുള്ള സിസിലിയുടെ വീടിന്റെ ഇരുനൂറു മീറ്റര്‍ മാറി ബുള്ളറ്റ് നിര്‍ത്തി മിഡീവിയല്‍ കാലഘട്ടത്തില്‍ പിശാചുപിടിത്തമെന്ന പേരില്‍ സുന്ദരമായി വ്യഭിചരിച്ചു ജീവിച്ചു പോന്ന തന്റെ പൂര്‍വികരുടെ ക്രിയേറ്റിവിറ്റിയെക്കുറിച്ച് ആലോചിച്ച് രണ്ട് വില്‍സ് പുകച്ചു. സിസിലിയുടെ അനന്ത സാധ്യതകളെക്കുറിച്ച് ചിന്തിച്ച് അവസാനത്തെ പുകയും വിട്ട് സിഗരറ്റ് വലിച്ചെറിയുമ്പോളാണ് ജോണിയുടെ കണ്ണില്‍ അത് പെട്ടത്…..
സിസിലിയുടെ വീട് ലക്ഷ്യമാക്കി മെല്ലെ നീങ്ങുകയാണ് ഒറ്റക്കാലുള്ള ഒരു ഭീകരരൂപം. ആകെ മൂടിപ്പുതച്ച് കോട്ടയം പുഷ്പനാഥിന്റെ കഥാപാത്രത്തെപ്പോലെ കോട്ടും തൊപ്പിയും വച്ച്…
ജോണിക്കു പക്ഷേ പേടി തോന്നിയില്ല. പ്രേതമാണോ അല്ലയോ എന്നു നിര്‍വചിക്കാനുള്ള വിവേകവുമുണ്ടായില്ല. എന്തായാലും അതിനെ പിടിക്കണം എന്നതില്‍ ജോണിക്കു സംശയമുണ്ടായിരുന്നില്ല. തന്റെ ഒരു ലോഡ് മണലും വള്ളവും മുക്കിയ പ്രേതമാണ് !
ജോണി ബുള്ളറ്റ് സ്റ്റാന്‍ഡില്‍ വച്ച് സിസിലിയുടെ വീടിന്റെ പിന്‍ഭാഗത്തുകൂടി നടന്നു. മറുവശത്ത് അത് നില്‍ക്കുന്നുണ്ടാവണം. ഭിത്തിയോട് ചേര്‍ന്ന് നടക്കുമ്പോള്‍ അകത്തുനിന്നും സിസിലിയുടെ ഇക്കിളിപ്പെട്ടുള്ള ചിരി കേള്‍ക്കാമായിരുന്നു. ജോണി വാച്ചില്‍ നോക്കി. മണി പന്ത്രണ്ടു കഴിഞ്ഞു. പെണ്ണ് ഓവര്‍ ടൈമിലാ. മഴക്കാലമായതുകൊണ്ട് ടൈറ്റ് ഷെഡ്യൂളാവും.
രണ്ട് ചുവടു കൂടി വച്ച് മറുവശത്തേക്ക് ചാടിയ ജോണിയെ ഞെട്ടിച്ചുകൊണ്ട് ഒറ്റക്കാലുള്ള പ്രേതം അപ്രത്യക്ഷമായി. ജോണിക്ക് ഇത്തിരി പേടി തോന്നി. ഇങ്ങനെ കെടാനും ഓഫാകനുമൊക്കെ പറ്റുന്ന പ്രേതമാണെങ്കില്‍ സൂക്ഷിക്കണം. പക്ഷെ, ഈ പ്രേതത്തിന് സിസിലിയുടെ വീട്ടുമുറ്റത്ത് എന്തു കാര്യം ? പ്രേതത്തെയും കൈകാര്യം ചെയ്യുന്ന വിരുതുണ്ടോ സിസിലിക്ക് ? മനസ്സില്‍ ചോദ്യങ്ങളുമായി ജോണി മടങ്ങി.
പിറ്റേന്ന് പകല്‍ സിസിലിയുടെ വീട്ടിലെത്തി തലേന്ന് രാത്രി പ്രേതത്തെ കണ്ട കാര്യം ജോണി പറഞ്ഞു. സിസിലിയെ വിറയ്ക്കാന്‍ തുടങ്ങി. അതിനു മുമ്പിലത്തെ ദിവസവും സിസിലിയുടെ വീടിന്റെ പരിസരത്താണ് പ്രേതത്തെ കണ്ടതെന്നു കൂടി കേട്ടപ്പോള്‍ അവള്‍ തളര്‍ന്നു. പ്രേതം തന്നെ റേപ് ചെയ്യുമോ എന്നതിനെക്കാള്‍ മേഖലയില്‍ പ്രേതസഞ്ചാരമുണ്ടെന്നു വന്നാല്‍ തന്റെ പതിവു കസ്റ്റമേഴ്സ് വരവ് നിര്‍ത്തിയേക്കുമോ എന്ന ചിന്തയായിരുന്നു സിസിലിയെ തളര്‍ത്തിയത്.
എന്തായാലും സിസിലിയുടെ വീടിന്റെ വിവിധ കേന്ദ്രങ്ങളിലായി അന്ന് രാത്രി ഒളിച്ചിരിക്കാനും പ്രേതത്തെ നേരിടാനും ജോണിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തീരുമാനിച്ചു.
അന്ന് വൈകിട്ട് എല്ലാവരും സിസിലിയുടെ വീട്ടില്‍ സംഗമിച്ചു. നാട്ടില്‍ എന്ത് ദുരിതമുണ്ടായാലും പുറത്തിറങ്ങാത്തവര്‍ പോലും പരിപാടി സിസിലിയുടെ വീട്ടിലായതുകൊണ്ട് മുണ്ടും മുറുക്കിയിറങ്ങി. പ്രേതവുമായി ഒരു ആദ്ധ്യാത്മിക സംഘട്ടനം വേണ്ടി വന്നാല്‍ അതിനു തയ്യാറായി വികാരിയച്ചനും ഒരു ചെറുകിട തന്ത്രിയും വരെ സിസിലിയുടെ വീട്ടില്‍ നേരത്തെ സ്ഥാനം പിടിച്ചിരുന്നു.
സിസിലിയുടെ രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക പ്രാധാന്യം അറിയാവുന്നതുകൊണ്ട് ഒരു ലോ ആന്‍ഡ് ഓര്‍ഡര്‍ പ്രശ്നമുണ്ടായാല്‍ നേരിടാന്‍ രണ്ട് പൊലീസുകാരും സന്ധ്യയോടെ എത്തി. സിസിലി കൊടുത്ത മധുരം കൂടിയ പൊടിക്കാപ്പി കുടിച്ചും അതു മതിയാകാത്തവര്‍ നോക്കി നോക്കി സിസിലിയുടെ ചോര കുടിച്ചും 11 മണിയാക്കി.
വിളക്കുകളണച്ച് ഓരോരുത്തരും മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലങ്ങളില്‍ ശബ്ദമുണ്ടാക്കാതെ സ്ഥാനം പിടിച്ചു. നിമിഷങ്ങള്‍ സിസിലിയുടെ നിശ്വാസങ്ങള്‍ പോലെ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു. ഒടുവില്‍ മണി പന്ത്രണ്ടിനോടടുത്തുകൊണ്ടിരിക്കെ ദൂരെ നിന്നും കരിയിലകളുടെ ശബ്ദം കേട്ടു.
സാധാരണ ഒരാള്‍ നടക്കുമ്പോള്‍ കേള്‍ക്കുന്നതിനെക്കാള്‍ ശബ്ദമുണ്ട്. കാത്തിരുന്നവര്‍ ഒറ്റക്കാലന്‍ പ്രേതത്തിന്റെ വരവ് കൃത്യമായി കണ്ടു. വികാരിയച്ചന്‍ കുരിശു വരച്ച് കാത്തിരുന്നു. തന്റെ ഒറ്റക്കാലില്‍ പാടുപെട്ട് ഒരു റബ്ബറിന്റെ വടിയും കുട്ടി ആ രൂപം സിസിലിയുടെ വീടിനു നേര്‍ക്ക് തന്നെയാണ് വരുന്നത്. തൊപ്പിയും കോട്ടും ആളുടെ രൂപം കൂടുതല്‍ ഭീകരമാക്കിയിട്ടുണ്ട്.
സിസിലിയുടെ വീടിന്റെ മുന്നിലെത്തി പ്രേതം അല്‍പനേരം നിന്നു. ചുറ്റും നോക്കി എല്ലാം ഭദ്രമാണെന്ന് ഉറപ്പു വരുത്തിയിട്ട് മെല്ലെ വാതിലില്‍ മുട്ടിയതും വാതില്‍ തുറന്ന് ജോണിയുടെ നേതൃത്വത്തില്‍ ഒരു സംഘം പ്രേതത്തെ വട്ടം പിടിച്ചതും ഒന്നിച്ചായിരുന്നു. പൊടുന്നനെ വിളക്കുകള്‍ തെളിച്ചു കൊണ്ട് പല ഭാഗത്തായി ഒളിച്ചിരുന്ന ആളുകള്‍ പാഞ്ഞടുത്തു.
തൊപ്പിയും കോട്ടുമായി ഒറ്റക്കാലന്‍ പ്രേതത്തെ നാട്ടുകാര്‍ എണീപ്പിച്ചു നിര്‍ത്തി. വികാരിയച്ചന്‍ വളരെ പവര്‍ഫുള്ളായി അവന്റെ മുന്നില്‍ നിന്നു.
അവന്റെ തൊപ്പിയും കുപ്പായവും മാറ്റൂ.. ഞാനാ മുഖമൊന്നു കാണട്ടെ !- അച്ചന്‍ അരുളിച്ചെയ്തു.
തൊപ്പിയും കോട്ടും മാറ്റിയപ്പോള്‍ മുന്നില്‍ തെളിഞ്ഞത് വികാരിയച്ചന്റേതിനെക്കാള്‍ വെളുപ്പുള്ള ഒരു ളോഹയണിഞ്ഞ മെലിഞ്ഞ ഒരു വൈദികനായിരുന്നു. വെളിച്ചത്തേക്കു മാറ്റി നിര്‍ത്തിയപ്പോഴാണ് മുഖം വ്യക്തമായത്. അത് അച്ചനല്ല അച്ചന്റെ കുപ്പായമണിഞ്ഞ കപ്യാര് തോമയാണ്. അറിയപ്പെടുന്ന വികലാംഗന്‍. തോമ നിന്നു വിയര്‍ത്തു.
തോമാച്ചാ… നിനക്കെന്താ ഇവിടെ കാര്യം ? -അച്ചന്‍ ചോദിച്ചു.
ജനം ശ്വാസമടക്കി നിന്നു.
ഞാനെന്റെ വയ്പുകാലന്വേഷിച്ചു വന്നതാ അച്ചോ… കഴിഞ്ഞ ദിവസം ഇവിടെ വച്ച് നഷ്ടപ്പെട്ടാരുന്നു…!
അത് ശരി.. അപ്പോള്‍ നിന്റെ കാലാണല്ലേ തോട്ടിലൂടെ ഒഴുകി വന്നത് പൊലീസുകാര് കൊണ്ടുപോയി മോര്‍ച്ചറീല് വച്ചിരിക്കുന്നത് ?
അയ്യോ.. അത് പൊലീസുകാര് കൊണ്ടുപോയോ ? കാലില്ലാത്തതു കൊണ്ട് വീട്ടീന്നു പുറത്തിറങ്ങാന്‍ പറ്റിയില്ല.. അതുകൊണ്ട് ഒന്നുമറിയുന്നില്ല..!
നാട്ടുകാര്‍ക്ക് ശ്വാസം നേരേ വീണു. അപ്പോള്‍ കാലിന്റെ ദുരൂഹത നീങ്ങി, ഒറ്റക്കാലന്‍ പ്രേതത്തിന്റെയും.
പക്ഷെ.. നിന്റെ കാലെങ്ങനെ ഇവിടെ നഷ്ടപ്പെട്ടു.. അതന്വേഷിച്ച് ഈ പാതിര കഴിഞ്ഞ നേരത്ത് എന്റെ ളോഹയുമിട്ട് നീ വന്നതിന്റെ കാരണം ?
തോമ വിതുമ്പി- എന്നോടു ക്ഷമിക്കണം അച്ചോ… സിസിലി കുറെ നാളായിട്ടൊള്ള എന്റെ പൂതിയാ.. അതിന് കഴിഞ്ഞ ദിവസം രാത്രി വന്നപ്പോള്‍ ഒരു പട്ടി ഓടിച്ചതാ എന്നെ.. അങ്ങനെയാ കാല് പോയത്…അഥവാ ആര്‍ക്കെങ്കിലും ഇവിടെക്കിടന്ന് കാല് കിട്ടിയിട്ടുണ്ടെങ്കില്‍ മാനം പോവണ്ടാന്നും വിചാരിച്ചാ രാത്രിയില്‍ തപ്പാനിറങ്ങീത്..സിസിലിയോടൊന്നു മുട്ടി നോക്കുകേം ചെയ്യാമല്ലോന്ന് വിചാരിച്ചു.
അത് ശരി.. പക്ഷെ അതിനെന്റെ ഉടുപ്പിട്ടിറങ്ങിയതെന്തിനാ ?
തോമാച്ചന്‍ തല ചൊറിഞ്ഞു- അത് പിന്നെ പെണ്ണു കേസല്ലേ അച്ചോ, ആരെങ്കിലും കണ്ടാല്‍ ഓടി രക്ഷപെടുമ്പോള്‍ അച്ചന്റെ ഉടുപ്പാണെങ്കില്‍ ഉപദ്രവിക്കുകേലല്ലോന്ന് വിചാരിച്ചാ !!
കടപ്പാട് : http://berlytharangal.com
No comments:
Post a Comment