കള്ളനെ പുടിച്ചാച്ച്
ഒരു ദിവസം രാവിലെ കൊക്ക് ഒരു പ്രത്യേകശബ്ദമുണ്ടാക്കുന്നതു ശ്രദ്ധയില്‍ പെട്ടു.ഇതുവരെ അത്തരത്തില്‍ ശബ്ദമുണ്ടാക്കി ഞാന്‍ കേട്ടിട്ടുണ്ടായിരുന്നില്ല. ജനലില്‍ കൂടി നോക്കിയിട്ട് ഒന്നും കണ്ടില്ല. എന്നാലൊന്ന് ബാല്‍ക്കണിയില്‍ ചെന്നു നോക്കാമെന്നു കരുതി ചെന്നപ്പോ കിളികൂടിനടുത്തു തന്നെ ഒരു വിദ്വാന്‍. അതിലെ കുഞ്ഞുങ്ങള്‍ വിരിഞ്ഞിട്ട് അല്പദിവസമേ ആയിരുന്നുള്ളു അതുങ്ങള്‍ പേടിച്ച് വിറച്ച് അനങ്ങാതെയിരിക്കുന്നു. അച്ഛന്‍ കൊക്കുകളും അമ്മകൊക്കുകളും(2 കൂടുകളുണ്ടതില്‍) കൂടിനടുത്തു വരാതെ ശബ്ദമുണ്ടാക്കി കൊണ്ടിരിക്കുന്നു. കൂട്ടിനു അണ്ണാറക്കണ്ണന്മാരും കാക്കകളും ഉണ്ട് ഒച്ചവെയ്ക്കാന്‍. പഴയ കിളിമുട്ടയുടെ ഓര്‍മ്മയിലുള്ള വരവാണ് കുരങ്ങന്റെത്.
ആകെപ്പാടെ ഒരു കള്ളലക്ഷണമവനു. കുഞ്ഞുങ്ങളെ ഉപദ്രവിക്കുമോയെന്നു പേടിയായെനിക്ക്. അതിനെ ആ കൂട്ടിനടുത്തു നിന്നും ഓടിക്കാന്‍ ഞാന്‍ ഒരു പഴയ ഷൂവെടുത്തു ദിപ്പം നിന്നെ എറിയും എന്ന രീതിയില്‍ കുറച്ചു ആക്ഷന്‍സ് നടത്തി. അവന്‍ പതുക്കെ ഇരിന്നിടത്തുന്ന് താഴേയ്ക്കിറങ്ങി. ബാല്‍ക്കണിയിലേയ്ക്ക് ചാടാനുള്ള ഭാവമാണോയെന്നു പേടിച്ച് ഞാന്‍ ഓടാന്‍ റെഡിയായി വാതിലില്‍ ഒരു കൈ പിടിച്ച് കുറച്ചു ഫോട്ടോസ് എടുത്തു. വിറച്ചു എടുത്തത് കൊണ്ട് ഒന്നും നേരാവണ്ണം കിട്ടിയില്ല.മാത്രമല്ല അന്നേരം ഫോട്ടേയെക്കാള്‍ അതിനെ അവിടുന്ന് ഓടിക്കുക എന്നതായിരുന്നു മനസ്സില്‍. കുരങ്ങന്‍ പതുക്കെ മരത്തില്‍ നിന്നും ഇറങ്ങി ബില്‍ഡിംഗിന്റെ പുറകുവശത്തേയ്ക്ക് പോയി. അവിടുത്തെ കിളികളുടെ ശബ്ദം കുറച്ചു നേരം കേട്ടു. പിന്നെയെല്ലാം ശാന്തമായി. പിന്നെയും കുറേ നേരം വേണ്ടി വന്നു ആ കിളികള്‍ തിരികെ കൂട്ടിലെത്താന്‍.
പിന്നെ ഈ കിളികളും അണ്ണാറക്കണ്ണനുമെല്ലാം ഇങ്ങനെ ഒച്ചയുണ്ടാക്കുമ്പോ ഞാന്‍ പോയി നോക്കാറുണ്ട്. എന്റെ കുട്ടിക്കാലത്ത് കാക്കകള്‍ ഇങ്ങനെ ശബ്ദമുണ്ടാക്കി മൂര്‍ഖന്‍കുഞ്ഞിനെ കാണിച്ചു തന്നിട്ടുണ്ട്. ഇന്നലെയേയും കേട്ടു ഇതു പോലെ കോലാഹലം ഇപ്രാവശ്യം മൈനയും കുയിലും അണ്ണാനുമാണ് കൂടുതല്‍ ഒച്ച വെച്ചത്. മരത്തിന്റെ മുകളിലും താഴെയുമൊക്കെ നോക്കിയിട്ട് ഒന്നു കണ്ടില്ല. പിന്നെ സണ്‍ഷെയ്ഡില്‍ നോക്കിയപ്പോ ഒരു സുന്ദരന്‍ പൂച്ച.
എന്താ ക്ഷീണം ഒന്നുറങ്ങട്ടെ
ഒരു കുരങ്ങന്‍ മുട്ട കട്ടു തിന്നുന്നുവെച്ച് എന്നെ പോലുള്ള നിരപരാധികളേയും സംശയിക്കുന്നതു ശരിയാണോ?

ഇനി പാക്കറ്റ് പാല്‍ രാവിലെ എതോ ഒരുത്തന്‍ അടിച്ചോണ്ടു പോണതും എന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ പോവുവാണോ?

ചേച്ചി പോയാട്ടേ... സത്യം പറയാല്ലോ ആ ചക്കി പൂച്ച ഇവിടെ വരാന്നു പറഞ്ഞിട്ടു വന്നതാ. ഞങ്ങളു ഭയങ്കര ലൌവാ.
N.B:- ഇതെല്ലാം ഇവന്‍ എന്നോടു തെലുങ്കില്‍ പറഞ്ഞ കാര്യങ്ങളാ. തെലുങ്കിലെഴുതിയാല്‍ നിങ്ങള്‍ക്ക് മനസ്സിലാവാത്തതു കൊണ്ടു മലയാളത്തില്‍ പരിഭാഷപ്പെടുത്തിയെന്നു മാത്രം.
No comments:
Post a Comment