Sunday, 24 March 2013

ശിശുപീഡനം

ശിശുപീഡനം


                               കണ്ണൂരിൽ നിന്നും വീട്ടിലേക്കുള്ള എന്റെ ബസ്‌യാത്രയിൽ ഇരിപ്പിടം ലഭിച്ചത്, പൊതുജനങ്ങൾക്ക് പൊതുവായതാണെങ്കിലും എല്ലായിപ്പോഴും പുരുഷന്മാർ ഇരിക്കുന്ന ഇരിപ്പിടത്തിലാണ്. അവിടെ തൊട്ടടുത്തിരിക്കുന്ന വൃദ്ധയെ ശ്രദ്ധിക്കാതെ ഇത്തിരി ഗമയോടെ ഞാനിരുന്നു. ബസ് പതുക്കെ മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കെയാണ് ചെറിയൊരു പ്രശ്നം എനിക്ക് തോന്നിയത്; പിന്നിലിരിക്കുന്ന ആരോ ഒരാൾ എന്റെ പിൻ‌വശത്ത് ഇടയ്ക്കിടെ തോണ്ടുന്നു.

                                അറിയാതെ സംഭവിച്ചതാണെന്നോർത്ത് ആദ്യമൊന്നും ഞാനത് ശ്രദ്ധിച്ചില്ലെങ്കിലും തോണ്ടലുകളുടെ എണ്ണം കൂടിയപ്പോൾ അയാളെ വെറുതെ വിടരുത് എന്നെനിക്ക് തോന്നി. ചുറ്റുപാടും നിൽക്കുന്നതും ഇരിക്കുന്നതും പുരുഷന്മാരാണ്, ഇങ്ങനെ പോയാൽ എന്ത് ചെയ്യും? തോണ്ടലിന്റെ രൂപവും ഭാവവും മാറിയാൽ!!!
പെട്ടെന്ന് മുഖമടച്ച് ഒരടി കൊടുത്താലോ?
100ൽ വിളിച്ച് പോലീസിനെ വരുത്തിയാലോ?
ബഹളം വെച്ച്, ബസ് പോലീസ് സ്റ്റേഷനിൽ എത്തിക്കാൻ പറഞ്ഞാലോ?
കേട്ടാൽ തൊലിയുരിഞ്ഞ്‌പോകുന്ന തെറി പറഞ്ഞാലോ?
മൊബൈലിൽ ഫോട്ടോ എടുത്ത് മാധ്യമങ്ങളിൽ വാർത്ത കൊടുത്താലോ?

ഇതൊന്നും വേണ്ട; മറ്റൊരു പണിയുണ്ട്,,,
ഞാൻ സാരിയുടെ അറ്റത്ത്‌നിന്നും ഒരു സെയ്ഫ്റ്റി പിൻ അഴിച്ചെടുത്ത്, അത് നിവർത്തി മൂർച്ച പരിശോധിച്ചു, ‘ഹുയ്’! ഉഗ്രൻ!!

                            അതുമായി അല്പനേരം കാത്തിരുന്നപ്പോൾ അതാ ഞാനിരിക്കുന്ന സീറ്റിന്റെ ചെറിയ വിടവിലൂടെ കൈ മുന്നിലേക്ക് നീണ്ടുവരുന്നു,, കാത്തിരുന്ന സമയം സമാഗതം.
കൂടുതൽ ശ്രദ്ധിക്കാതെ ആ ഭാഗത്ത് ഞാനൊരു അസ്ത്രപ്രയോഗം നടത്തി.
കൂർത്ത പിൻ തൊലിയിൽ തുളച്ചുകയറിയിരിക്കും,,,
“ങ്ങേ,,,,,യ്,, ങ്ങേ,,,,”
ഒരു കുഞ്ഞിന്റെ ഉച്ചത്തിലുള്ള രോദനം ‌കേട്ട് ബസിലുള്ളവരെല്ലാം ഞെട്ടി, എല്ലാവരും അങ്ങോട്ട് നോക്കി,, ഒപ്പം ഞാനും നോക്കി,,
                            അവിടെ, എന്റെ പിന്നിലുള്ള ഇരിപ്പിടത്തിൽ ഇരിക്കുന്ന പ്രായമായ മനുഷ്യന്റെ മടിയിൽ കിടക്കുന്ന കൊച്ചുകുട്ടി സെയ്ഫ്റ്റി പിന്നുകൊണ്ടുള്ള കുത്തേറ്റ് വേദന സഹിക്കാനാവാതെ പല്ലില്ലാത്ത വായതുറന്ന് പൊട്ടിക്കരയുകയാണ്.

mini-kathakal by mini//മിനി

1 comment:

  1. പാഠം: വ്യക്തമായി മനസ്സിലാവാതെ ഒന്നും ചെയ്യരുത്

    ReplyDelete