മൂന്ന്
കടലുകളുടെ (ബംഗാള്‍ ഉള്‍ക്കടൽ, ഇന്‍ഡ്യന്‍ മഹാസമുദ്രം, അറബിക്കടൽ)
സംഗമഭൂമിയാണ് കന്യാകുമാരി. ഇന്‍ഡ്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തെ ഈ
ത്രിവേണി സംഗമത്തിലേയ്ക്ക് അങ്ങനെ ഒരു നാള്‍ ഞങ്ങളും പോയി.അനന്തവിക്ടോറിയാ
മാര്‍ത്താണ്ഡം കനാലിന്റെ തീരത്തെ നിരപ്പായ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍
വലതു വശത്ത് അറബിക്കടല്‍ അല്പം അകലെയായി കാണാമായിരുന്നു. ഇത് കനാൽ.
അവിടെ നിന്നും ഉടമുള്ളുകള്‍ തണലേകുന്ന റോഡിലൂടെ സഞ്ചരിച്ച് ദേശീയപാതയിലേയ്ക്ക്.
വെള്ള താമരപ്പൂക്കള്‍ വിടരുന്ന ഒരുപാട് കുളങ്ങള്‍ക്കരികിലൂടെ.
അങ്ങനെ
ഞങ്ങള്‍ കന്യാകുമാരിയില്‍ എത്തിച്ചേര്‍ന്നു. തീരം തിരക്കില്‍ ആയിരുന്നു.
പോക്കുവെയില്‍ മണ്ഡപത്തിലേയ്ക്ക് പതിയെ വീഴുന്നുണ്ടായിരുന്നു. സുഖമുള്ള
ഇളം ചൂട് കാറ്റ് ഞങ്ങളെ തൊട്ട് കടന്നുപോയി.
പലതരം
ശംഖുകളും പവിഴപ്പുറ്റുകളും വില്‍ക്കുന്നവർ, കാക്കാത്തികളും അവരുടെ
തത്തകളും, ചിത്രങ്ങള്‍ എടുത്ത് തരുന്നവർ, ആഹാരസാധനങ്ങള്‍
വില്‍ക്കുന്നവർ, കുതിരക്കാര്‍ ഒക്കെ ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു.
ഞങ്ങള്‍ സ്നേഹപൂര്‍വ്വം അവരെ ഒഴിവാക്കി മുന്നോട്ട് പോയി. എന്നാല്‍
ചിത്രങ്ങള്‍ എടുത്തു തരാനായി പുറകെ കൂടുന്നവര്‍ ഒരു ശല്യം തന്നെയാണ്.

കരയില്‍
നിന്നും ഏകദേശം 400 മീറ്റര്‍ അകലെയായി കടലില്‍ വിവേകാനന്ദ സ്മാരകവും
തിരുവള്ളുവരുടെ പ്രതിമയും കാണാം. പുതിയതായി നിര്‍മ്മിച്ച തിരുവള്ളുവര്‍
പ്രതിമ വിവേകാനന്ദപ്പാറയുടെ ഗാംഭീര്യത്തെ പിന്നിലാക്കുന്ന തരത്തില്‍
നില്‍ക്കുന്നു.
ഒരാള്‍ക്ക്
20 രൂപ കൊടുത്താല്‍ ബോട്ടിനുള്ള ടിക്കറ്റ് കിട്ടും. കടലിലെ തിരകളെ
വകഞ്ഞു മാറ്റി വല്ലാത്ത കുലുക്കത്തോടെ ഞങ്ങളെ ഭയപ്പെടുത്തിക്കൊണ്ട് ഭഗവതി
എന്ന ബോട്ട് വിവേകാനന്ദപ്പാറയിലേയ്ക്ക്.
പാറയില്‍ എത്തിയാല്‍ മണ്ഡപത്തില്‍ കയറാന്‍ 10 രൂപ ടിക്കറ്റ് എടുക്കണം. 1970-ല്‍
ആണ് ഇവിടെ ഈ കാണുന്ന മണ്ഡപം നിര്‍മ്മിക്കുന്നത്. 1892 ഡിസംബര്‍ 25, 26,
27 തിയതികളില്‍ സ്വാമി വിവേകാനന്ദന്‍ ഈ പാറയില്‍ ഇരുന്ന് ധ്യാനിച്ചുവെന്ന്
പറയപ്പെടുന്നു. ദേവി കുമാരിയുടെ പാദസ്പര്‍ശമേറ്റ പുണ്യമായ പാറ ആയതിനാല്‍ ഈ
പാറ ശ്രീപാദ പാറ എന്നും അറിയപ്പെടുന്നു. ഈ സ്മാരകത്തിന് വിവേകാനന്ദ മണ്ഡപം എന്നും ശ്രീപാദമണ്ഡപം എന്നും രണ്ട് ഭാഗങ്ങള്‍ ഉണ്ട്. ചിത്രത്തില്‍ കാണുന്നത് വിവേകാനന്ദ മണ്ഡപം. ഇതിനകത്തായി സ്വാമി വിവേകാനന്ദന്റെ പ്രതിമയും ധ്യാനമുറിയും ഉണ്ട്. ഈ ചിത്രം അന്നത്തെ അവസാന സന്ദര്‍ശകനും പുറത്തിറങ്ങി വാതില്‍ അടച്ചതിനുശേഷം എടുത്തത്.
ആ വൈകുന്നേരം ആകാശത്ത് ചന്ദ്രനുദിച്ചപ്പോൾ.
മണ്ഡപത്തിലെ സുന്ദരമായ കൈവരികൾ. ഈ കൈവരികളില്‍ ചാരി നിന്ന് ത്രിവേണി സംഗമം കാണാന്‍ കഴിയുന്നത് ഭാഗ്യം തന്നെയാണ്.
മണ്ഡപത്തിന്റെ
പടിഞ്ഞാറു ഭാഗത്തെ തറയിലായി ദിശ അടയാളപ്പെടുത്തിയിരിക്കുന്നു.
തെക്കുകിഴക്ക്-വടക്കുപടിഞ്ഞാറ് ദിശയിലാണ് മണ്ഡപത്തിന്റെ നിര്‍മ്മിതി.
ചിത്രത്തില്‍ കാണുന്നത് ശ്രീപാദമണ്ഡപം. ഇതിനകത്തായി ഒരു പാദത്തിന്റെ രൂപം കൊത്തിവച്ചിരിക്കുന്നു.
ദൂരെ
നിന്നും കാണുമ്പോള്‍ വിവേകാനന്ദസ്മാരകവും തിരുവള്ളുവര്‍ പ്രതിമയും സ്ഥിതി
ചെയ്യുന്നത് ഒരേ പാറയില്‍ ആണ് എന്ന് തോന്നുമെങ്കിലും അവ സ്ഥിതി
ചെയ്യുന്നത് അടുത്തടുത്തുള്ള രണ്ട് പാറകളിലാണ്. അവിടെ നിന്നും ബോട്ടില്‍
കയറി തൊട്ടടുത്ത തിരുവള്ളുവര്‍ പ്രതിമ സ്ഥിതി ചെയ്യുന്ന പാറയിലേയ്ക്ക്.
ഇത് തിരുവള്ളുവര്‍ പ്രതിമ. 133 അടി ഉയരം ഉണ്ട് ഈ പ്രതിമയ്ക്ക്.
അവിടെ
നിന്നും ബോട്ടില്‍ കയറി കരയിലേയ്ക്ക്. ഇത് കടലിലായി കാണുന്ന മറ്റൊരു പാറ.
ഈ പാറ മാത്രം ഇന്ന് ഒരു നിര്‍മ്മിതിയും ഇല്ലാതെ കിടക്കുന്നു. ഇവിടെ
കടലില്‍ കാണുന്ന എല്ലാ പാറകളിലും എന്തെങ്കിലുമൊക്കെ പണിതുവച്ചിട്ടുണ്ട്. ഈ
പാറമേല്‍ എന്താണാവോ ഇനി പണിയാന്‍ പോകുന്നത്. ഞാനും ഒരു ദിവസം അതില്‍
നീന്തിക്കയറും.
ബോട്ട് എന്ന് ആ ശകടത്തില്‍ നിന്നിറങ്ങിയ ആശ്വാസം എല്ലാ മുഖങ്ങളിലും ഉണ്ടായിരുന്നു.
ഇത് കന്യാകുമാരിയിലെ ദേവി കുമാരി അമ്മന്‍ ക്ഷേത്രം. ദേവിയുടെ
വിഗ്രഹത്തിലെ മൂക്കില്‍ അണിഞ്ഞിരിക്കുന്ന വജ്രാഭരണത്തിന്റെ തിളക്കം
പ്രഭാതങ്ങളില്‍ അകലെ കടലില്‍ നിന്ന് പോലും കാണാന്‍ കഴിയും എന്ന് ഈ
ദേശക്കാര്‍ പറയുന്നു.
അപ്പോഴേയ്ക്കും
അകലെയായി തീരത്തെ കരിങ്കല്‍ പടവുകളിലൊന്നില്‍ ഒരു വയസ്സായ മനുഷ്യന്‍
ഇരിയ്ക്കുന്നത് അവള്‍ കണ്ടു കഴിഞ്ഞിട്ടുണ്ടായിരുന്നു. അയാളുടെ പക്കല്‍ ഒരു
തത്ത ഉണ്ടായിരുന്നു. എന്റെ കയ്യും പിടിച്ച് അവള്‍ അയാളുടെ അരികിലേയ്ക്ക്
നടന്നുപോയി. ഇതൊക്കെ തട്ടിപ്പാണെന്നും അവര്‍ക്ക് പോലും അവരുടെ ഭാവി
അറിയില്ല എന്നുമൊക്കെ ഞാന്‍ പറയാന്‍ തുടങ്ങുകയായിരുന്നു, എന്നാല്‍ അതിനു
മുമ്പ് തന്നെ അവള്‍ അവിടെ കുത്തിയിരുന്ന് തത്തയെക്കൊണ്ട് ചീട്ട്
എടുപ്പിച്ച് കഴിഞ്ഞിരുന്നു. കിട്ടിയതാകട്ടെ കന്യാകുമാരി ദേവിയുടെ തന്നെ
ചിത്രമുള്ള ചീട്ട്. അയാള്‍ തമിഴ കലര്‍ന്ന മലയാളത്തില്‍ ഭാവി പറയാന്‍
തുടങ്ങി. അതിന്റെ ചുരുക്കം ഇങ്ങനെ. “ഈ ചീട്ട് തന്നെ കിട്ടിയ കുട്ടി
ഭാഗ്യവതിയാണ്, ദൈവാനുഗ്രഹം കൂടുതലായി ഉണ്ട്, അപാരമായ ക്ഷമയാണ്
ദേവിയെപ്പോലെ, പക്ഷെ കോപിച്ചു കഴിഞ്ഞാല്‍ അത് മാറിക്കിട്ടാന്‍ വിഷമം ആണ്,
പേരും പെരുമയും ഉള്ളവളായിരിക്കും, ജനിച്ച വീടിനും വന്നുകയറിയ വീടിനും
ഐശ്വര്യം ഉണ്ടാക്കുന്നവളായിരിക്കും, ഇനി ജീവിതത്തില്‍ ദുരിതങ്ങള്‍ ഒന്നും
തന്നെ ഉണ്ടാകില്ല, ഇനിയും 3 മാസത്തില്‍ അവള്‍ കാരണം എന്തോ വലിയ ഭാഗ്യം
ഉണ്ടാകും.” ഇതൊക്കെ കേട്ട് അവള്‍ വല്ലാതെ സന്തോഷവതിയായി. ഞാന്‍ അപ്പോള്‍
10 രൂപ കൂടി നഷ്ടപ്പെട്ട വിഷമത്തില്‍ ആയിരുന്നു.
ഇത് ഇവിടുത്തെ ശ്രീ കാഞ്ചി കാമകോടി പീഠം.
സുനാമി
മെമ്മോറിയൽ, 2004 ഡിസംബര്‍ 26 ലെ സുനാമിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ
ഓര്‍മയ്ക്കായ്, ഈ ത്രിവേണി സംഗമം കാണാനായി വന്ന് ഒടുവില്‍ ഇവിടെ തന്നെ
ഒടുങ്ങിയവരുടെ ഓര്‍മ്മയ്ക്കായ്, മരണത്തിന്റെ തൊട്ടുമുമ്പിലത്തെ
നിമിഷങ്ങളില്‍പ്പോലും അപകടശങ്കയൊന്നുമില്ലാതെ ഞങ്ങളെപ്പോലെ അവരും ഈ
മണല്പരപ്പിലൂടെ നടന്നിട്ടുണ്ടാവാം.
ഗാന്ധി മണ്ഡപം. ഗാന്ധിയുടെ ചിതാഭ്സ്മം നിമഞ്ജനം ചെയ്യുന്നതിനു മുമ്പ് ദര്‍ശനത്തിനു വച്ചിരുന്ന സ്ഥലം.
അപ്പോഴേയ്ക്കും അസ്തമയം ആകാന്‍ തുടങ്ങുകയായിരുന്നു. ഇനി സണ്‍ സെറ്റ് പോയിന്റിലെത്താന്‍ അല്പദൂരം കൂടി.
ഇത് സണ്‍ സെറ്റ് പോയിന്റ് വാച്ച് ടവർ.
ഇവിടെ 3 രൂപ ടിക്കറ്റ് വാങ്ങണം. തിരക്കില്‍ ടിക്കറ്റും വാങ്ങി ടവര്‍ കയറുമ്പോള്‍ സൂര്യന്‍ അസ്തമിച്ചു തുടങ്ങിയിരുന്നു.
ഹോ! വിഷമം തോന്നി ഞങ്ങള്‍ക്ക്. ഇനി നാളെ വരെ കാത്തിരിക്കണം ഒരു അസ്തമയം പൂര്‍ണ്ണമായി കാണാൻ.
ടവറിനു താഴെ പാറയില്‍ വന്നിടിച്ച് ചിതറിപ്പോകുന്ന തിരമാലകൾ.
ലൈറ്റ് ഹൌസിലെ ദീപം തെളിഞ്ഞപ്പോൾ.
രാത്രി ആയിക്കഴിഞ്ഞിരുന്നു. വിവേകാനന്ദ സ്മാരകത്തിലും തിരുവള്ളുവര്‍ പ്രതിമയിലും ദീപം തെളിഞ്ഞപ്പോൾ.
മൂന്നു
കടലുകളും സുന്ദരമായ ഈ നിര്‍മ്മിതികളും കാണാന്‍ കഴിഞ്ഞ സന്തോഷത്തിൽ,
അസ്തമന വര്‍ണ്ണങ്ങള്‍ക്കു താഴെ തെരുവ് വിളക്കുകള്‍ വെളിച്ചം പകരുന്ന
തീരദേശ റോഡിലൂടെ ഞങ്ങള്‍ നടന്നു പോയി. ഇനിയും യാത്രകള്‍ തുടരാനായ്.

അപ്പോള്‍ കടലില്‍ നിന്നും തണുത്ത കാറ്റ് കരയിലേയ്ക്ക് പതിയെ വീശുന്നുണ്ടായിരുന്നു. |
|
|
|
| | | | | |
No comments:
Post a Comment