Thursday, 7 March 2013

റോഡിലെ പ്രേതങ്ങള്‍

            ഇന്ന് ഞാന്‍ പറയുന്ന കഥയിലെ സംഭവങ്ങളും സ്ഥലങ്ങളും എല്ലാം യഥാര്‍ത്ഥം ആണ്. ഞാന്‍ നേരിട്ട് അനുഭവിച്ചതും സുഹൃത്തുക്കള്‍ പറഞ്ഞു തന്നവയും എല്ലാം ഈ കൂട്ടത്തിലുണ്ട്. വിശ്വസിക്കാന്‍ പാടുള്ളവര്‍ ക്ഷമിക്കുക. നമ്മള്‍ മനുഷ്യര്‍ക്ക്‌ അഞ്ചു ഇന്ദ്രിയങ്ങള്‍ മാത്രമേയുള്ളൂ. അതുപയോഗിച്ച് അറിയുന്നവ മാത്രമേ ഈ പ്രപഞ്ചത്തില്‍ ഉള്ളൂ എന്ന് വിശ്വസിക്കുന്നവരും നിരീശ്വരവാദികളും ഇത് വായിക്കുമ്പോള്‍ ആ ഇന്ദ്രിയങ്ങള്‍ shut down ചെയ്തേക്കുക.


           നമ്മളുടെ പഞ്ചേന്ദ്രിയങ്ങലല്ലാതെ ഏതെന്കിലും ഒരു ഇന്ദ്രിയ ശക്തി നമ്മുക്ക് ജീവിതത്തില്‍ എപ്പോഴെന്കിലും, ഞൊടിനെരത്തേക്കെന്കിലും വികസിച്ചുകിട്ടാറുണ്ട്. ചില അപരിചിത സ്ഥലങ്ങള്‍ കാണുമ്പോള്‍ ഇതിനുമുന്‍പ് ഇവിടെ വന്നിട്ടുള്ളതായ ഒരു ഫീലിംഗ് തോന്നിയിട്ടില്ലേ, ചില സമയങ്ങളില്‍ നമ്മോടൊപ്പം ആരോ നടക്കുന്നതായും നമ്മെ ആരോ പിന്തുടരുന്നതായും, ആരോ ശ്രധിക്കുന്നതായും ഒക്കെ തോന്നിയിട്ടില്ലേ,
ചിലപ്പോള്‍ പ്രിയപ്പെട്ടവരില്‍ നിന്നും അകന്നിരിക്കുമ്പോള്‍ അവര്‍ നമ്മുടെ അരികിലുള്ളതായും, ചെറിയമയക്കത്തില്‍ അവരെ കാണുകയും ആ കണ്ടത് എന്തായിരുന്നോ അത് യാഥാര്‍ത്ഥ്യം ആയിരുന്നു എന്നും പിന്നീട് അറിയുകയും ചെയ്യാറില്ലേ. നമ്മളില്‍ നിന്നും അകന്നിരിക്കുന്ന പ്രിയപ്പെട്ടവരെ ഫോണ്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍ അവര്‍ ഇങ്ങോട്ട് വിളിച്ചിട്ടില്ലേ. അല്ലെങ്കില്‍ ഞാന്‍ വിളിക്കാന്‍ തുടങ്ങുകയായിരുന്നു എന്ന് അവര്‍ പറഞ്ഞിട്ടില്ലേ, ഇതെല്ലാം എങ്ങനെ സംഭവിക്കുന്നു. ആ.. പ്രപഞ്ചത്തിന്റെ നാഥന് അറിയാമായിരിക്കും

               ഭൂമിയില്‍ ചില സമയവും സന്ദര്‍ഭങ്ങളും സാഹചര്യങ്ങളും എല്ലാം ഒത്തു വരുമ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും സംഭവിക്കാറുണ്ട്. ഈ സമയം നമ്മളും ആ സ്ഥലത്തുന്ടെന്കില്‍ നമ്മള്‍ക്കും ഇതിനു സക്ഷിയാകാം. ഇതിനെ പ്രേതമെന്നോ, പിശാചെന്നോ, അതിശയമെന്നോ, അത്ഭുതമെന്നോ, അവിശ്വസനീയം എന്നോ എന്ത് വേണമെങ്കിലും നമ്മള്‍ക്ക് വിളിക്കാം.

             ഈ അടുത്തയിടെ ഏകദേശം ഒരു മാസത്തോളം ആയിക്കാണും, ഞാന്‍ ചെറുതോണിയില്‍ നിന്നും ഏറണാകുളത്തിനു പോകുവാന്‍ നില്‍ക്കുകയാണ്. ഒരാഴ്ചയായി നല്ല മഴയാണ് , അതുകാരണം നേരിയമംഗലം റൂട്ടില്‍ മണ്ണിടിഞ്ഞു വീണു വഴി ബ്ലോക്കാണ്. തൊടുപുഴ വഴിയെ ബസ്സ്‌ ഓടുന്നുള്ളൂ. ഇതറിയാതെ ലാസ്റ്റ്‌ ബസിനു പോകാനാണ് ഞാന്‍ വന്നത്. എനിക്കാണെങ്കില്‍ അത്യാവിശ്യമായിട്ട് പോകുകയും വേണം. എന്ത് ചെയ്യണമെന്നറിയാതെ ഇങ്ങനെ നില്‍ക്കുകയാണ്. ഏതെന്കിലും വണ്ടി വരും ലോറിയോ, ജീപ്പോ, കാറോ എന്തെങ്കിലും, പ്രതീക്ഷയാണല്ലോ മനുഷ്യനെ മുന്നോട്ടു നയിക്കുന്നത്. സമയം പത്തുമണി.

               ഈ സമയം ദൈവം കൊണ്ടുവന്നതുപോലെ എന്റെ സുഹൃത്തു സുബൈറിന്റെ ലോറി കൊണ്ടുവന്നു ഞാന്‍ നില്‍ക്കുന്ന തട്ട് കടയുടെ മുന്‍പില്‍ നിര്‍ത്തുന്നു. അവന്‍ തടി ലോഡുമായി പെരുമ്പാവൂരിന് പോകുകയാണ്. കൂടെ തടിയുടെ ഉടമസ്ഥനും അതോ എന്റെ അയല്‍വാസിയും, ഞാനും അവരോടൊപ്പം കയറി.

              കാട്ടിലേക്ക് ഞങ്ങള്‍ പ്രവേശിച്ചു, മീന്മുട്ടി ഇറക്കം ഇറങ്ങാന്‍ തുടങ്ങി, അപ്പോഴാണ്‌ ഞാന്‍ ആകാഴ്ച കാണുന്നത്. റോഡില്‍ നിന്നും ഏകദേശം നൂറു മീറ്ററോളം അകലയായി ഒരു മരത്തിന്റെ കവരയില്‍ ഏതാണ്ട് ഒരു ഫുഡ്‌ബോളിന്റെ വലിപ്പത്തില്‍ നീല നിരത്തില്‍ എന്തോ ജ്വലിച്ചു നില്‍ക്കുന്നു. പയ്യെ പയ്യെ അത് ആളുന്നുമുണ്ട്. ഞാന്‍ കൂടെയുള്ളവരെ അത് കാണിച്ചു കൊടുത്തു. അവരും അത് കണ്ടു.

              ഞാന്‍ സുബൈരിനോട് വണ്ടി നിര്‍ത്താന്‍ പറഞ്ഞു, എന്താണെന്ന് അറിയാമല്ലോ. പക്ഷെ അവന്‍ സമ്മതിച്ചില്ല. ഇങ്ങനെ പല കാഴ്ചകളും രാത്രി വണ്ടി ഓടിക്കുമ്പോള്‍ കാണാറുള്ളതാണെന്നായിരുന്നു അവന്റെ മറുപടി. ഞങ്ങളുടെ കാഴ്ച മറയുന്നെടം വരെ അതവിടെ തെളിഞ്ഞു നില്പുണ്ടായിരുന്നു അപ്പോള്‍ സമയം പതിനൊന്നോടടുത്തിരുന്നു.

    അതെന്താണെന്ന് എനിക്കിപ്പോഴും പിടികിട്ടിയിട്ടില്ല .

             ആ ഭാഗത്തെങ്ങും ഏറുമാടമോ ഒന്നും ഇല്ല പോരാത്തതിന് റോഡരികും എ ആര്‍ ക്യാമ്പിന്റെ അടുത്തുമായതിനാല്‍ നായാട്ടുകാരും ആയിരിക്കില്ല.

             "ഇതിനെക്കാളും വിചിത്രവും പേടിപ്പിക്കുന്നതുമായ ഒരു അനുഭവം എനിക്കുണ്ടായിട്ടുണ്ടെടാ ഈ വഴിയില്‍" എന്റെ ചിന്തയെ മുറിച്ചു കൊണ്ട് സുബൈറിന്റെ ശബ്ദം മുഴങ്ങി.

     പിന്നെ അവന്റെ കഥ കേള്‍ക്കാനായി ഞങ്ങളുടെ ശ്രദ്ധ, അവന്‍ പറഞ്ഞു തുടങ്ങി.

'

ഒരു രണ്ടു വര്‍ഷം മുന്‍പ് ഒരു വേനല്‍ കാലം,

                 രാത്രി തടിയുമായി കൊല്ലത്തിനു പോകുന്നു. നറ ലോഡ്‌ ഒരു 22 ടണ്‍ എങ്കിലും വരും, വണ്ടിയാണെങ്കില്‍ വളരെ വിഷമിച്ചാണ് വലിക്കുന്നത്. മുത്തിയുരുണ്ട അടുക്കാറായപ്പോഴേക്കും എന്‍ജിന്‍ ശരിക്കും ചൂടായി. ലോറിയില്‍ ഞാനും കിളിയും മാത്രം. അവനാനെന്കില്‍ പണിപടിക്കാന്‍ തുടങ്ങിയതേയുള്ളൂ, കഷ്ടി പതിനാറു വയസ്സും കാണും. അതുകൊണ്ട് പയ്യെ ഒന്ന് വിശ്രമിച്ചിട്ട് പോകാമെന്ന് തീരുമാനിച്ചു. അത്യാവിശ്യം കാറ്റ് കിട്ടുന്ന ഇടമായതുകൊണ്ട്, മുത്തിയുരുണ്ടക്ക് അപ്പുറത്തുള്ള രണ്ടു വശവും തുറന്നു കിടക്കുന്ന ഭാഗത്തായി വണ്ടി ഒതുക്കി നിര്‍ത്തി.

                ഞാന്‍ സീറ്റിലേക്ക് നീണ്ടുനിവര്‍ന്നു കിടന്നു. കിളി പുറത്തിറങ്ങി ബോനെറ്റും പോക്കിവച്ചിട്ടു ലോറിയുടെ അടിയില്‍ പുറകുവശത്ത് തോര്‍ത്തും വിരിച്ചു കിടന്നു. ഞാന്‍ കിടക്കുമ്പോള്‍ സമയം ഒരു മണി ആയിട്ടുണ്ടാവും.

               ഒരു മയക്കം കഴിഞ്ഞു. ആരോ പിടിച്ചു കുലുക്കുന്ന പോലെ തോന്നി കണ്ണുതുറക്കുമ്പോള്‍, പയ്യന്റെ പെടിച്ചരണ്ടനിലവിളിയാണ് കേള്‍ക്കുന്നത്. ലോറി ആരോ പിടിച്ചു കുലുക്കുന്നതുപോലെ കുലുങ്ങുന്നുണ്ട്. ഭൂമി കുലുങ്ങുന്നതാണ് അല്ലെങ്കില്‍ മുല്ലപ്പെരിയാര്‍ പൊട്ടിവരുന്നതാണ് എന്നാണ് എനിക്കാദ്യം തോന്നിയത്.

                 "അണ്ണാ പിശാച്... പിശാച്... " എന്ന് നിലവിളിച്ചുകൊണ്ട് കിളി ഓടി മുന്‍പിലേക്ക് വന്നു

എന്നാ പിന്നെ കണ്ടിട്ടുതന്നെ എന്ന് തീരുമാനിച്ചു ഞാന്‍ സീറ്റിനടിയില്‍ നിന്നും ജാക്കി ലിവറും എടുത്തോണ്ട് ക്യാബിനില്‍ നിന്നും പുറത്തേക്ക് ചാടി. അവന്റെ അടുത്തേക്ക് ചെന്നു

            "എവിടെഡാ ചാത്തന്‍ "

           "അറിയില്ലണ്ണാ വണ്ടി മാത്രം നിന്ന് കുലുങ്ങുന്ന കണ്ടോ ?"

             ഞാനപ്പോഴാണ് ശ്രദ്ധിക്കുന്നത് പ്രകൃതി മൊത്തം നിശബ്ദമാണ് ചീവീട് പോലും കരയുന്നില്ല. എപ്പോഴും കാറ്റുള്ള അവിടെ ഒരു ഇലപോലും അനങ്ങുന്നില്ല. വണ്ടി ആരോ നിന്ന് പിടിച്ചുകുലുക്കുന്നതുപോലെ കുലുങ്ങുന്നുണ്ട് എന്നാല്‍ യാതൊരു ശബ്ദവും കേള്‍ക്കുന്നില്ല. എന്റെ ധൈര്യമൊക്കെ പോയ വഴി കണ്ടില്ല അറിയാതെ വിളിച്ചുപോയി

              "അള്ളാ.... എന്താ ഇത്"

          പയ്യനാനെ പേടിച്ചിട്ടു കണ്ണും ഇറുക്കിയടച്ച് എന്നെ പൂണ്ടടക്കം പിടിച്ചിരിക്കുകയാണ്. എനിക്കെന്താണ് ചെയ്യേണ്ടതെന്ന് ഒരു പിടിയുമില്ല. ചെറുക്കന്‍ ഒരു കൈകൊണ്ട് കഴുത്തില്‍ കിടക്കുന്ന കൊന്തയില്‍ പിടിച്ചു എന്തെല്ലാമോ പ്രാര്‍ഥിക്കുന്നുണ്ട്. ഞാന്‍ ഒരു കൈയ്യില്‍ ജാക്കിലിവറും മുറുക്കിപിടിച്ചു മറ്റേ കൈകൊണ്ടു അവന്റെ കൊന്തയെലും പിടിച്ച് എനിക്കറിയാവുന്ന പ്രാര്‍ത്ഥനയും ചൊല്ലി. പേടിക്കുമ്പോള്‍ അള്ളായും യേശുവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന് അന്നെനിക്ക് മനസ്സിലായി. ഏതാണ്ട് അരമണിക്കൂറോളം ഞങ്ങളാ നില്‍പ്പ് നിന്നെന്നാണ് തോന്നുന്നേ പക്ഷേ എനിക്കൊരു നൂറ്റാണ്ട് പോലാണ് തോന്നിയത്. ഒരു വണ്ടി പോലും ആ സമയത്ത് അതിലെ വന്നില്ല.

             കുറെ കഴിഞ്ഞപ്പോള്‍ കുലുക്കവും എല്ലാം നിന്നു. കാറ്റുവീശാന്‍ തുടങ്ങി. എല്ലാം സാധാരണ പോലെ കുറച്ചുനേരം കൂടെ ആ നില്‍പ്പ് നിന്ന ശേഷം ഞങ്ങള്‍ പയ്യെ ലോറിയില്‍ കയറി. ലോറി സ്റ്റാര്‍ട്ടാക്കാന്‍ തുടങ്ങുംപോളാണ് ബോണറ്റ് താഴ്തിയിട്ടില്ല എന്നോര്‍ക്കുന്നത്. അതിനേക്കാള്‍ അത്ഭുതം ക്യാബിനില്‍ ഉണ്ടായിരുന്ന യാതൊന്നിനും സ്ഥാനചലനമോ ഒന്നും ഉണ്ടായിട്ടില്ല ഈ കുലുക്കെല്ലാം കുലുങ്ങിയിട്ടും. ഒറ്റെക്ക് പുറത്തിറങ്ങാന്‍ ഭയമായതിനാല്‍ ഞങ്ങള്‍ ഒരുമിച്ചു പുറത്തിറങ്ങി ബോണറ്റ് അടച്ചു. തിരിച്ചു കയറി സമയം നോക്കുമ്പോള്‍ ഒന്നു പതിനഞ്ചു. പത്തോ പതിനഞ്ചോ മിനിട്ടിനുള്ളില്‍ നടന്നതാണിതെന്നു എനിക്ക് വിശ്വസിക്കാന്‍ പറ്റിയില്ല. പിന്നെ ഒന്നും ആലോചിച്ചില്ല നേരെ വണ്ടിയെടുത്തു വിട്ടു.

             ഈ സംഭവത്തിനുശേഷം ഞാന്‍ ഇത്തരത്തില്‍ എന്തുകണ്ടാലും വണ്ടി നിറുത്തില്ല. ഇത് ഞാന്‍ മറ്റു കൂട്ടുകാരെടെല്ലാം പറഞ്ഞപ്പോള്‍ അവരില്‍ ചിലര്‍ക്കെല്ലാം സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞു. ആളുകള്‍ കളിയാക്കുമെന്നു പേടിച്ചിട്ടാണ് ആരും പുറത്തുപറയാത്തത്.'

                സുബൈര്‍ പറഞ്ഞു നിര്‍ത്തി ഇപ്പൊ വണ്ടി ഏകദേശം മുത്തിയുരുണ്ടയോട് അടുക്കാറായി ഈ പറഞ്ഞ സ്ഥലത്തോട് അടുക്കും തോറും എന്റെ ശരീരത്തിലൂടെ ഞാന്‍ പിടിച്ച് നിര്‍ത്താന്‍ ശ്രമിച്ചിട്ടും കഴിയാത്ത ഒരു വിറയല്‍ കടന്നുവരുന്നുണ്ടായിരുന്നു .

             ഇന്നും അവിടെ വച്ച് എന്തെന്കിലും സംഭവിക്കുമോ, വാച്ചില്‍ നോക്കിയ ഞാന്‍ ശരിക്കും ഞെട്ടി സമയം ഒരുമണി ആകാന്‍ നാല് മിനിട്ട് കൂടി മാത്രം !!!!!
    ഞാന്‍ മറ്റുള്ളവരുടെ മുഖത്തേക്ക് നോക്കി സുബൈറിനാണെന്കില്‍ ഒരു ഭാവ വ്യത്യാസവുമില്ല എന്നാല്‍ മറ്റേയാളുടെ ഇരിപ്പ് കണ്ടാലറിയാം എന്റെ അതെ അവസ്ഥയാണെന്ന്.
          ലോറി ഈ പറഞ്ഞ സ്ഥലത്തെത്തി
         "എന്താ ഇവിടൊന്ന്‍ ഇറങ്ങണമെന്നു തോന്നുന്നുണ്ടോ ? "എന്നോടായി സുബൈര്‍
          "ഏയ് ഇല്ലേ ഇല്ല വണ്ടി വിട്ടോ കാലുപോലും അയക്കണ്ടാ" ഞങ്ങള്‍ രണ്ടും ഒരുമിച്ചു പറഞ്ഞു പോയി
        ഞാന്‍ റോഡിന്റെ ഇരു വശത്തേക്കും നോക്കി, നല്ല കാറ്റ് വീശുന്നുണ്ട്, രണ്ടു വശവും കട്ടിയേറിയ മഞ്ഞിനാല്‍ പുതപ്പിക്കപ്പെട്ടു യാതൊന്നും അറിയാത്തത് പോലെ കാണപ്പെട്ടു. വണ്ടി നീങ്ങുന്നതനുസരിച്ചു ഞാന്‍ തിരിഞ്ഞു നോക്കിക്കൊണ്ടേയിരുന്നു. അറിയാതെ ദൈവത്തിനൊരു നന്ദിയും പറഞ്ഞു.
-----------------------------------------------------------------------------------------------------
         ഇനി ഞാന്‍ നേരിട്ടനുഭവിച്ച ഒന്ന്
         കാലം 1998 ഡിസംബര്‍ മാസം. ഞാന്‍ അന്ന് പഠിപ്പൊക്കെ പാതി വഴിയിലിട്ടിട്ടു ലോറി ഓടീരുമായി നടക്കുന്ന സമയം. മഹീന്ദ്രയുടെ ആല്‍വിന്‍ നിസ്സാന്‍ വണ്ടിയാണ് ഞാന്‍ കൊണ്ട് നടക്കുന്നത്
           അന്ന് കാലടിയില്‍ നിന്നും ഒരു ലോഡ്‌ മണല്‍ കട്ടപ്പനക്കടുത്തുള്ള വാഴവര എന്ന സ്ഥലത്ത് എത്തിക്കാനുള്ള ഓര്‍ഡര്‍ കിട്ടി. ഞാന്‍ രാവിലെ തന്നെ കാലടിക്ക് വിട്ടു. തിരിച്ച് ഇടുക്കിയില്‍ എത്തുമ്പോള്‍ സമയം നാല് മണിയായി. ഒരു മണിക്കൂറിനകം വാഴവരയില്‍ എത്താം എന്ന  പ്രതീക്ഷയില്‍ പതുക്കെ കയറ്റം കയറാന്‍ ആരംഭിച്ചു.
കഷ്ടകാലത്തിന് പത്താംമൈല് കഴിഞ്ഞുള്ള ഇറക്കം ഇറങ്ങിക്കൊണ്ടിരുന്നപ്പോള്‍ ഇടതു വശത്തെ ആക്സില്‍ ഒടിഞ്ഞു വണ്ടി ഒരു വശം കുത്തി നിന്നു. ഭാഗ്യത്തിന് കൂടുതല്‍ അപകടം ഒന്നും ഉണ്ടായില്ല.
          ഞാന്‍ പുറത്തിറങ്ങി ചക്രത്തിനെല്ലാം ഊടുവച്ചു. ലോറിയുടെ മുന്‍പിലും പിന്നിലുമായി കുറെ പള്ളയൊക്കെ ഓടിച്ചിട്ടു. കാര്യം പറഞ്ഞാല്‍ ലോഡ്‌ ഇറക്കേണ്ട സ്ഥലത്തേക്ക് മൂന്നു കി.മീ. കൂടി പോയാല്‍ മതിയായിരുന്നു.
          ഞാന്‍ പയ്യെ തിരിച്ചു നടന്നു പത്താംമൈലിലെത്തി ലോറിയുടെ ഉടമസ്ഥന് ഫോണ്‍ ചെയ്തു കാര്യങ്ങള്‍ പറഞ്ഞു. ഈ വണ്ടിയുടെ സ്പെയര്‍ പാര്‍ട്സ് കിട്ടണമെങ്കില്‍ എറണാകുളത്തിനു പോകണം. എങ്ങനെയായാലും ഒരു ദിവസം പോക്കാണ്.  അപ്പോ രാത്രി വണ്ടിക്കു കാവല്‍ ഇരിക്കേണ്ടി വരും.  എനിക്കൊരു കൂട്ടിനായി മനോജ്‌ എന്ന എന്റെ സുഹുര്‍ത്തിനെ ഞാന്‍ വിളിച്ചു.
           ഒരു എട്ടു മണിയോട് കൂടി അവനെത്തി അവന്‍ ഒരു ജാക്കിയും കുറെ സ്പാനരുകളും കൊണ്ടുവന്നിരുന്നു. ഞങ്ങള് രണ്ടും കൂടി വണ്ടിയുടെ ബാക്ക് പ്ലേറ്റ് സെറ്റുകള്‍ക്കടിയിലായി രണ്ടു ജാക്കി ഒക്കെ വച്ച് വണ്ടി നേരെ ആക്കിയ ശേഷം. അടുത്തുള്ള കടയില്‍ പോയി ഭക്ഷണവും കഴിച്ച് തിരിച്ചുവന്നു. കുറെ നേരം വാചകമൊക്കെ അടിച്ചിരുന്നു. പിന്നെ പയ്യെ ഉറങ്ങാന്‍ തീരുമാനിച്ചു. അപ്പൊ സമയം പതിനോന്നരയോളം ആയിരുന്നു. ഞാന്‍ ഡ്രൈവിംഗ് സീറ്റില്‍ ഇരുന്ന് സ്ടിയരിങ്ങില്‍ തല ചായ്ച്ചു. മനോജ്‌ കൊ-ഡ്രൈവര്‍ സീറ്റിലും. പതിയെ കോടമഞ്ഞ് അവിടെ മൂടാന്‍ തുടങ്ങി. സൂചിക്ക് കുത്തുന്ന തണുപ്പും. ഞാന്‍ പയ്യെ മയങ്ങാന്‍ തുടങ്ങി.
        എന്തോ ഒരു ശബ്ദം കേട്ടാണ് ഞാന്‍ ഉണരുന്നത്. ഞാന്‍ നോക്കുമ്പോള്‍ മനോജ്‌ നല്ല ഉറക്കമാണ്. സമയം നോക്കിയപ്പോള്‍ രണ്ടു മണി. പുറത്തേക്ക് നോക്കിയപ്പോള്‍ മഞ്ഞിന്റെ കട്ടി അല്പം കുറഞ്ഞിട്ടുണ്ട്. ആകാശത്തു മുക്കാല്‍ വലിപ്പത്തില്‍ ചന്ദ്രനുദിച്ചുനില്‍പ്പുണ്ട്. നിലാവില്‍ ചെടികളും മരങ്ങളും വിചിത്രമായ രൂപങ്ങളില്‍ കാണപ്പെടുന്നു. മഞ്ഞായതിനാല്‍ അധികം ദൂരം കാണാന്‍ സാധിക്കുന്നില്ല.
        ഞാന്‍ പയ്യെ ഗ്ലാസിന്‍റെ ഉള്ളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞു കൈ കൊണ്ട് തുടച്ചുമാറ്റി. വൈപ്പര്‍ ഇട്ടു മുന്പിലെയും മഞ്ഞു മാറ്റി.
          ഒരു സിഗരറ്റ് കത്തിക്കാം എന്ന് വിചാരിച്ചു ഡാഷ് തുറന്നു. കുനിഞ്ഞു സിഗരറ്റും ലൈട്ടരും എടുത്തു. പെട്ടന്ന് എന്നെ ആരോ ഇടതുവശത്തുനിന്നും നോക്കുന്നുണ്ടെന്നു എനിക്കൊരു തോന്നല്‍. പയ്യെ ഒരു ഭയം ദേഹത്ത് കൂടെ അരിച്ചു കയറാന്‍ തുടങ്ങി. ഇടതു വശത്തേക്ക് തിരിഞ്ഞു നോക്കാനും പേടി. (സാധാരണ ഒറ്റയ്ക്ക് രാത്രിയില്‍ പോകുമ്പോള്‍ എന്തെങ്കിലും ഒരു ചെറിയ ഭയം തോന്നിയാല്‍ പുറകിലേക്ക് തിരിഞ്ഞു നോക്കാന്‍ നിങ്ങള്‍ക്കും പേടി തോന്നാറില്ലേ, സംശയമുണ്ടെങ്കില്‍ ഇന്നൊന്നു പരീക്ഷിച്ചു നോക്കിക്കോ റിസള്‍ട്ട് അറിയിക്കാന്‍ മറക്കല്ലേ, അതുവഴി ഭയം ജനിക്കുന്നതെങ്ങനെയാനെന്നു പഠിക്കാം) പെട്ടെന്ന് ഞാനോര്‍ത്തു, ഓ.. നാട്ടുകാരരേലും ആയിരിക്കും അല്ലെങ്കില്‍ കള്ളന്മാര് വണ്ടി ഒറ്റയ്ക്ക് കിടക്കുകയല്ലേ എന്തെങ്കിലും അടിച്ചോണ്ട് പോകാന്‍ വന്നതായിരിക്കും മിക്കവാറും ആ ശബ്ദം കേട്ടായിരിക്കും ഞാന്‍ ഉണര്‍ന്നത്. ആ വിശ്വാസത്തോടെ ഞാന്‍ പതുക്കെ ഇടതുവശത്തേക്ക് തലതിരിച്ചു.
         കട്ടിയുള്ള മഞ്ഞ് ഒരു ആള്‍ രൂപം ധരിച്ചതുപോലെ ആരോ ആ വശത്തു നില്‍ക്കുന്നത് പോലെ എനിക്ക് കാണാം. ഞാന്‍ പയ്യെ മനോജിനെ തോണ്ടി വിളിച്ചു. കണ്ണ് തുറന്ന അവനെ ഞാന്‍ ആ കാഴ്ച ചൂണ്ടികാണിച്ചു. ചുണ്ടത്തു വിരല്‍ ചേര്‍ത്തു വച്ച് മിണ്ടരുതെന്ന് അടയാളം കൊടുത്തു. കള്ളനാണ് പിടിച്ചിട്ടു തന്നെ കാര്യം എന്ന് തീരുമാനിച്ചു. ഞാന്‍ പതിയെ ഫ്ലാട്ടുഫോമില്‍ നിന്നും ജാക്കി ലിവര്‍ തപ്പി എടുത്തു, മനോജ്‌ വലിയ ഓരു സ്പാനറും എടുത്തു. പതിയെ ഡോര്‍ തുറക്കാനായി ഹന്‍ടിലില്‍ പിടിച്ചു തിരിച്ചു. അപ്പൊ ആ രൂപം പയ്യെ മുന്നോട്ടു ചലിക്കുന്നതായി തോന്നി.
        "ഓടാനുള്ള പ്ലാനാനെന്നു തോന്നുന്നു വിടരുതെടാ "മനോജ്‌ പതിയെ പറഞ്ഞു
        ഞൊടിയിടയില്‍ ഡോറുകള്‍ തുറന്നു ഞങ്ങള്‍ രണ്ടും രണ്ടു സൈഡിലേക്ക് ചാടി. അപ്പോള്‍ ഞങ്ങളുടെ മുന്‍പിലായി റോഡിലൂടെ തന്നെ അത് നീങ്ങുന്നതു കാണാം. ഞങ്ങള്‍ പുറകെ ഓടി എന്നാല്‍ ഞങ്ങള്‍ അടുക്കുന്നതനുസരിച്ചു അതുമായുള്ള അകല വ്യത്യാസപ്പെടുന്നില്ല. പെട്ടന്നാണ് എന്റെ ശ്രദ്ധയില്‍ ഒരു കാര്യം പെടുന്നത്. അത് നിലത്തുനിന്നും അല്‍പ്പം ഉയര്‍ന്നല്ലേ നില്‍ക്കുന്നത്. അത് മനോജും കണ്ടെന്നു തോന്നി റോഡിന്റെ രണ്ടു വശത്തുകൂടി ഓടിക്കൊണ്ടിരുന്ന ഞങ്ങള്‍ ഒരുമിച്ചു നടുക്ക് കൂടിയായി ഓട്ടം.
       "ഏതു താ-- ആയാലും ചുണയുണ്ടെങ്കില്‍ നില്‍ക്കാടാ അവിടെ "
        പതറിയ ശബ്ദത്തിലാണെന്കിലും മനോജ്‌ അലറിക്കൊണ്ട് എന്റെ മുന്നില്‍ക്കയറി ഓടി പെട്ടന്നു ഞങ്ങളുടെ മുന്‍പില്‍ പൊയ്ക്കൊണ്ടിരുന്ന വസ്തു നിശ്ചലമായി നിന്നു. ഞങ്ങളും നിന്നു. എന്താ വരാന്‍ പോകുന്നെ എന്നറിയില്ലല്ലോ. എവിടെ നിന്നെന്നറിയില്ല അധികഠിനമായ തണുപ്പ് അവിടെ മൊത്തം വ്യാപിച്ചു. എന്റെ ശരീരം മൊത്തം നിമിഷനേരം കൊണ്ട് കുളിര് കോരിയിട്ടു. രോമാമെല്ലാം എഴുന്നു. നല്ല പോലെ ഞങ്ങള്‍ക്ക് ഇപ്പോള്‍ അതിനെ കാണാം. നല്ല കട്ടി മഞ്ഞു, പറന്നു നില്‍ക്കുന്ന ഷാള്‍ പുതച്ചിട്ടുള്ള ഒരു ഏഴടി ഉയരമുള്ള മനുഷ്യന്റെ രൂപം പൂണ്ടാലെങ്ങനെ ഉണ്ടോ അതുപോലൊന്ന്. മനോജ്‌ ഒട്ടും മടിച്ചില്ല കൈയ്യിലിരുന്ന സ്പാനാര്‍ അതിനെ ലാക്കാക്കി എറിഞ്ഞു. ഒന്നും സംഭവിച്ചില്ല അതിനൊരു ചലനം പോലും ഇല്ല. ഞങ്ങള്‍ക്ക് തിരിച്ചോടാനും പേടി.  പെട്ടന്ന് തണുപ്പ് വീണ്ടും കൂടാന്‍ തുടങ്ങി. ഞങ്ങള്‍ നോക്കി നില്‍ക്കെ ആ രൂപം പതിയെ മഞ്ഞില്‍ അലിഞ്ഞു ചേര്‍ന്നു.
           ആനിമിഷം തന്നെ തണുപ്പും കുറഞ്ഞു. തിരിഞ്ഞു നടക്കാന്‍ ഭയമായതിനാല്‍ ഞങ്ങള്‍ കുറച്ചു നേരം കൂടി ആ നില്‍പ്പ് നിന്നു. അതിനുശേഷം പതിയെ ഞണ്ടിന്റെ പോലെ കുറെ ദൂരം പുറകോട്ടു നടന്നു. പിന്നെ തിരിഞ്ഞു ഒറ്റ ഓട്ടമായിരുന്നു. ചാടി വണ്ടിയേല്‍ കയറി. ആ മഞ്ഞിലും തണുപ്പിലും പോലും വെള്ളം കൊരി ഒഴിച്ചത്പോലെ ഞങ്ങളെ വിയര്‍ക്കുന്നുണ്ടായിരുന്നു.
           അതെന്തായിരുന്നു എന്ന് എനിക്ക് ഇപ്പോഴും പിടികിട്ടിയിട്ടില്ല...
           ഇനിയും ഉണ്ട് ഈ റൂട്ടില്‍ ഇത്തരം കഥകളും അനുഭവങ്ങളും. ചെറുതോണിയില്‍ നിന്നും രാത്രി കട്ടപ്പന ഭാഗത്തേക്ക് ഓട്ടോ ഓട്ടം വിളിച്ചാല്‍ ഒന്നുംകില്‍ അവര്‍ ഒഴിവ് കഴിവ് പറയും അല്ലെങ്കില്‍ രണ്ടു ഡ്രൈവര്‍മാര്‍ നമ്മോടോത്തു വരും. വണ്ടി തട്ടിക്കൊണ്ടു പോകുമെന്ന് പേടിച്ചിട്ടല്ല. അതിനു പിന്നിലും ഉണ്ട് ഇത് പോലൊരു കഥ
കടപ്പാട് : വിനോദ് മാത്യൂ .....

1 comment: