കേരളത്തിന്റെ തീരപ്രദേശങ്ങള്‍ സുരക്ഷയുടെ കാര്യത്തില്‍ തന്ത്രപ്രധാനമായ സ്ഥാനമുള്ളവയാണ്. കടലും കായലും എന്നു വേണ്ട റോഡിലെ ഗട്ടറുകളുടെ തീരങ്ങള്‍ വരെ നമ്മുടെ സുരക്ഷയെക്കരുതി നിരീക്ഷിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്. സുരക്ഷ എന്നു പറയുമ്പോള്‍ അത് വിധ്വംസകശക്തികളില്‍ നിന്നും തീവ്രവാദികളില്‍ നിന്നും മാത്രമല്ല, സാസ്കാരിക അധപനത്തില് നിന്നും സദാചാരധ്വംസനത്തില്‍ നിന്നു കൂടിയുള്ള സംരക്ഷണം ആണുദ്ദേശിക്കുന്നത്. ഈ സുരക്ഷ പ്രദാനം ചെയ്യുന്ന കേരളാ പൊലീസ് അധികൃതരുമായി സഹകരിക്കുക എന്നത് നമ്മുടെ പ്രാഥമികമായ കര്‍ത്തവ്യങ്ങളിലൊന്നാണ്. കായല്‍ത്തീരത്തും മറ്റും പുരുഷനും സ്ത്രീയും ഒന്നിച്ചിരിക്കുകയും പരസ്പരം സ്പര്‍ശിക്കുകയും വഴി കായലിലെ മല്‍സ്യങ്ങള്‍ക്കും മറ്റും ലൈംഗികോത്തേജനമുണ്ടാവുകയും ജലജീവികള്‍ അസമയത്ത് ശാരീരികബന്ധത്തിലേര്‍പ്പെടുക വഴി പ്രജനനപ്രക്രിയ തകിടം മറിയുകയും തദ്വാരാ മല്‍സ്യസമ്പത്ത് നശിക്കുകയും ഇത് കാലക്രമേണ മല്സ്യബന്ധനമേഖലയെയും മല്‍സ്യങ്ങളുടെ കയറ്റുമതിയെയും പ്രതികൂലമായി ബാധിക്കുകയും അത് നമ്മുടെ ദേശീയവരുമാനം കുറയ്ക്കുകയും ചെയ്യും.
അതുകൊണ്ട് കായല്‍ത്തീരത്ത് കാറ്റുകൊള്ളാന്‍ പോകുന്നവര്‍ കായലിലെ ജൈവസമ്പത്തിന്റെ സാസ്കാരികമൂല്യവും അവ സംരക്ഷിക്കുന്ന കേരള പൊലീസ് അധികാരികളുടെ ഇതികര്ത്തവ്യവ്യഥാബോധവും മാനിക്കുകയും രാജ്യത്തെ നിയമസംവിധാനത്തിനു വിധേയരാവുകയും ചെയ്യേണ്ടതാണ്. കായല്‍ക്കരയില്‍ പുരുഷനും സ്ത്രീയും ഒരുമിച്ചു പോകരുതെന്നോ അടുത്തടുത്തിരിക്കരുതെന്നോ ഇവിടെ ആരും പറഞ്ഞിട്ടില്ല. എന്നാല്‍, എല്ലാത്തിനും അതിന്റേതായ നിയമവശങ്ങളും മര്യാദകളുമുണ്ടെന്ന് ഓര്‍ക്കണം. കായലിലെ ജൈവവ്യവസ്ഥയെയും ആവാസവ്യവസ്ഥയെയും അസ്ഥിരപ്പെടുത്തുകയോ അസ്വസ്ഥമാക്കുകയോ ചെയ്യുന്ന തരത്തില്‍ ആരും കായല്‍ക്കരയില്‍ ഇരിക്കരുത്. അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കായല്‍ക്കരയിലും ചുറ്റുപാടുകളിലും താമസിക്കുന്ന പൊതുജനങ്ങള്‍ക്കും മറ്റുമുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ കൂടി പരിഗണിക്കുമ്പോള്‍ കായല്‍ക്കരയില്‍ കാറ്റുകൊള്ളുന്ന ആണും പെണ്ണും വളരെ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പ്രക്രിയയുടെ ഭാഗമാവുകയാണ് എന്നത് അവഗണിക്കാവുന്നതല്ല.
കായല്‍ക്കരയില്‍ കാറ്റുകൊള്ളുക വഴി പൊതുജനത്തിനു ശല്യമുണ്ടാക്കുകയും കായലിന്റെ ജൈവസമ്പത്തിനെ അലോസരപ്പെടുത്തുകയും ചെയ്ത രണ്ടു പേര്‍ക്കെതിരേ പൊലീസ് കേസെടുക്കുകയും കേസ് കോടതിയിലെത്തുകയും ചെയ്ത സാഹചര്യത്തില്‍ പൊതുസമൂഹം പൊലീസിനെതിരേ വില്‍ ചൂണ്ടുന്ന പശ്ചാത്തലത്തിലാണ് കായല്‍ക്കരയില്‍ കാറ്റുകൊള്ളുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു ചെറുകുറിപ്പ് ആവാമെന്നു കരുതിയത്. കാറ്റ് കരയല്‍ നിന്നു കായലിലേക്കു വീശിയാലും വൈസ് വേഴ്സ വീശിയാലും കേട് കരയ്ക്കിരിക്കുന്ന കപിള്സിനാണ്. ആയതിനാല്‍ ഇനിയെങ്കിലും കായല്‍ക്കരയില്‍ കാറ്റുകൊള്ളാന്‍ പോകുന്ന പുരുഷ-സ്ത്രീ കൂട്ടുകെട്ട് ഇനി പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം എന്ന് അഭ്യര്‍ഥിക്കുകയാണ്.
1. വിവാഹിതരായ പുരുഷനും സ്ത്രീയും മാത്രമേ കായല്‍ക്കരയില്‍ കാറ്റുകൊള്ളാന്‍ പാടുള്ളൂ. അവിവാഹിതരായ പുരുഷനും സ്ത്രീയും ഒന്നിച്ചു കാറ്റുകൊളളാന്‍ പോകുന്നത് കായലിലെ ജലജീവികള്‍ക്കും ഭാര്യയെ ഭയന്നു ജീവിക്കുന്ന പൊലീസുകാര്‍ക്കും അറപ്പും വെറുപ്പും ഉളവാക്കുന്ന കാഴ്ചയാകയാല്‍ ശിക്ഷാര്‍ഹമാണ്.
2. വിവാഹിതരാണ് എന്നതുകൊണ്ടു മാത്രം കായല്‍ക്കരയില്‍ പോയി കാറ്റുകൊണ്ടിരിക്കാം എന്നില്ല. ആവശ്യത്തിനു വിനയം, മര്യാദ, പൊലീസുകാരോട് ബഹുമാനം തുടങ്ങിയ ഗുണങ്ങള്‍ കൂടിയുണ്ടെങ്കിലേ കായല്‍ക്കരയിലെ കാറ്റ് ആസ്വാദ്യകരമാവുകയുള്ളൂ.
2. കാറ്റുകൊള്ളാന്‍ വരുന്ന വിവാഹിതര്‍ നിര്‍ബന്ധമായും വിവാഹത്തിന്റെ ചിഹ്നങ്ങളും അടയാളങ്ങളും ധരിച്ചിരിക്കണം. പുരുഷന്മാര് കയ്യില്‍ മോതിരവും സ്ത്രീകള്‍ നല്ല വലിപ്പമുള്ള താലി ധരിച്ച് താലി മാല എല്ലാവര്ക്കും കാണാവുന്നതുപോലെ പ്രദര്‍ശിപ്പിക്കുകയും വേണം. നെറ്റിയില്‍ നല്ല വലിപ്പമുള്ള സിന്ദൂരക്കുറിയും ചാര്‍ത്തിയിരിക്കണം. പൊലീസുകാരോ മറ്റോ സംശയത്തോടെ നിരീക്ഷിക്കുന്നതു കണ്ടാല്‍ സ്ത്രീ മെല്ലെ മാലയുയര്‍ത്തി താലി പ്രദര്‍ശിപ്പിക്കേണ്ടതാണ്. ഇവയൊന്നും ധരിക്കാത്ത പുരുഷനും സ്ത്രീയും സമൂഹത്തെ സംബന്ധിച്ച് അറപ്പും വെറുപ്പും ഉളവാക്കുമെന്നതിനാല്‍ സാമൂഹികവിരുദ്ധമായി കണക്കാക്കുന്നതാണ്.
3. സിന്ദൂരക്കുറിയും താലിയുമൊക്കെ വ്യാജമായി സൃഷ്ടിക്കാമെന്നതിനാല്‍ കയ്യില്‍ വിവാഹദിവസമെടുത്ത ഗ്രൂപ്പ് ഫോട്ടോയുടെ ഏതാനും കോപ്പികളും വിവാഹ സര്‍ട്ടിഫിക്കറ്റും സ്വന്തം വീട് നിലനില്‍ക്കുന്ന പൊലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ നിന്നും സാക്ഷ്യപത്രവും കയ്യില്‍ സൂക്ഷിക്കേണ്ടതാണ്.
4. വിവാഹിതരാണ് എന്നു കരുതി ദമ്പതികള്‍ക്ക് കായല്‍ക്കരയിലിരുന്ന് എന്തും ചെയ്യാം എന്നു വിചാരിക്കരുത്. ഇരുവരും സഹോദരിസഹോദരന്മാരെപ്പോലെ വേണം പെരുമാറാന്‍. എപ്പോഴും ഇരുവര്‍ക്കുമിടയില്‍ രണ്ടടിയില്‍ കുറയാത്ത അകലം ഉണ്ടായിരിക്കണം. ഭാര്യയോ ഭര്‍ത്താവോ കായലില്‍ വീഴുന്ന ഒരു സാഹചര്യത്തിലല്ലാതെ ഇരുവരും പരസ്പരം സ്പര്‍ശിക്കാന്‍ പാടുള്ളതല്ല. മടിയില്‍ കിടക്കുകയോ മുടിയില്‍ തലോടുകയോ ഒക്കെ ചെയ്യുന്നത് അറപ്പും വെറുപ്പും ഉളവാക്കുമെന്നതിനാല്‍ സമൂഹത്തോടും ഡ്യൂട്ടിയിലുള്ള പൊലീസുകാരോടും ചെയ്യുന്ന ദ്രോഹമായിരിക്കും.
5. സാമൂഹികസുരക്ഷ ലക്ഷ്യമാക്കി പരസ്പരം അടുത്തിടപെഴുകുന്ന കപിള്‍സിനെ പൊലീസ് അറസ്റ്റ് ചെയ്താല്‍ അവര്‍ പൊലീസുകാരുമായി സഹകരിക്കുകയും അവര്‍ ആവശ്യപ്പെടുന്ന തരത്തില്‍ കുറ്റസമ്മതം നടത്തുകയോ സത്യവാങ്മൂലം എഴുതി നല്‍കുകയോ ഒക്കെ ചെയ്യേണ്ടതാണ്. അങ്ങനെ ചെയ്യാതിരിക്കുന്നത് പൊലീസ് ഡിപ്പാര്‍ട്ട്മെന്റിനെ സംബന്ധിച്ച് അറപ്പും വെറുപ്പും ഉളവാക്കുന്നതാകയാല്‍ ഏതെങ്കിലും വക്കീലിനെക്കൊണ്ട് കള്ളസത്യവാങ്മൂലം ഉണ്ടാക്കി കോടതിയില്‍ സമര്‍പ്പിച്ച് കാര്യങ്ങള്‍ക്ക് തീരുമാനമുണ്ടാക്കുന്നതാണ്.
കടപ്പാട് : http://berlytharangal.com
The Jumba Casino Resort in Norristown CT | Mashantucket, CT
ReplyDeleteA world-class casino with 1,200 slot machines, our 여수 출장샵 hotel has you 광명 출장마사지 covered. 남원 출장마사지 We offer a variety of 제주도 출장샵 gaming, 오산 출장안마 entertainment, dining and