Friday, 8 March 2013

ഈ പുഴയും കടന്ന്‌ ....

 


ഈ പുഴയും കടന്ന്‌

കുറുമ്പ്രനാടിന്റെ രമ്യമായ ഗ്രാമഭൂമിയിലൂടെ, കോരപ്പുഴയുടെ മാറിലൂടെ ഒരു തോണിയാത്ര




കുറുമ്പ്രനാടിന്റെ ജീവനാഡിയായ കോരപ്പുഴയുടെ കൈവഴികളിലൂടെ ഒരു തോണിയാത്ര ഹൃദ്യമായിരിക്കുമെന്ന് അനുഭവസ്ഥര്‍ പറഞ്ഞു കൊതിപ്പിച്ചിട്ടുണ്ട്. ചന്തപണ്ടങ്ങളും ചൂടിയും നാളികേരവും കൊണ്ട് അങ്ങ് പന്തലായനിയില്‍ നിന്നും കുറ്റിയാടിയില്‍ നിന്നും പടിഞ്ഞാറേയ്ക്ക്, കനോലി കനാല്‍ കടന്ന് ബേപ്പൂരിലേക്ക്, തുഴഞ്ഞുപോയിരുന്ന പഴമക്കാരുടെ കഥകള്‍. അകലാപ്പുഴയും പൂനൂര്‍പ്പുഴയും ചേരുന്ന നിത്യ ജലസമൃദ്ധമായ കോരപ്പുഴ. ഇനിയും കളങ്കപ്പെടാത്ത ഗ്രാമ്യനിര്‍മ്മലതകളുടെ പച്ചപ്പുകള്‍ തീരങ്ങളില്‍ സൂക്ഷിക്കുന്ന പ്രവാഹം. കാവുകളും കടവുകളും അരമണിയണിഞ്ഞ പുഴ.

പഴയ കുറുമ്പ്രനാടിന്റെ തെക്കേ അതിര്‍ത്തിയായിരുന്നു കോരപ്പുഴ, വടക്കെ മലബാറിന്റെയും. വടക്കുള്ള സ്ത്രീകള്‍ക്ക് കോരപ്പുഴ കടന്നാല്‍ പണ്ട് ഭ്രഷ്ടു കല്‍പ്പിച്ചിരുന്നു. കാലാന്തരത്തില്‍ കഥകള്‍ കണ്ടും കേട്ടും കാലപ്രവാഹമായി പുഴ ഒഴുകുന്നു. കിഴക്ക് അരിക്കാന്‍ കുന്നില്‍ നിന്നും ഇറങ്ങി വരുന്ന പൂനൂര്‍പ്പുഴ. അങ്ങ് വടക്ക് ആലസ്യം പൂണ്ടുറങ്ങുന്ന അകലാപ്പുഴ. കോരപ്പുഴയുടെ ജലനിബിഢതകള്‍. പൂനൂര്‍പ്പുഴ മഴയില്‍ ഇളക്കക്കാരിയാണ്. കൊടുവള്ളിയിലേയും മടവൂരിലേയും തീരങ്ങളെ അവള്‍ ഭീഷണിപ്പെടുത്തും. അകലാപ്പുഴ സത്യത്തില്‍ ഒരു തടാകം പോലെയാണ്. ശാന്ത വിശാലമായ ജലാശയം. അയല്‍ക്കാരിയായ കുറ്റിയാടിപുഴയുമായി കോരപ്പുഴക്ക് ചാര്‍ച്ചയുണ്ട്. പയ്യോളിയിലെ തുറയൂരിലെ തോട് ഇരു നദികളേയും ബന്ധിപ്പിക്കുന്നു. കുറ്റിയാടി മുതല്‍ ബേപ്പൂര്‍ വരെ ജലഗതാഗതം മുമ്പ് സുഗമമായിരുന്നു.




പുഴ കടലിനോടു ചേരുന്ന എലത്തൂരില്‍ നിന്ന് അകലാപ്പുഴ ഭാഗത്തേക്കാണ് ബോട്ടിങ്ങെന്ന് ഉത്സാഹിയായ മോഹനന്‍ മാഷ് പറഞ്ഞിരുന്നു. വിദേശികളടക്കം നിരവധി പേര്‍ മാഷുടെ തോണിയില്‍ കോരപ്പുഴ കണ്ടിട്ടുണ്ട്. 'മലബാര്‍ അക്വാ ടൂര്‍സ്' നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഒരു പുരത്തോണിയാണ്. 22 പേര്‍ക്ക് സുഖമായി പോകാം. കോഴിക്കോട് കണ്ണൂര്‍ ദേശീയപാതയില്‍ എലത്തൂര്‍ പാലത്തിനു കീഴെ ഒഴുകി കോരപ്പുഴ കടലില്‍ച്ചേരുന്നു. അഴിമുഖത്തിനും പാലത്തിനും ഇടയിലുള്ള ജെട്ടിയാണ് യാത്രയുടെ സ്റ്റാര്‍ട്ടിങ്ങ് പോയന്റ്.

കാവില്‍ കോട്ട ക്ഷേത്രവും, വെള്ളിക്കടവും തിരിഞ്ഞ് തോണി താളത്തില്‍ നദിയുടെ മുകളിലേക്കേറി. മുരുവിന്റെ (ഓയിസ്റ്റര്‍) കേന്ദ്രമാണ് ഈ സ്ഥലം. കോരപ്പുഴയിലെ മുരു ഇറച്ചി പഞ്ചനക്ഷത്ര ഹോട്ടലുകളിലെ മെനു കാര്‍ഡില്‍ വരെ സ്ഥലം പിടിച്ചിട്ടുണ്ട്. ചെളിയില്ലാത്ത ഉപ്പുവെള്ളമുള്ള സ്ഥലത്ത് പാറക്കെട്ടിന്റെ അടിഭാഗങ്ങളില്‍ പറ്റിപ്പിടിച്ചാണ് ഈ ജീവി വളരുക. 






തോണി മേയനക്കടവ് താണ്ടി. തീരത്ത് പുളിക്കല്‍ ഭഗവതി ക്ഷേത്രം. പുഴയുടെ ഇരുവശത്തും തെങ്ങും ശീമക്കൊന്നയും പുതച്ച തീരങ്ങളും തുരുത്തുകളും. നദിയില്‍ നാട്ടിയ മരക്കുറ്റികളില്‍ നീര്‍പ്പക്ഷികളും ദേശാടനപക്ഷികളും കസേരകളി കളിക്കുന്നു. അങ്ങനെയങ്ങ് പോകവെ പുഴയുടെ തിരിവില്‍ ഒരു പാറക്കെട്ട്. ആനപ്പാറ. പുഴയില്‍ ഇറങ്ങിയ ഒരാന പാറയായി മാറിയതാണത്രെ!

പുഴവഴികള്‍ പല തുരുത്തുകളുടെ ഇടയിലൂടെയെത്തിച്ചേരുന്ന ഒരു വിശലാജലപ്രതലത്തില്‍ തോണി വന്നു. ഇടതു ഭാഗത്തു കാണുന്ന കുന്ന് പുത്തഞ്ചേരി കുന്നാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗ്രാമം. ഈ പുഴയും കടന്നാണ് ഗീരീഷ് ആസ്വാദകരുടെ മനസ്സില്‍ കവിതയുടെ അനുപമ പദനിസ്വനം കേള്‍പ്പിച്ചെത്തിയത്. രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തുന്ന പുത്തഞ്ചേരിയുടെ തീരങ്ങള്‍. തോണി കുറച്ചു നേരം പുഴയില്‍ തങ്ങി. കാറ്റു പിടിക്കുന്ന സ്ഥലമാണിത്. പുഴയെ തൊട്ടു തെന്നുന്ന തണുത്ത കാറ്റിന്റെ നിലക്കാത്ത അലകള്‍.

പുഴ വിശാലമായി തുടങ്ങി. മുന്നില്‍ കുനിയില്‍ കടവ്. ഇവിടെ നദിയുടെ മാറില്‍ നിന്ന് താമരശ്ശേരി ചുരം പേറുന്ന മല കാണാം. മലബാറിലെ ഏറ്റവും വലിയ പാലമായ കുനിയില്‍കടവ് പാലത്തിന് ജനനായകനായ സി എച്ച് മുഹമ്മദ് കോയയുടെ പേരാണ്. ഈ കരയിലാണ് കേരള രാഷ്ട്രീയത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച സി എച്ച് ജനിച്ചത്. കിഴക്കന്‍ ഉയരങ്ങളില്‍ നിന്ന് ചരിത്ര തീരമായ കാപ്പാടിലേക്കുള്ള വഴി. പാലം അത്തോളിയേയും കാപ്പാടിന്റെ കവാടമായ തിരുവങ്ങൂരിനേയും ബന്ധിപ്പിക്കുന്നു.



വേളൂര്‍ കടവിലേക്കു പോകുന്ന നദീപാതക്കിരുവശവും ഇരുമീന്‍ കെട്ടുകളും ചെമ്മീന്‍ കെട്ടുകളും കാണാം. തോണിയില്‍ വലയെറിയുന്നവരും ഈര്‍ക്കില്‍കൊണ്ട് മീന്‍ പിടിക്കുന്നവരും. കടവില്‍ അക്കരക്കുള്ള കടത്തു കാത്തു നില്‍ക്കുന്നവര്‍. കുതിച്ചോടുന്ന സമയത്തിന് ഈ കടവുകള്‍ കടിഞ്ഞാണിടുന്നു. തോരായി കടവില്‍ മുന്നോട്ടിനി പോകാനില്ല എന്നാശ്വാസവുമായി നില്‍ക്കുന്ന ഒരു പെട്ടി ബസ്സിന്റെ മുഖം. കടവിലെ വീട്ടില്‍ വിരുന്നെത്തിയ കുട്ടികള്‍ കൈവീശി കാണിക്കുന്നു.

തോണി ഒഴുക്കിനു കുറുകെ നീന്തി ഉള്ളൂര്‍ കടവ് കടന്നു. സന്ധ്യകളില്‍ ഇടക്കിവിടെ മേളപ്പദം ഉയരും. കടവിനു പടിഞ്ഞാറാണ് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ തട്ടകമായ ചേലിയ കഥകളി വിദ്യാലയം. തോണി വീണ്ടും കാറ്റിനൊപ്പം മുന്നോട്ട്. നേരം ഉച്ചകഴിഞ്ഞു. അണേലക്കടവിന് സമീപം ഒരു തുരുത്തില്‍ തോണി അടുപ്പിച്ചു. തെങ്ങും തോടുകളും നിറഞ്ഞ് ജലസാമീപ്യത്താല്‍ തുളുമ്പി നില്‍ക്കുന്ന പുല്ലു വിരിച്ച കരയില്‍ സമൃദ്ധമായ ഉച്ച ഭക്ഷണം. അപ്പുറത്ത് കാണുന്നതാണ് ഉള്ള്യേരിക്കും കൊയിലാണ്ടിക്കും ഇടയിലുള്ള അണേലക്കടവ് പാലം. പാലത്തിനപ്പുറം നദി കൂടുതല്‍ സുന്ദരിയാണ്, മുത്താമ്പിയും നെല്ല്യാടിയും കഴിഞ്ഞാല്‍ അപ്പുറത്ത് തടാകം പോലെ വിശാല നീലിമയാര്‍ന്ന അകലാപ്പുഴ. പന്തലായിനിയുടെ കഥാകാരന്‍ യു.എ.ഖാദറിന് വളക്കൂറു തീര്‍ത്ത മണ്ണ്. പോയി വരാന്‍ പക്ഷെ ഒരു പകല്‍ പോര. ഇനി തിരിച്ച് അഴിമുഖത്തേക്കുള്ള മടക്കം. സുര്യാസ്തമനത്തിനു മുമ്പ് കാപ്പാട് കടല്‍തീരത്തുള്ള തൂവ്വപ്പാറയിലെത്തണം.
text: R L Harilal, photos: P Jayesh 

No comments:

Post a Comment