കൊടക് (കൂര്‍ഗ്ഗ്) |
|
|
|
|
|
കണ്ണൂരിനോടും
വയനാടിനോടും ചേര്‍ന്ന് കിടക്കുന്ന കര്‍ണ്ണാടകയിലെ ഒരു ജില്ലയാണ് കൊടക്.
വടക്കന്‍ കേരളത്തിലുള്ളവര്‍ക്ക് കൊടക്സുപരിചിതമാണെങ്കിലും തെക്കന്‍
കേരളത്തില്‍ അത്ര അറിയപെടുന്ന ഒന്നല്ല ഈ സ്ഥലം.
സഹ്യമലനിരകള്‍ക്കു
മുകളില്‍ സ്ഥിതിചെയ്യുന്ന മറ്റൊരു ഹരിതഭംഗിയാണ് കൊടക്. മറാത്ത
സ്ത്രീകള്‍ കഴിഞ്ഞാല്‍ പിന്നെ തന്‍റെ ചിത്രങ്ങള്‍ക്ക് മോഡലുകളായി രാജാ
രവിവര്‍മ്മ തിരഞ്ഞെടുത്തിരുന്നത് കൊടവ സ്ത്രീകളെ ആണെന്ന് പറയപ്പെടുന്നു.
കൊടകിലെ പ്രധാന ജനവിഭാഗം കൊടവ ആണ്. കൊടവ പുരുഷന്മാരും സ്ത്രീകളും
അകാരഭംഗി ഉള്ളവരായി കണക്കാക്കപ്പെടുന്നു. ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പയും
അശ്വിനി നച്ചപ്പയും ഒക്കെ കൊടകിന്റെ അഭിമാനം ആയി ആദരിക്കപ്പെടുന്നു.
വംശീയമായി ഏറെ വ്യത്യസ്തതകള്‍ പുലര്‍ത്തുന്ന കൊടവവിഭാഗം ഇറാക്കിലെ കുര്‍ദ്
ഭാഗത്ത് നിന്നും വന്നവരാണെന്ന ഒരു വാദം എവിടെയോ വായിച്ചത് ഓര്‍ക്കുന്നു.
കൊടകിന്റെ ജില്ലാ ആസ്ഥാനം ആണ് മടിക്കേരി (മെര്‍ക്കാറ). മെര്‍ക്കാറ എന്ന
പേര് കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് പത്മരാജന്റെ കാല്പനീക സൌഭഗമുള്ള
'ഇന്നലെ' എന്ന സിനിമയാണ്. അതിരാവിലെ തിരുവനന്തപുരത്തു നിന്നും
യാത്രതിരിച്ച് കോഴിക്കോട് വഴി സന്ധ്യയോടെ കല്‍പ്പറ്റയിലെത്തി, രാത്രി
അവിടെ താമസിച്ചു. മുന്‍പും താമരശ്ശേരി ചുരം കയറിയിട്ടുണ്ടെങ്കിലും,
ഇപ്പോള്‍ പത്തുപതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഇതുവഴി
ആദ്യമായിട്ടാണ്.മഴക്കാലം ആയതിനാല്‍ ചുരം കയറുമ്പോള്‍ റോഡിലേക്ക് ഒഴുകിവരുന്ന ഇത്തരം ചെറുഅരുവികളെ ഒരുപാട് കാണാന്‍ സാധിച്ചു.
ചുരത്തില്‍ നിന്നുള്ള മറ്റുചില കാഴ്ചകള്‍
കല്‍പ്പറ്റയില്‍ നിന്നും അടുത്ത ദിവസം രാവിലെ വിരാജ്പേട്ട വഴി മടിക്കേരിയിലേക്ക് യാത്രതിരിച്ചു.
കല്‍പ്പറ്റയുടെ പ്രാന്തപ്രദേശങ്ങളിലെ പ്രകൃതിമനോഹരവും ഫലഭൂയിഷ്ടവും ആയ ഭൂപ്രകൃതി.
ഇതു തിരുനെല്ലിയിലേക്ക് പോകുന്ന വഴി.
അവിടേക്ക് പോകാന്‍ മാത്രമായി ഇനി ഒരിക്കല്‍ വരാം എന്ന പ്രതീക്ഷ. അത്തരം പ്രതീക്ഷകള്‍ പലതും നടക്കാറില്ലെങ്കിലും...
സര്‍ക്കാരിന്റെ റിസേര്‍വ് വനങ്ങള്‍ക്കു നടുവിലൂടെ...
വൈകുന്നേരത്തോട് കൂടി മടിക്കേരിയില്‍ എത്തി.
മടിക്കേരി - ഒരു പാര്‍ശ്വവീക്ഷണം
മടിക്കേരി
പട്ടണത്തില്‍ തന്നെ ഉള്ള, വിനോദസഞ്ചാരികള്‍ എത്താറുള്ള ഒരു സ്ഥലമാണ്
രാജാസ് സീറ്റ് (രാജാവിന്റെ ഇരിപ്പിടം). രാജഭരണകാലത്ത് രാജാവും
കുടുംമ്പാംഗങ്ങളും പ്രകൃതി ആസ്വദിക്കാനായി ഇവിടെ എത്താറുന്ടായിരുന്നത്രേ.
കൊടക് ഒരുകാലത്തും പൂര്‍ണ്ണ അര്‍ത്ഥത്തില്‍ സ്വതന്ത്രമായ ഒരു രാജ്യമായി
നിലനിന്നിട്ടില്ല എന്ന് വേണം കരുതാന്‍. പത്താം നൂറ്റാണ്ടില്‍ ഈ
പ്രദേശത്തിന്റെ അറിയപ്പെടുന്ന ചരിത്രം തുടങ്ങുമ്പോള്‍ അവിടുത്തെ രാജവംശം
ചോളന്മാരുടെ സാമന്തന്മാരായിരുന്നു. ചോളന്മാരുമായി സന്ധിയിലും കലാപത്തിലും
ഒക്കെയായി അവര്‍ കഴിഞ്ഞു വന്നു. അതിനുശേഷം ഹൈദര്‍അലിയുടെയും
ടിപ്പുസുല്‍ത്താന്റെയും കാലത്തും സ്ഥിതി അത് തന്നെയായിരുന്നു. പിന്നെ 1834
- ല്‍ കൊടക് പൂര്‍ണ്ണമായും ബ്രിട്ടീഷുകാരുടെ അധീനതയില്‍ വന്നു. രാജാസ്
സീറ്റില്‍ നിന്നും താഴ്വാരത്തിലേക്ക് നോക്കിനില്‍ക്കുക സമതലവാസികള്‍ക്ക്
അപൂര്‍വമായ ഒരു അനുഭവം തന്നെയാണ്. മലനിരകളിലൂടെ കോടമഞ്ഞ് ഒഴുകിപോകുന്നത്
കാണാം. ഞങ്ങള്‍ ചെല്ലുമ്പോള്‍ മഞ്ഞു താഴ്വാരങ്ങളെ മുഴുവന്‍ പുതപ്പിച്ചു
കഴിഞ്ഞിരുന്നു...
രാജാസ് സീറ്റില്‍ നിന്നും ഏതാനും ദൃശ്യങ്ങള്‍
മടിക്കേരി
പട്ടണത്തില്‍ തന്നെയാണ് ഓംകരേശ്വര ക്ഷേത്രം. ഈ ശിവക്ഷേത്രം 1820 - ല്‍
ലിംഗരാജേന്ദ്ര രണ്ടാമന്‍ പണികഴിപ്പിച്ചതാണ് എന്ന് കരുതപ്പെടുന്നു. ഈ
ക്ഷേത്രത്തിന്റെ വാസ്തുകലയില്‍ പ്രത്യേകം ശ്രദ്ധിക്കപെടുക അതിന്റെ
ഇസ്ലാമിക സ്പര്‍ശം ആണ്. വശങ്ങളില്‍ മീനാരങ്ങളോട് കൂടി നിര്‍മ്മിക്കപെട്ട
ക്ഷേത്രം ഇസ്ലാമിക വാസ്തുകലയുടെ പ്രകടമായ സങ്കേതങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
ചരിത്രാതീത കാലം മുതല്‍ വടക്കന്‍ കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ നിന്നും
സുഗന്ധവ്യഞ്ജന, മലഞ്ചരക്ക് വ്യാപാരത്തിനായി മുസ്ലീങ്ങള്‍ കൊടകില്‍
എത്തിയിരുന്നു. പില്‍ക്കാലത്ത് ഹൈദര്‍അലിയുടെയും ടിപ്പുസുല്‍ത്താന്റെയും
അധിനിവേശ സമയത്ത് കൊടവവംശജര്‍ തന്നെ ഇസ്ലാംമതത്തിലേക്ക് പരിവര്‍ത്തനം
ചെയ്യപെട്ടിട്ടും ഉണ്ട്. ഇസ്ലാം, കൊടകിലെ പ്രബലമായ ഒരു മതവിഭാഗം ആണ്.
ഓംകരേശ്വര ക്ഷേത്രം - ചില ചിത്രങ്ങള്‍
മടിക്കേരി പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു വെള്ളച്ചാട്ടം ആണ്
അബി ഫാള്‍സ്
മടിക്കേരിയില്‍
നിന്നും മൈസൂറിലേക്കുള്ള വഴിയില്‍ ഏതാണ്ട് ഇരുപത്തിയഞ്ച് കിലോമീറ്റര്‍
സഞ്ചരിച്ചാല്‍ എത്തിച്ചേരുന്ന കാവേരിയുടെ തീരത്തുള്ള ഒരു ആനവളര്‍ത്തല്‍
കേന്ദ്രം ആണ് ദുബാരെ. വണ്ടിയില്‍ ചെന്നെത്തുന്ന ഇടത്തില്‍ നിന്നും
കാവേരിക്ക് കുറുകെ ഒരു ചെറിയ ബോട്ടില്‍ സഞ്ചരിച്ചു വേണം ദുബാരെയില്‍
എത്താന്‍.
മണ്‍സൂണ്‍ കാലം ആയതിനാല്‍ കാവേരി നിറഞ്ഞു ഒഴുകുകയായിരുന്നു.
ബോട്ടില്‍ മറുകരയിലേക്ക്
ദുബാരെ ആനവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നുള്ള ചില ചിത്രങ്ങള്‍
നാലുഭാഗവും
കാവേരിയാല്‍ ചുറ്റപ്പെട്ട ഒരു ദ്വീപാണ് നിസര്‍ഗദാമ. ഈറ്റകാടുകളാല്‍
നിബിഡമായ ദ്വീപ്. ഇവിടുത്തെ പ്രധാന ആകര്‍ഷണം ദ്വീപിലേക്ക് കടക്കുന്ന
തൂക്കുപാലം തന്നെയാണ്. ദ്വീപിനുള്ളിലെ ആനസവാരിയും മറ്റും
മഴക്കാലമായതിനാല്‍ നിര്‍ത്തിവച്ചിരിക്കുന്നു. ജീവിതം ഗള്‍ഫില്‍ ആയതിനാല്‍
അവധിയാത്രകള്‍ കുട്ടികളുടെ സ്കൂള്‍ അവധിയെ പ്രതി മിക്കവാറും ജൂണ്‍-ജൂലൈ
മാസങ്ങളിലാണ് നടക്കുക. അതുകൊണ്ട് തന്നെ നാട്ടിലെ യാത്രകള്‍ മുഴുവന്‍
ഇടവപ്പാതി മഴയിലൂടെ കഴിക്കേണ്ടി വരും. അസൌകര്യങ്ങള്‍ ഉണ്ടെങ്കിലും
ഇപ്പോള്‍ അതും ഒരു ശീലം ആയിരിക്കുന്നു.
നിസര്‍ഗദാമയില്‍ നിന്ന് ചില ചിത്രങ്ങള്‍
മടിക്കേരിയില്‍
തന്നെയുള്ള മറ്റൊരു പ്രധാന ആകര്‍ഷണമാണ് മടിക്കേരി കോട്ടയും അതിനുള്ളിലെ
കൊട്ടാരവും. പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍
നിര്‍മ്മിക്കപ്പെട്ടു എന്ന് കരുതുന്ന ഈ കോട്ടയില്‍ കാലാകാലങ്ങളില്‍
ഭരിച്ചിരുന്നവര്‍ പല മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലും വരുത്തിയിട്ടുണ്ട്.
ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ മഴയും മഞ്ഞുംകൂടി കോട്ടയെ നിഗൂഡമായ ഒരു
കാഴ്ചയാക്കി മാറ്റിയിരുന്നു.
മടിക്കേരി കോട്ട
കോട്ടയോട് ചേര്‍ന്നുള്ള കൊട്ടാരം
മടിക്കേരിയില്‍
നിന്നും പോയി സന്ദര്‍ശിച്ച കുശാല്‍നഗര്‍ എന്ന തിബത്തന്‍ കോളനിയെ
കുറിച്ച് മുന്‍പത്തെ പോസ്റ്റില്‍ എഴുതിയല്ലോ. രണ്ടു ദിവസത്തെ താമസത്തിന്
ശേഷം കൊടക് വിടുമ്പോള്‍ തലക്കാവേരി എന്ന കാവേരിയുടെ ഉത്ഭവസ്ഥാനം കാണാന്‍
പറ്റിയില്ല എന്ന നിരാശ ബാക്കിയായി. പക്ഷെ അതിനേക്കാള്‍, ദൂരദേശങ്ങള്‍
കാണാന്‍ പോകുമ്പോള്‍ പലപ്പോഴും മഥിക്കുക കേട്ടും വായിച്ചുമൊക്കെ അറിഞ്ഞ
പ്രധാനസ്ഥലങ്ങള്‍ക്ക് ഉപരിയായി ആ പ്രദേശത്തിന്റെ സംസ്ക്കാരവുമായി
ഇഴപിരിയാതെ കിടക്കുന്ന എത്രയോ സ്ഥലങ്ങള്‍ വഴികളില്‍ നമ്മള്‍ അറിയാതെ
ഉപേക്ഷിച്ചു പോകുന്നുണ്ടാവും എന്ന ബോധമാണ്.
മലയിറക്കം
|
Written by ലേസര്‍




































No comments:
Post a Comment