Monday, 11 March 2013

ദേശാടന പറവ

ഒരു നല്ല മഞ്ഞ പ്രഭ വാരി വിതറിക്കൊ-
ണ്ടൊരു മഞ്ഞ ലോഹ സ്വരൂപ വാനുമായി
വരുമവന്‍, വരുമവന്‍, സര്‍വ്വരുടെ മുന്നിലും
ഒരു നല്ല കലിയുഗ വീരനാം കൊച്ചുകള്ളന്‍.
സഞ്ചാര സ്വാതന്ത്ര്യം തന്‍ ധീരതയോടെയും
മാര്‍ജ്ജാര രൂപത്തില്‍ പാത്തും പതുങ്ങിയും
വരുമവന്‍, വരുമവന്‍, സര്‍വ്വ ലോകരുടെ മുന്നിലും
ഒരു നല്ല കലിയുഗ വരദനാം വിശ്വരൂപന്‍.

നാരിതന്‍ മേനിയെ പുല്‍കിടും ധീരതയോടെയും
നാരിയെ ത്തന്നെ കള്ളിയുമതായി മാറ്റിടും നിര്‍ദ്ദയം
വരുമവന്‍, വരുമവന്‍, ഭൂലോകരുടെ മുന്നിലും
ഒരു നല്ല കലിയുഗ സുന്ദര വിലാസ വിലോചനന്‍.
മര്‍ത്ത്യരെ തമ്മില്‍ അടിപ്പിക്കും ഒരങ്കഗത്തിങ്കല്‍
മര്‍ത്ത്യന്‍റെ ജീവിതം നരകവുമതാക്കിടും
വരുമവന്‍, വരുമവന്‍,ഏവരുടെ മുന്നിലും
ഒരു നല്ല കലിയുഗ രൂപനാം ആസുര സന്തതി.

വര്‍ണ്ണ പ്പകിട്ടാര്‍ന്നതാണാ രൂപ മവന്‍റെത്
സ്വര്‍ണ്ണ മെന്നാണവനുടെ നാമധേയവും
വരുമവന്‍, വരുമവന്‍, സര്‍വ്വ ഭൂലോകരുടെ മുന്നിലും
ഒരു നല്ല കലിയുഗ വിശ്വ വിരാജിത ലോലുപന്‍
ദേശായ ദേശങ്ങളൊക്കെ ചുറ്റി നടന്നിടും
വിദേശിയായ്‌ വന്നു സ്വദേശിയായ്‌ മാറിടും
വരുമവന്‍ ഒരു നാളില്‍ ഈ നമ്മുടെ പക്കലും
ഒരു നല്ല കലിയുഗ ദേശാടന പറവ കണക്കേ...
 
--------------------
By: 
 
(അനാമികാ ആരെങ്കര)
പീ. ഗോപിനാഥ മേനോന്‍,
വയ്ഷ്ണവം ,
ഭാവനാ ജങ്ങ്ഷന്‍, പാറമ്മേല്‍ റോഡ്‌,
അഴിഞ്ഞിലം പീ.ഓ.,മലപ്പുറം , കേരള
പിന്‍ : 673632.

No comments:

Post a Comment