Thursday, 7 March 2013

പണിക്കശ്ശേരി കുടുംബത്തെ പ്രണയിച്ച 'കുറുമ്പി'



തൃശ്ശൂര്‍:പച്ചവിരിച്ച പാടത്തിന്റെ ഒത്തനടുക്കുള്ള തുരുത്താണ് ചേനം ഗ്രാമം. പാടത്തോടുചേര്‍ന്ന് പണിക്കശ്ശേരി കൃഷ്ണന്റെ വീട്. പാടത്തെ പച്ചപ്പില്‍നിന്ന് പറന്നുയരുന്ന ഒരു ഇലപോലെ ഒരു പെണ്‍തത്ത ഇവരുടെ പറമ്പിലെ പേരമരത്തിലെത്തും. പിന്നെ പലവിധ ശബ്ദങ്ങള്‍ ഉണ്ടാക്കി ഈ കുടുംബത്തെ വിളിച്ചുവരുത്തും. കൃഷ്ണന്റെ ഭാര്യ ഭാനുമതി, മകള്‍ നിജ, അവരുടെ മക്കളായ സ്‌നേഹല്‍, പ്രിയങ്ക എന്നിവരാണ് ഈ തത്തയുടെ പ്രിയപ്പെട്ടവര്‍. ഇവരുടെ കൈത്തണ്ടയില്‍ പറന്നിരുന്ന് ഈ പെണ്ണുങ്ങള്‍ നല്‍കുന്ന ഭക്ഷണം കഴിക്കും. അടുക്കളയില്‍ പറന്നുചെന്ന് അവര്‍ നല്‍കിയ ഇരിപ്പിടമായ ഒരു മേശയ്ക്കു മുകളില്‍ ഇരിക്കും.

അടുക്കളപ്പണി ചെയ്യുന്ന പ്രിയപ്പെട്ടവരെ നോക്കി വിവിധ ശബ്ദങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കും. ആ കുടുംബം ഇവള്‍ക്കു നല്‍കിയ പേര് 'കുറുമ്പി'. കുറുമ്പിയുമായി ഇവരുടെ ആത്മബന്ധത്തിന് രണ്ടു വര്‍ഷത്തിലധികം പഴക്കമുണ്ട്. പണിക്കശ്ശേരി കുടുംബത്തിലെ പെണ്ണുങ്ങളും കുറുമ്പിയുമായുള്ള ആത്മബന്ധം ഇന്ന് ചേനം ഗ്രാമത്തിനും ഏറെ കൗതുകകരമാണ്.

അഞ്ച് വര്‍ഷം മുമ്പാണ് തത്തകള്‍ പണിക്കശ്ശേരി കുടുംബത്തെ സ്‌നേഹിച്ചുതുടങ്ങിയത്. ആദ്യമെത്തിയത് രണ്ടു തത്തകള്‍. അവര്‍ പതിവായി പേരമരത്തില്‍ മാത്രം ഇരിക്കും. ഇവരുടെ കോഴികള്‍ക്ക് തീറ്റ കൊടുക്കുമ്പോള്‍ ഇടയ്ക്ക് അത് തട്ടിയെടുക്കാന്‍ ശ്രമം നടത്തും. അപ്പോഴൊക്കെ തള്ളക്കോഴി ചിറകുവിടര്‍ത്തി ഈ തത്തകളെ ആക്രമിക്കാനൊരുങ്ങും. ഇതുകണ്ട് വീട്ടുകാര്‍ തത്തകള്‍ക്ക് മാത്രമായി പ്രത്യേകം പാത്രത്തില്‍ ഉയരത്തില്‍ വെച്ചുനല്‍കും.

വര്‍ഷങ്ങള്‍ക്കുശേഷം ആ തത്തകള്‍ അപ്രത്യക്ഷമായി. പിന്നെ അതിഥിയായെത്തിയത് കുറുമ്പിയായിരുന്നു. മുമ്പ് മനോഹരമായ തൂവലുകളും അഴകുള്ള നിറവുമുണ്ടായിരുന്നു കുറുമ്പിക്ക്. ഇവര്‍ വിളിക്കുമ്പോള്‍ തുടക്കത്തില്‍ അത്ര എളുപ്പത്തിലൊന്നും ഈ തത്ത അടുത്തു വരാറില്ലായിരുന്നു. ആ കൊച്ചുസുന്ദരിയുടെ വലിയ ഭാവം കണ്ടപ്പോള്‍ ഭാനുമതിയാണ് അവള്‍ക്ക് കുറുമ്പിയെന്ന് പേരിട്ടത്.

പിന്നെ പയ്യെപ്പയ്യെ അവള്‍ അടുത്തെത്തി. കയ്യിലിരുന്ന് ഭക്ഷണം കഴിക്കാന്‍ തുടങ്ങി. നെല്ല്, അരി, ബിസ്‌ക്കറ്റ്, പയര്‍ എന്നിവയൊക്കെ നല്‍കും. പയറാണ് അവള്‍ക്ക് ഏറെ ഇഷ്ടം. പയറിന്റെ തൊലിമാറ്റി മണികള്‍ മാത്രം ഭക്ഷിക്കുന്നത് കാണാന്‍ ഏറെ ചന്തം. നിജയും മക്കളായ സ്‌നേഹലും പ്രിയങ്കയും അവളുടെ പ്രിയങ്കരികള്‍ തന്നെ. അതിഥിയായെത്തിയ കുറുമ്പി അങ്ങനെ അടുക്കളക്കാരിയായി.

കഴിഞ്ഞ മൂന്നു മാസം കുറുമ്പിയെ കാണാനില്ലായിരുന്നു. തിരിച്ചെത്തുമ്പോള്‍ ക്ഷീണിച്ച നിലയിലായിരുന്നു. മുഖത്തും മറ്റുമുള്ള തൂവലുകള്‍ കൊഴിഞ്ഞുപോയ നിലയിലായിരുന്നു. 'മുട്ടയിട്ട് അടയിരിക്കുകയായിരിക്കും' എന്നാണ് ഭാനുമതി പറയുന്നത്. എന്നും രാവിലെയും വൈകീട്ടും സ്‌നേഹം പങ്കുവെച്ച് ഭക്ഷണം കഴിച്ച് കുറുമ്പി മടങ്ങും.

സ്ത്രീകളോടു മാത്രമാണ് കുറുമ്പിയുടെ ഇണക്കം. പുരുഷന്മാരോട് അത്ര വലിയ ഇഷ്ടമൊന്നുമില്ല. 'ഇതിനെ നിങ്ങള്‍ക്ക് കൂട്ടിലിട്ടൂടെ' എന്നൊക്കെ ചിലര്‍ പറയും. അത് ഈ കുടുംബത്തിന് കേള്‍ക്കുന്നതേ വെറുപ്പാണ്. കുറുമ്പി എവിടെനിന്ന് വരുന്നോ അതിന്റെ കൂട് എവിടെയെന്നോ ഇവര്‍ക്കറിയില്ല. തങ്ങളെ മറക്കാനാകാത്ത പുന്നാരപ്പൂമുത്താണ് ഇവളെന്ന് കുറുമ്പിക്ക് ഉമ്മ നല്‍കിക്കൊണ്ട് ഈ കുടുംബം സ്‌നേഹവായ്‌പോടെ പറയുന്നു.

No comments:

Post a Comment