ജുബൈറത്ത് മൂത്തുമ്മാക്ക് മാസത്തില്‍ പത്ത് ദിവസമെങ്കിലും ബാധ കയറും! മൂത്തുമ്മാക്ക് ബാധ കയറുബം വീട്ടിലെ മറ്റുള്ളവര്‍ക്ക് ഭയം കയറും,അവര്‍ വേഗം ബസ്സ് കയറുംസ്തലം വിടും.
അതോടെ മൂത്തുമ്മാക്കും ബാധക്കും കലികയറും!
കലി മൂത്ത് മൂത്തുമ്മ ബാധയുമായി പുറത്തിറങി കായിക പരിപാടികളാരംഭിക്കും.
കലി മൂത്ത് മൂത്തുമ്മ ബാധയുമായി പുറത്തിറങി കായിക പരിപാടികളാരംഭിക്കും.
സംസ്കൃത മന്ത്രോച്ചാരണങളാലാണ് കായിക പരിപാടികള്‍ കൊടിയേറുന്നത്.പിന്നെ അറബി അക്ഷരമാലകള്‍ കൊണ്ട് സ്വാഗത പ്രസംഗം ഉണ്ടാകും, മിശിഹാ സ്തുതികള്‍ കൊണ്ട് കൃതക്ഞത രേഖപെടുത്തിയ ശേഷം കായിക പരിപാടികള്‍ ആരംഭിക്കും. ഇക്കാരണമൊന്നുകൊണ്ട് മാത്രം ഏത് ജാതി ഏത് മത ബാധയാണെന്ന് തര്‍ക്കം നിലവിലുണ്ട്, അതവിടെ നില്‍ക്കട്ടെ.
കൃതക്ഞതക്ക് ശേഷം, മൂത്തുമ്മാക്ക് എടുത്താല്‍ പൊക്കാന്‍ പറ്റുന്ന ജംഗമ വസ്തുക്കള്‍ എടുത്ത് കാണുന്നവര്‍ക്ക് നെരേ വീശിയടിക്കും വീശിയെറിയും.അത് ചിലപ്പോള്‍ ഈര്‍ക്കിലിയാകാം ഉലക്കയാകാം.നെയില്‍കട്ടറിലെ കൊച്ച് പിച്ചാത്തിയാകാം വെട്ട് കത്തിയാകാം.സവാളയാകാം ഇഷ്ടികയാകാം! അതൊക്കെ ഓരൊരുത്തരുടെ സമയം പോലിരിക്കും.
മൂത്തുമ്മാക്ക് മൂന്ന് ആണ്‍ മക്കള്‍തിലകം.മൂന്ന് പേരും താലികെട്ടിയവര്‍. ഇപ്പോള്‍ താലിപൊട്ടിയവര്‍!
കാരണം, ബാധ കയറി മൂത്തുമ്മ മൂത്ത മരുമകളെ തള്ളി കിണറ്റിലിടാന്‍ നോക്കി.കുളിക്കാനായി ഉടലും തലയുമാകെ എണ്ണ വാരിക്കോരി തേച്ച്, ചൂടോടെ പൊരിച്ച് കോരിയ പഴം പൊരി പോലെ എണ്ണയില്‍ മുങി കിണറ്റിന്‍ കരയില്‍ നിന്ന മരുമകളുടെ കയ്യില്‍ പിടിച്ച് വലിച്ച് കിണറ്റിലിടാന്‍ നോക്കിയതാണ്. ബാധയുടേയും മൂത്തുമ്മയുടേയും ശക്തമായ വലിയില്‍, എണ്ണയുടെ അഹങ്കാരം കാരണം പിടിവിട്ട് മരുമകള്‍ കിണറ്റിങ്കരയില്‍ ശേഷിക്കുകയും മൂത്തുമ്മ നേരേ കിണ്റ്റിനകത്തേക്ക് വിക്ഷേപിക്കപെടുകയും ചെയ്തു.സ്നേഹമുള്ള മക്കള്‍ പണിപ്പെട്ട് ബാധയെ കിണറ്റിലിട്ട് മൂത്തുമ്മായെ കരക്കടുപ്പിച്ചു.
കഷ്ടിച്ച് ജീവന്‍ തിരിച്ച് കിട്ടിയ മരുമകള്‍, മാമിയുടെ ജീവന്‍ തിരിച്ച് കിട്ടിയതിലുള്ള സന്തോഷം സഹിക്കാന്‍ വയ്യാതെ അപ്പോള്‍ തന്നെ പെട്ടിയും കെട്ടി വണ്ടികയറി.
രണ്ടാമത്തെ മരുമകള്‍ എത്തിയ രണ്ടിന്റന്ന് മൂത്തുമ്മാക്ക് ബാധ കയറി, മണ്ണെണ്ണ എടുത്ത് മരുമകളുടെ തലയില്‍കൂടി ഒഴിച്ചിട്ട് ചൂട്ട് കത്തിച്ച്, ബഹളം കേട്ട് ഓടിവന്ന മൂത്താപ്പയുടെ തലയില്‍ വെച്ചതിനാല്‍ മരുമകള്‍ രക്ഷപ്പെടുകയും മൂത്താപ്പായുടെ തലയിലെ പാതി മുടി അകാലത്തില്‍ വീര മൃത്യു
വരിക്കുകയും ചെയ്തു......മരുമകളുടെ പൊടി പോയിട്ട് ഒരു മുടി പോലും പിന്നെ കണ്ടില്ല...!
മൂന്നാമത്തെ മരുമകള്‍ എത്തിയ മൂന്നിന്റന്ന് മൂത്തുമ്മാക്ക് ബാധ കയറി, മുറ്റം അടിച്ച് വാരികൊണ്ട്നിന്ന മരുമകളുടെ നേര്‍ക്ക് ഉലക്ക വീശിയെറിഞു.അത്ര വലിയ ഉന്നമില്ലാത്ത ബാധ ആയിരുന്നതിന്നാല്‍ ഉലക്ക ചെന്ന് കൊണ്ടത് വഴിയിലൂടെ സൈക്കിളില്‍ മീനും കൊണ്ട് പോയ ആസ്മയുടെ കാറ്റലോഗ് പോലിരിക്കുന്ന മീന്‍കാരന്‍ ബീരാനിക്കാട മുതകത്താണ്.....!
ബീരാനിക്കാക്ക് ഇപ്പോള്‍, ആസ്മ സൈഡ് ബിസിനസ്സും ചുമ മൊത്തകച്ചവടവുമാണ് !!...പാവം..!!
ഈ മരുമക്കളെയൊന്നും സഭയില്‍ നിര്‍ത്താന്‍ കൊള്ളില്ല അത് കാരണമാണ് ഓടിച്ച് വിട്ടതെന്ന് മൂത്തുമ്മാന്റ ഇത്താത്ത ഐസുമ്മായോട് മൂത്തുമ്മ ഒരിക്കല്‍ പറഞു.
നഗരസഭയാണോ.. മന്ത്രി സഭയാണോ..നിയമസഭയാണോ..രാജ്യസഭയാണോ..ലോകസഭയാണോ..അതോ കത്തോലിക്ക സഭയാണോ...(*) എന്ത് സഭയാണെന്ന് മൂത്തുമ്മാക്ക് മാത്രമേ അറിയൂ....
ബാധ കയറിയാല്‍ ജുബൈറത്ത് മൂത്തുമ്മായുടെ മറ്റൊരു ക്രൂര ഡിമാന്റ് ആരുടെയെങ്കിലും ചോര കുടിക്കണമെന്നുള്ളതാണ്.ചോരകുടിയാണ് ലക്ഷിയം എന്നറിയുംബോള്‍ മൂത്താപ്പായും മക്കളും ഉടന്‍ സ്ഥലം കാലിയാക്കും. ഇല്ലെങ്കില്‍ ഈ ദുനിയാവില്‍ നിന്ന് തന്നെ അവര്‍ കാലിയാകുമെന്ന് അവര്‍ക്കറിയാം.
അങിനെ ഒരിക്കല്‍ ചോരദാഹവുമായി മൂത്തുമ്മ ഉറഞ് തുള്ളുംബോള്‍ മൂത്താപ്പായും മക്കളും അപ്രത്യക്ഷം.ദാഹിച്ച മൂത്തുമ്മ ഗ്രാമത്തിലെ പൊതുവഴിയിലിറങി!.
നട്ടുച്ചയായതിന്നാല്‍ ചോരയുള്ളവരാരും വഴിയില്‍ ഇല്ലായിരുന്നു...മൂത്തുമ്മാക്ക് ഏതുവിധേനയും ബാധക്കിത്തിരി ചോര കൊടുത്തേ മതിയാകൂ ദേ..വഴിയരികിലെ തെങില്‍ ചെല്ലന്‍ മേസ്ത്രിയുടെ കൊംബന്‍ കാളയെ കെട്ടിയിട്ടിരിക്കുന്നു...മൂത്തുമ്മ നോക്കുംബോള്‍, ബാധക്കും കൊടുത്ത് ബാക്കി മൂത്തുമ്മാക്കും കുടിക്കാനും പിന്നെയും ബാക്കി ഫ്രിഡ്ജില്‍ വെച്ച് ബാധവരുംബോഴൊക്കെ റെഡ്മില്‍ക്കായോ ബ്ലഡ്മില്‍ക്കായോ ബാധക്ക് കൊടുത്ത് സല്‍ക്കരിക്കാനും മാത്രം ചോരയുള്ള കാള..! മുട്ടന്‍ കാള.. ഒരു ഇടിപൊളി കാള...!
മൂത്തുമ്മായുടെ കണ്ണുകള്‍ ചുവചുവന്നു.... കൈകള്‍ തരിതരിച്ചു....പല്ലുകള്‍ ഇറുഇറുമ്മി...
കാളചോര കുടിക്കാനായി മൂത്തുമ്മ കാള കഴുത്തിലേക്ക് അലറിവിളിച്ചുകൊണ്ട് ചാടിവീണു...
...........................................................................
18 ദിവസം കഴിഞ് 28 കുത്തിക്കെട്ടും, ബന്ധം വേര്‍പെട്ട ശേഷം വീണ്ടും കൂട്ടിയോജിപ്പിക്കപ്പെട്ട 12 കണ്ടം എല്ലുമായാണ് മൂത്തുമ്മ ബെന്‍സിക്കര്‍ ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയത്....
ഈ ലോകംതന്നെ സ്വന്തം കൊംബുകളില്‍ കുത്തിനിര്‍ത്തണമെന്ന മോഹവുമായി, മറ്റുള്ളവരെ എല്ലാം വെറും കണ്ട്രികളായി കരുതുന്ന കാളയാണ് മിസ്റ്റര്‍. കൊംബന്‍ കാളയെന്ന് മൂത്തുമ്മാക്കും അറിവുള്ളതാണ്... പക്ഷെ... ബ്ലഡി ബാധക്ക് അതറിയില്ലല്ലോ...!!
കാളേന്റ ചോരകുടിക്കണമെന്ന് തോന്നിയത് കൊണ്ട് കാര്യങള്‍ ഇങിനെയെങ്കിലും അവസാനിച്ചു,
വീടിന്റെ പിന്നിലൂടെ ഓടുന്ന ഇലക്ട്രിക് ട്രെയിനിന്റെ ചോരകുടിക്കണമെന്നെങാനും തോന്നിയിരുന്നെങ്കില്‍
എന്താകുമായിരുന്നു അവസ്ഥ!.
സ്നേഹം മൂത്ത മൂത്താപ്പ അതിന് ശേഷം ബാധകയറുംബോള്‍ വീട്ടില്‍തന്നെ ഉണ്ടാകുമായിരുന്നു.
പക്ഷെ പിന്നീട് മൂത്താപ്പായുടെ ശരീരത്തില്‍ എപ്പോഴും പല സ്ഥലങളിലായി മാത്തമാറ്റിക്സിന്റെ പൊതു ചിഹ്നങളായ + X = # / - ഇതൊക്കെ വെള്ള നിറത്തില്‍ ഒട്ടിച്ച് വെച്ചിട്ടുണ്ടാകും, മിക്കവാറും ഏതെങ്കിലും ഒരു കൈ കഴുത്തില്‍ കെട്ടിതൂക്കിയിട്ടിട്ടുണ്ടാകും.ചുരുക്കി പറഞാല്‍ ഈ ബസ്റ്റാന്റിലൊക്കെ കാണുന്ന പിച്ചക്കാരുടെ ഫോട്ടോകോപ്പി കണ്ടതുപോലിരിക്കും മൂത്താപ്പായെ കാണാന്‍!
ബാധയാക്രമണം സഹിക്കാനാവാതെ മക്കളും മൂത്താപ്പായും കൂടി ബാധയെ റിമൂവ് ചെയ്യാനായി
തൊട്ടടുത്ത ഗ്രാമത്തില്‍ നിന്നും ഒരു ആന്റിബാധയെ കൊണ്ടുവന്നു.--------- ഉദ്മാന്‍ ഉസ്താദ്!
ഉസ്താദ് ആരാ മോന്‍??! ശൈത്താനുമായി സൈക്കിളില്‍ പോകും!ഇബിലീസുമായി വിസിലൂതി കളിക്കും!! ജിന്നിനെ ജന്നലില്‍ കൂടി കൈകാട്ടിവിളിക്കും! കണ്ണിറുക്കി കാണിക്കും!!!
ബാധഭവനിലെത്തിയ ഉദ്മാന്‍ ഉസ്താദ് എല്ലാം വിശദമായി കേട്ട ശേഷം ക്രിയകള്‍ ആരംഭിച്ചു.
അദ്യമായി ഒരു മുട്ടയും രണ്ട് വലിയ നേന്ത്രപഴവും ഒരുഗ്ലാസ് പാലും കൊണ്ട് വരാന്‍ പറഞു.
സാധനം അതുപോലെ മുന്നിലെത്തിച്ചു. ഉദ്മാന്‍ ഉസ്താദ് അഞ്ച് നിമിഷം കണ്ണടച്ചിരുന്നു.നാലുപേരും ആകാംക്ഷയോടെ നോക്കിനിന്നു.കണ്ണ് തുറന്ന ഉദ്മാന്‍ ഉസ്താദ് പെട്ടെന്ന് ആ രണ്ട് നേന്ത്രപഴവും ഉരിച്ച് തിന്ന് മുട്ടയും ഉടച്ച് വായിലൊഴിച്ച് പാലും എടുത്ത് കുടിച്ചു ഉംബേഏഏഏ..ഒരേംബക്കവും വിട്ടു. ങേ...പാലും, മുട്ടയും, പഴവും ഒഴിഞു!...പക്ഷെ ബാധ??...!!! നാലുപേരും നാക്കും തള്ളി നിന്നു!
തീര്‍ന്നില്ല!!! ഉദ്മാന്‍ ഉസ്താദ് മൂത്തുമ്മായെ വിളിക്കാന്‍ ഓര്‍ഡറിട്ടു!
മൂത്തുമ്മാക്ക് എന്തൊരു അനുസരണ..കല്യാണപെണ്ണ് ചെക്കനു മുന്നില്‍ ഇരിക്കുന്നതുപോലെ തലയില്‍
തട്ടവുമൊക്കെയിട്ട് തലയും കുനിച്ച് മൂത്തുമ്മ ഉസ്താദിനു മുന്നില്‍ ഇരുന്നു!ഇതാണൊ ഈ കേട്ട സാധനം?!
കരണ്‍ജോഹര്‍ സലിംകുമാറിനെ നോക്കുന്നത്പോലെ ഉസ്താദ് മൂത്തുമ്മായെ ഒന്ന് നോക്കി!
ഉസ്താദ് എഴുന്നേറ്റ് നിന്ന് വലതുകൈയില്‍ ചൂരലെടുത്തു ഇടത് കൈ മൂത്തുമ്മായുടെ തലയില്‍ വെച്ച് ആട് അയവിറക്കുന്നത് പോലെ വായ അനക്കി ശബ്ദമില്ലാതെ മന്ത്രങ്ങള്‍ ഉരുവിടാന്‍ തുടങി! അല്പം കഴിഞ് ചൂരല്‍ ഓങി അടിച്ച് കൊണ്ട് ഉച്ചത്തില്‍ ചോദിച്ചു..‘‘പറേടീ...ജ്ജ് ആരാടീ...ടീ......പറയീന്‍...”
“അന്റ ബാപ്പ..” എന്ന് അതിനെക്കാളുച്ചത്തില്‍ മൂത്തുമ്മ പറയുകയും ഉദ്മാന്‍ ഉസ്താദിന്റെ ‘മാണിക്യകല്ലില്‍’ കയറി പിടിക്കലും ഒരുമിച്ചായിരുന്നു...! മൂത്തുമ്മ മാണിക്യ കല്ല് ഞെക്കി പൊട്ടിക്കാന്‍ നോക്കി..!
“യാ........ബദരീങളേ................” ഉദ്മാന്‍ ഉസ്താദ് ഉയര്‍ന്ന് ചാടി!
പിടി വിട്ട ദേഷ്യത്തില്‍ “യാ......മുഹിയദ്ദീന്‍....” എന്ന മൂത്തുമ്മായുടെ ഉച്ചത്തിലുള്ള വിളിയും കസേര പൊക്കിയെടുത്ത് ഉസ്താദിന്റെ നെഞ്ചത്ത് വീശിയടിക്കലും ഒരുമിച്ചായിരുന്നു! ഉലക്കയേറില്‍ ബാധക്ക് ഉന്നമില്ലെങ്കിലും കസേരയടിയില്‍ തങ്കപ്പതക്കം കിട്ടിയ ബാധയാണെന്ന് തോന്നുന്നു! കൃത്യം നെഞ്ചിനു കിട്ടീ..താഴെ വീണ ഉസ്താദിന്റെ പള്ളക്കും നെഞ്ചത്തും ഏഴെട്ട് ചവിട്ട്...പിടിച്ച് മാറ്റാന്‍ പോയ മൂത്താപ്പ മൂക്കുംകുത്തി മുറിയുടെ മൂലക്ക്..,മൂത്ത മകന്‍ മൂന്ന് കരണം മറിഞ് മുറ്റത്ത്!
രണ്ടാമത്തെ മകന്റെ മണ്ടക്കിട്ട് കിട്ടി..! മൂന്നാമത്തെ മകന്‍ മുങി!
ചാടിയെഴുന്നേറ്റ ഉസ്താദ് രക്ഷപെടാനായി ഓടി അടുക്കളയില്‍ കയറി! ഉസ്താദിന് തെറ്റി..മാര്‍ക്ക് 100 ല്‍ 0 ...മൂത്തുമ്മ കൂടകയറി അടുപ്പില്‍ കത്തിക്കൊണ്ടിരുന്ന വിറക് കയ്യിലെടുത്ത് ഉസ്താദിനെ കഴുത്തിന് കുത്തിപ്പിടിച്ച് മൂലക്ക് ചാരിനിര്‍ത്തി, പഴയ പോസ്റ്റ്പെട്ടിയുടെ വായ പോലെ തുറനന്നിരുന്ന ഉസ്താദിന്റെ വായ്കത്തേക്ക് കത്തികൊണ്ടിരുന്ന വിറക് കുത്തികയറ്റാന്‍ നോക്കി..“ പറേടാ..നിനക്കറിയണോ ഞാനാരാന്ന്....”
“ന്റ ജിന്നേ..പൊന്നേ..ഞമ്മക്ക് അന്നേം അറിയണ്ട..ഞമ്മളേം അറിയണ്ട..ഈ ദുനിയാവിലുള്ള ഒന്നും അറിയണ്ട...ഞമ്മള ബിട്ടേക്ക് പൊന്ന് ജിന്നേ ....” ഇത്രയും പറഞ് ഉസ്താദ്
“യാ.....മുഹിദ്ദീന്‍...ശൈക്ക്....” എന്ന് വിളിച്ചു.... എവിടന്നോ കിട്ടിയ ശക്തിയില്‍ എന്തൊക്കെയോ കാട്ടി കൂട്ടി പുറത്ത് ചാടിയോടി....
കവലയില്‍ ആണ് ആ ജിന്നോട്ടം അവസാനിച്ചത്..ഉദ്മാനുസ്താദിന്റെ ആന്തരികാവയവങളില്‍ കാന്താരി മുളകരച്ച് തേച്ചത്പോലെ...ശ്വാസം കിട്ടുന്നില്ല..അഥവാ കിട്ടിയാല്‍ പിന്നെ വിടാന്‍ പറ്റുന്നില്ല...തല കറങുന്നു...... തിരിയുന്നു.... മറിയുന്നു... ഒടിയുന്നു...! ഉടഞ മാണിക്യകല്ല് കിലുങുന്നു....
ഒരു ബസ്സ് വന്ന് നിന്നു...ഉസ്താദ് അതില്‍ കയറാന്‍ നോക്കി....
പക്ഷെ..അതില്‍ നിന്നും അതാ ഇറങി വരുന്നു ജുബൈറത്ത് മൂത്തുമ്മ...ങേ....മൂത്തുമ്മാട പിന്നില്‍ വീണ്ടും ആറേഴ് മൂത്തുമ്മ...... മുന്നിലും പിന്നിലും, ലെഫ്റ്റ് റൈറ്റ്, ഊപ്പര്‍ നീച്ചേ, സകലമാന സ്ഥലത്തും മൂത്തുമ്മ.....
ഉസ്താദ് അടുത്ത് നിന്ന കൊടിമരം വലിച്ചൂരിയെടുത്തു.....................................................
ഉദ്മാനുസ്താദിന് ബാധകയറി............മൂത്തുമ്മാന്റ ബാധ!!
കടപ്പാട് : ഭായി ...

No comments:
Post a Comment