ബസ്സിൽ നാം എല്ലാവരും കയറാറുണ്ടെങ്കിലും അവിടെ അപ്ലൈ ചെയ്യാവുന്ന നിരവധി ടെക്നിക്കുകളൂം നിർദേശങ്ങളുമാണ് ഈ പോസ്റ്റിന്റെ ഉള്ളടക്കം... നിരവധി വർഷത്തെ ഗവേഷണ വിഷയമാണ് ഇവിടെ പറയാൻ പോകുന്നത്.. ഇത് എഴുതാനുള്ള യോഗ്യത എന്താണെന്നു ചോദിച്ചാലൊന്നും എനിക്ക് ഉത്തരമില്ല. ഏതാണ്ട് പത്തു പതിനഞ്ചു കൊല്ലം സ്ഥിരമായി ബസ്സിൽ യാത്ര ചെയ്യുന്നു എന്നുള്ളത് നേരാ.. ഈ ടെക്നിക്കുകൾ പലരും ബസ്സുകളി പരീക്ഷിക്കറുണ്ടെങ്കിലും ഇവ എല്ലാം കൂടി അറിഞ്ഞിരിക്കുക എന്നത് ഏതൊരു യാത്രക്കാരന്റെയും ആവശ്യമാണ് എന്നതിൽ ഒരു സംശയമില്ല.
1. നമ്മൾ ബസ്സിൽ കയറി കാശ് കൊടുത്തുകഴിഞ്ഞാൽ പിന്നെ ഇറങ്ങാനുള്ള സ്റ്റോപ്പ് എത്തുന്നതു വരെ ബസ്സിന്റെ ഉടമസ്ഥാവകാശം നമ്മുക്കു കൂടി അവകാശപ്പെട്ടതാണ് എന്ന് നാം ആദ്യം തന്നെ മനസിലാക്കേണ്ടതാണ്.
2. ബസ്സിൽ കയറിയാൽ ആദ്യം സീറ്റ് ഉണ്ടോ എന്നു നോക്കുക.. ഉണ്ടെങ്കിൽ ഇരിക്കാം.. അല്ലാത്ത പക്ഷം ഡോറിന്റെ അവിടെ തന്നെ വിലങ്ങുതടിയായി നിൽക്കാൻ ശ്രദ്ധിക്കണം.. കാരണം ആളുകൾ കൂടിയാൽ നമുക്ക് സീറ്റ് കിട്ടാനുള്ള സാധ്യത കുറയും. നമ്മൾ കയറിക്കയിഞ്ഞാൽ പിന്നീട് ബസ്സ് ഫുൾ ആയതായി കരുതി , ഇനി അടുത്ത സ്റ്റോപ്പിൽ നിന്നു ആരെയും കയറാൻ സമ്മദിക്കരുത്. അവർ പിറകിലുള്ള ബസ്സിൽ വന്നാൽ മതി..
3. കണ്ടക്റ്റർ സെന്റെറിലേക്ക് കയറി നിൽക്കാൻ പറഞ്ഞാൽ “ ഞാൻ ഗോളി നിന്നോളാം “എന്ന് പഴയ തമാശ പറയുകയും ആവാം. കൂടെ “ഇനി ഏതു അടുപ്പിലേക്കാണ് ആളെ കേറ്റുന്നത്...?” “ഇത്രയൊക്കെ മതി നിന്റെ ലാഭം ....“., “ബസ്സ് ഫുള്ള് ആയിട്ടുണ്ട് കോപ്പേ....“എന്നിങ്ങനെയും ബ്സ്സ് ജീവനക്കാരെ അഭിസംബോധന ചെയ്യാവുന്നതാണ്.
4.ബസ്സിൽ കാശു കൊടുക്കണം എന്ന് നിർബന്ധമൊന്നുമില്ല .കാരണം, നമ്മൾ കയറിയില്ലെങ്കിലും ബസ്സ് ആ റൂട്ടിലൂടെ തന്നെയല്ലേ പോകുന്നത്...? അങ്ങനെ വരുമ്പോ കാശ് കൊടുക്കൽ ഒരിക്കലും നിബന്ധമാകുന്നില്ല. അതു കൊണ്ട് കണ്ടകറ്റർ ചോദിച്ചാൽ മാത്രം പണം നൽകുക.. സ്കുളുകൾ നാടകത്തിൽ അഭിനയിച്ചു പരിചയമുള്ളവർക്ക് ഉറങ്ങിയതായും അഭിനയിക്കാവുന്നതാണ്
5. പണം നൽകുമ്പോൾ 500 അല്ലെങ്കിൽ 1000 ത്തിന്റെ നോട്ട് ആയി കൊടുക്കാൻ ശ്രദ്ധിക്കുക. കാരണം വലിയ നോട്ടു കൊടുത്താൽ മറ്റു യാത്രക്കരുടെ ഇടയിൽ ഒരു മതിപ്പ് ഉണ്ടാകും. മാത്രവുമല്ല പകരം ചില്ലറ തരാനില്ലെങ്കിൽ കണ്ടക്റ്റർ കാശ് തിരിച്ചു തന്ന് “പിന്നെ തന്നാൽ മതി” എന്നു പറയാനും സാധ്യതയുണ്ട്.
6. നമുക്ക് ചില്ലറ നൽകൽ കണ്ടകറ്ററുടെ ഉത്തരവാദിത്തമാണ് , ആയതിനാൽ ചില്ലറയുണ്ടൊ എന്ന് കണ്ടക്റ്റർ ചോദിച്ചാൽ പോക്കറ്റിൽ ചുമ്മാതൊന്നു തപ്പി നോക്കി ചില്ലറയില്ല എന്നു പറയണം. അഥവാ നമ്മുടെ കീശയിലെ ചില്ലറ കണ്ടക്റ്റ്ര് കണ്ടാൽ “അതു വേറെ ആവശ്യത്തിനുള്ളതാണ്...“. “തരാൻ സൌകര്യമില്ല“... “ചില്ലറ തരാനില്ലെങ്കിൽ പിന്നെ താനെന്തിനാണ് ഈ പണിക്കു നിക്കുന്നത്..?” എന്നൊക്കെ പറഞ്ഞു വിരട്ടാവുന്നതാണ്.
7. വീട്ടിൽ കീറിയനോട്ടുകൾ ഉണ്ടെങ്കിൽ കയ്യിൽ കരുതുക.. ചില്ലറ ചോദിക്കുമ്പോൾ അതെടുത്ത് കൊടുക്കാവുന്നതാണ്. കീറിയ നോട്ടുകൾ ചിലവാക്കാൻ പറ്റിയ ഏക സ്ഥലം ബസ്സ് തന്നെയാണ്.
8.ബസ്സിൽ കയറുമ്പോൾ ഒരു കർച്ചീഫ് കയ്യിൽ കരുതുന്നത് നല്ലതാണ്. നമ്മൾ പിറകിലാണു നിൽക്കുന്നതെങ്കിലും , പെട്ടന്നു എവിടെയെങ്കിലും സീറ്റ് ഫ്രീ ആയാൽ കയ്യിലുള്ള കർച്ചീഫ് ചുരുട്ടി ആ സീറ്റിലേക്ക് എറിഞ്ഞാൽ മതി. അപ്പോൾ മുതൽ ആ സീറ്റിന്റെ അവകാശി നമ്മളാണ്.ചിലപ്പോൾ
“ഒരു ഡബിൾ മുണ്ടെടുത്ത് ബസ്സിന്റെ മുകളീലിട്ടാ ബസ്സ് നിന്റെതാകുമോ “എന്ന് സീറ്റ് കിട്ടാത്ത ആരെങ്കിലും ചോദിക്കാൻ സാധ്യതയുണ്ട്. അവനെ തെറി വിളിച്ചു പിരിച്ചു വിടാവുന്നതാണ്.
8. ലേഡീസ് സീറ്റ് ഒഴിവുണ്ടെങ്കിൽ അവിടെ തന്നെ ഇരിക്കണം. സുന്ദരികളായ കുട്ടികൾ വരുമ്പോൾ മാത്രം എഴുന്നേറ്റു കൊടുത്താൽ മതി, അവർക്ക് നമ്മളെ കുറിച്ചുള്ള മതിപ്പു കൂടും, മാത്രവുമല്ല അവർ ചിലപ്പോൾ ഫോൺ നമ്പർ ചോദിക്കനും സാധ്യതയുണ്ട്.
9. കണ്ടകറ്ററും കിളിയുമായി കച്ചറയുണ്ടാക്കുക എന്നത് ഒരു ഹോബിയാക്കി മാറ്റാവുന്നതാണ്. ട്രിപ്പു മുടങ്ങുമെന്നു കരുതി അവറ്റകൾ അതികം പ്രതികരിക്കില്ല. ഇനി നമ്മുടെ പിടിയിൽ ഒതുങ്ങില്ല എന്നു മനസിലായാൽ “ നീയൊക്കെ ഞങ്ങളുടെ നാട്ടിലൂടെ അല്ലേ പോകുക... നിന്നെ അവിടെ നിന്നെടുത്തോളാം ....“. എന്നു പറഞ്ഞാൽ മതി... അവർ പേടിച്ചു ചൂളീപ്പോകും.
10. വിദ്യാർഥികളെ സംബന്ധിച്ചെടുത്തോളം കൺസക്സൻ ഔധാര്യമല്ല അവകാശമാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ., അതുകൊണ്ടു തന്നെ കൺസക്ഷൻ ചാർജ് മാത്രമേ നൽകാവൂ.. ചില്ലറയില്ലെങ്കിൽ ചില്ലറയാക്കി കയറുക.(ഒരുപക്ഷെ അവമ്മാർ ബാക്കി തരാതിരിക്കാൻ സാധ്യതയുണ്ട്) 15 രൂപ ബസ് ചാർജ് ഉള്ളേടത്തേക്ക് 2 രൂപ മാത്രമാണല്ലോ വിദ്യാർതികൾ നൽകേണ്ടത്. അങ്ങിനെ വരുമ്പോൾ ബാക്കി 13 രൂപ നമ്മുടെ ലാഭമായി കണക്കാക്കി അതു ഉപയോഗിച്ചു ഫോൺ റീചാർജ് ചെയ്ത് ബസ്സിൽ ഇരുന്നു കൊണ്ട് ഗേൾ ഫ്രണ്ട്സിനെ വിളിക്കാവുന്നതാണ്. കണ്ടക്റ്ററുടെ മുന്നിൽ ആളാവാൻ നല്ല മാർഗ്ഗമാണിത്.
11. കൺസക്ഷൻ കാർഡ് ഉണ്ടാക്കുമ്പോൾ കോളേജ്,സുകൂൾ പ്രിൻസിപ്പൽമാരെ പറ്റിച്ചു രണ്ടോ മൂന്നോ എണ്ണം തരപ്പെടുത്തണം. അവ സ്ഥിരമായി പോകാറുള്ള തീയ്യേറ്റർ, പാർക്ക് എന്നിവ ഉള്ള സ്ഥലത്തേക്കാണ് ഉപയോഗിക്കേണ്ടത്.
12. സ്ത്രീയാത്രക്കർ എപ്പോഴും സ്ത്രീകളുടെ സീറ്റ് ഒഴിവാക്കി കോമൺ സീറ്റിൽ ഇരിക്കുക. ഇത് സ്ത്രീ സീറ്റുകളുടെ റിസർവേഷൻ സീറ്റിന്റെ എണ്ണം തൽക്കാലത്തേക്ക് കൂടിക്കിട്ടാൻ സഹായിക്കും.
13.കുഞ്ഞുങ്ങളെ ഏടുത്ത് കൊണ്ട് ഏതെങ്കിലും സ്ത്രീകൾ വന്നാൽ “ നമ്മളൂം കൊറേ പെറ്റതാ..“ “ഇതൊക്കെ സാധാരണയാ..“ എന്നമട്ടിൽ ശ്രദ്ധിക്കാതെ ഇരിക്കുക.. വേണമെങ്കിൽ ഒരു ഔദാര്യം എന്ന നിലയി കൊച്ചിനെ മടിയിൽ വെക്കണോ എന്ന് ചോദിക്കാം( കുഞ്ഞ് മടിയിൽ മൂത്രം ഒഴിക്കില്ല എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം)
14. ബസ്സിൽ പാട്ട് വെച്ചിട്ടുണ്ടെങ്കിൽ നിങ്ങളും മൊബൈലിൽ ഉച്ചത്തിൽ പാട്ടുവെക്കുക.. ബസ്സിൽ പാട്ട് വെച്ചിട്ടില്ലെങ്കിൽ ഹെഡ്ഫോൺ വെച്ച് പാട്ട് കേട്ടാൽ മതിയാകുന്നതാണ്.
15. യാദ്യശ്ചികമായി നിങ്ങളുടെ പരിചയക്കരെ കണ്ടാൽ മൈന്റ് ചെയ്യാതിരിക്കുക. ഒരു പക്ഷെ അവരുടെ കാശ് നിങ്ങൾ കൊടുക്കേണ്ടി വരും.. നിങ്ങളുട് കാശ് അവർ കൊടുത്തോളും എന്ന് തോന്നുന്നുണ്ടെങ്കിൽ ധൈര്യമായി ഹായ് പറയാം.
16. ബസ്സിൽ കയറുന്ന സമയത്തു തന്നെ സുഹ്രത്തുക്കൾ കൂടെ ഉണ്ടെങ്കിൽ , നിങ്ങൾ അവസാനം മാത്രം കയറുക.. അങ്ങനെ വരുമ്പോൾ സുഹ്രത്തായിരിക്കും കണ്ടക്റ്ററുടേ മുമ്പിൽ ആദ്യം ചെന്നു പെടുക. അയാൾ കാശ് കൊടുത്തോളൂം. അഥവാ രണ്ടു പേരും ഒപ്പമാണെങ്കിൽ കണ്ടക്റ്റർ വരുന്ന സമയത്ത് പെട്ടന്ന് ഫോൺ എടുത്ത് സംസാരിക്കുന്നതായി അഭിനയിക്കുക.
17. ”മുതിർന്നവർ”, “പ്രായം ചെന്നവർ ” എന്നിങ്ങനെ റിസർവ്വ് ചെയ്ത സീറ്റീൽ ഇരിക്കുന്നതു കൊണ്ട് വിരോധമില്ല. പടു വ്യദ്ധർ കമ്പിയിൽ കിടന്നു ഊഞ്ഞാലാടുന്നുണ്ടെങ്കിലും ശ്രദ്ധിക്കതിരിക്കുക. മാത്രവുമല്ല, ബസ്സിൽ ഉള്ള ചെറിയ കുട്ടികളെ താരത്മ്യം ചെയ്ത് നമ്മൾ മുതിർന്നവരാണെന്നു സ്വയം സമാധാനിക്കുക.
18. ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളിൽ കയറേണ്ടത് ,ലോക്കൽ സ്റ്റോപ്പുകളിൽ നിന്നാണ്. നിർത്തുന്നില്ലെങ്കിൽ രണ്ടോ മൂന്നോ ആളുകൾ ചേർന്ന് തടുത്ത് നിർത്താവുന്നതാണ്. കെ.എസ്സ്.ആർ .ടി.സി. ബസ്സ് തടയുമ്പോ ഒരിക്കലും റോഡിൽ കയറി നിൽക്കരുത്.. ബ്രേക്ക് പിടിച്ചാൽ കിട്ടുമെന്ന് അതിന്റെ ഡ്രൈവർക്കു വലിയ ഉറപ്പുണ്ടാവില്ല.കല്ലെറിഞ്ഞു നിർത്തിക്കുന്നതാണ് ഏറ്റവും ഉത്തമം.
19. മഴക്കലത്ത് കെ.എസ്സ്.ആർ .ടി.സി ബസ്സിൽ കയറുമ്പോൾ കുട കരുതുക. ബസ്സിന്റെ ചോച്ചയിൽ നിന്നും രക്ഷനേടാൻ ഉപകാരപ്പെടും
20. ബസ് ജീവനക്കാരുമായി ഉടക്കിയിട്ടാണ് ബസ്സിൽ നിന്നിറങ്ങുന്നത് എങ്കിൽ , ബസ്സ് നിർത്തികഴിഞ്ഞാലും വളരെ സാവധാനം മാത്രം ഇറങ്ങുക.(കിളിയെ ശുണ്ഡി പിടിപ്പിക്കാനുള്ള ആവശ്യത്തിലേക്ക്.) അയാൾ എന്തെങ്കിലും കൊളത്ത് ഒണ്ടാക്കാൻ നോക്കുകയാണെങ്കിൽ , ഇറങ്ങിയ ഉടനെ തന്നെ വലിയ കല്ലെടുത്ത് പിറകിലത്തെ ഗ്ലാസിൽ എറിയാവുന്നതാണ്. ബാക്കിയെല്ലാം നാട്ടുകാരു നോക്കിക്കോളും
ഈ നിർദ്ദേശങ്ങളെല്ലാം കാലങ്ങളായി മലയാളികൾ ബസ്സിൽ ഉപയോഗിച്ചു വരുന്നതാണ്. അണ്ണാൻ കുഞ്ഞിനെ മരം കേറ്റം പഠിപ്പിക്കേണ്ട കാര്യമില്ല എന്നും ഈയുള്ളവനറിയാം.. എല്ലാം കൂടി ഒരുമിച്ചു കൂട്ടി എല്ലാവർക്കും നൽകുക എന്ന ലളിത ദൌത്യം മാത്രമാണ് ഈ വിനീതൻ ചെയ്തിട്ടുള്ള്ത്..
ശുഭം....ശുഭം....ശുഭം....ശുഭം...എല്ലാവർക്കും ശുഭ യാത്ര............
കടപ്പാട് : ജിയാസു ...

No comments:
Post a Comment