Wednesday, 6 March 2013

വെനസ്വേലന്‍ പ്രസിഡന്റ്‌ ഹ്യൂഗോ ഷാവേസിന്റെ ജീവിതകഥ.



വെനസ്വേലയിലെ സബനേറ്റ എന്ന കുഗ്രാമത്തില്‍ ഹ്യൂഗോ ദെ ലോ റെയ്‌സ്‌ ഷാവേസിന്റെയും എലേന ഫ്രയ...സ്‌ ദെ ഷാവേസിന്റെയും ഏഴു മക്കളില്‍ രണ്ടാമനായി 1954 ജൂലൈ 28ന്‌ ജനനം. ദാരിദ്യം കാരണം അച്‌ഛനും അമ്മയും കൊച്ചു ഹ്യുഗോയെയും ചേട്ടന്‍ അഡാന്‍ ഷാവെസിനെയും മുത്തശ്ശി റോസയുടെ അരികിലേക്ക്‌ അയച്ചു. ഇരുവരുടെയും പഠനകാര്യങ്ങളില്‍ മുത്തശ്ശി വളരെയധികം ശ്രദ്ധചെലുത്തി. ഗ്രാമത്തിലെ പ്രൈമറി സ്‌കൂള്‍ പഠനത്തിനു ശേഷം റോസ സഹോദരന്‍മാരുമായി ബാരിനാസ്‌ നഗരത്തിലേക്കു കുടിയേറി. ആ മേഖലയിലെ ഏക ഹൈസ്‌കൂള്‍ അവിടെയായിരുന്നു. 

വെനസ്വേലന്‍ സൈനികനും ഫെഡറലിസ്‌റ്റ്‌ മൂവ്‌മെന്റിന്റെ നേതാവുമായിരുന്ന ജനറല്‍ എസെക്വെല്‍ സമോറയുടെ ആദര്‍ശങ്ങളില്‍ കൌമാരകാലത്തു തന്നെ ഷാവെസ്‌ ആകൃഷ്‌ടനായി. തുടര്‍ന്ന്‌ കരാക്കസിലെ വെനസ്വേലന്‍ അക്കാദമി ഓഫ്‌ മിലിട്ടറി സയന്‍സസില്‍ ചേര്‍ന്നു. അക്കാദമിയിലെ പഠനം ലോകത്തെക്കുറിച്ച്‌ ആഴത്തില്‍ മനസ്സിലാക്കാന്‍ ഷാവേസിനെ പ്രാപ്‌തനാക്കി. വെനസ്വേലയിലെ താഴത്തേത്തട്ടിലുള്ളവരുടെ ജീവിത നിലവാരവും പട്ടിണിയും നേരിട്ടു കണ്ടറിഞ്ഞു. അങ്ങനെ അക്കാദമിക്കു വെളിയില്‍ ജനങ്ങളുടെ ഒപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചു. 

കളികളിലേര്‍പ്പെട്ടും കവിതകളും കഥകളും എഴുതിയും ചിത്രം വരച്ചും സമയം ചെലവഴിച്ച ഷാവെസ്‌ ദക്ഷിണ അമേരിക്കന്‍ വിപ്ലവകാരിയായ സൈമണ്‍ ബൊലിവറിന്റെ ജീവിതത്തെക്കുറിച്ചു കൂടുതല്‍ മനസ്സിലാക്കുന്നതിനും ശ്രമിച്ചു. ചെഗുവേരയുടെ വിപ്ലാവാശയങ്ങളില്‍ ആകൃഷ്‌ടനായി. 

അക്കാദമിയിലെ ബിരുദ പഠനത്തിനു ശേഷം ബാരിനസിലെ ഒരു യൂണിറ്റില്‍ കമ്യൂണിക്കേഷന്‍ ഓഫിസറായി ജോലി ലഭിച്ചു. സര്‍ക്കാരിനെതിരെ മാര്‍ക്‌സിസ്‌റ്റ്‌ വിപ്ലവ ശ്രമം നടന്ന സ്‌ഥലമായിരുന്നു അത്‌. എന്നാല്‍ പ്രക്ഷോഭമൊക്കെ തണുത്തതിനാല്‍ ഷാവേസിന്‌ മറ്റു കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ ഏറെ സമയം ലഭിച്ചു. തദ്ദേശീയരായ ബേസ്‌ബോള്‍ കളിക്കാര്‍ക്കൊപ്പം സമയം ചെലവിട്ട അദ്ദേഹം പ്രാദേശിക പത്രത്തില്‍ വാരാന്ത്യ കോളവും എഴുതി. വിപ്ലവകാരികള്‍ അവശേഷിപ്പിച്ചു പോയവയില്‍ നിന്ന്‌ ഒരിക്കല്‍ കാള്‍ മാര്‍ക്‌സിന്റെയും ലെനിന്റെയും മാവോയുടെയും സിദ്ധാന്തങ്ങള്‍ ലഭിച്ചു. ഇവ വായിച്ചതിലൂടെ വെനസ്വേലയില്‍ ഇടതു ചിന്താഗതിയുള്ള സര്‍ക്കാര്‍ വരേണ്ടതിന്റെ ആവശ്യകത ഷാവെസിന്റെ മനസ്സില്‍ ഉറച്ചു.

സമ്പന്നമായ എണ്ണപ്പാടങ്ങളില്‍ നിന്നു രാജ്യം പുരോഗതി പ്രാപിക്കുന്നുണ്ടെങ്കിലും സാധാരണക്കാരിലേക്ക്‌ ആ പണം എത്തുന്നില്ലെന്നു ഷാവെസ്‌ തിരിച്ചറിഞ്ഞു. കൂടാതെ, ഭരണകൂടത്തിലും സൈന്യത്തിലും നിറയെ അഴിമതിയും. ഈ തിരിച്ചറിവ്‌ ഷാവെസിന്റെ ഉള്ളിലെ പോരാളിയെ വാര്‍ത്തെടുക്കുകയായിരുന്നു. പട്ടാളത്തിലെ ഇടതു ചിന്താഗതിക്കാരെ ഉള്‍പ്പെടുത്തി വെനസ്വേലന്‍ പീപ്പിള്‍സ്‌ ലിബറേഷന്‍ ആര്‍മി എന്ന രഹസ്യ സംഘടന ആരംഭിച്ചു. 1977ലായിരുന്നു ഇത്‌. 

അഞ്ചു വര്‍ഷത്തിനു ശേഷം റെവലൂഷനറി ബൊളിവേറിയന്‍ മൂവ്‌മെന്റ്‌ – 200 (എംബിആര്‍ – 200) എന്ന പുതിയ സംഘടനയും രഹസ്യമായി സ്‌ഥാപിച്ചു. എന്നാല്‍ കുറച്ചു കാലം കഴിഞ്ഞപ്പോള്‍ തന്നെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്‌ഥര്‍ക്ക്‌്‌ ഷാവേസിന്റെ പ്രവര്‍ത്തനങ്ങളില്‍ സംശയം തോന്നിത്തുടങ്ങി. അവര്‍ ഷാവേസിനെ അപ്യൂര്‍ സംസ്‌ഥാനത്തെ എലോര്‍സയിലേക്കു സ്‌ഥലം മാറ്റി. അവിടെ ഗോത്രവര്‍ഗക്കാരുടെ ഇടയിലായി പിന്നീട്‌ പ്രവര്‍ത്തനം. ഗോത്രവര്‍ഗക്കാരുടെ അവകാശങ്ങളെക്കുറിച്ചു ബോധാവാനായ കാലഘട്ടമായിരുന്നു ഇത്‌. പിന്നീട്‌ ഭരണഘടന പൊളിച്ചെഴുതിയപ്പോള്‍ ഈ വിഭാഗത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിയമങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
1988ല്‍ മേജറായി സ്‌ഥാനക്കയറ്റം കിട്ടി. അന്നത്തെ ജനറല്‍ റോഡ്രിഗ്വെസ്‌ ഓഛയുടെ വിശ്വസ്‌തനായി. 

ഭരണകൂടത്തിന്റെ ഭീകരതയ്ക്കെതിരെ ഓപ്പറേഷന്‍ സമോറ എന്ന പേരില്‍ പട്ടാള അട്ടിമറി ശ്രമം നടത്തി പരാജയപ്പെട്ടു. 1992ലായിരുന്നു അത്‌. അദ്ദേഹത്തെയും കൂട്ടരെയും അറസ്‌റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചു. അടുത്ത തിരഞ്ഞെടുപ്പില്‍ നിഷ്‌പക്ഷ പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ ഷാവേസിനെയും കൂട്ടരെയും വിട്ടയച്ചു.
ജയിലില്‍ നിന്നിറങ്ങിയ ഷാവേസ്‌ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലൂടെ തന്റെ പ്രസ്‌ഥാനത്തിനു പിന്തുണ തേടി സഞ്ചരിച്ചു. ക്യൂബന്‍ വിപ്ലവനേതാവായ ഫിഡല്‍ കാസ്‌ട്രോയുമായുള്ള സൌഹൃദം ആരംഭിക്കുന്നത്‌ ഇങ്ങനെയാണ്‌. രാജ്യത്ത്‌ തിരിച്ചെത്തിയ അദ്ദേഹം ഭരണകൂടത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ്‌ നടത്തിയത്‌. 

തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ ഷാവെസ്‌ വിജയിച്ചു. സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെയും അവഗണിക്കപ്പെട്ടു കിടന്ന വിഭാഗങ്ങളുടെയും വോട്ടാണ്‌ ഷാവേസിനു ലഭിച്ചതെന്നു പിന്നീടുള്ള പഠനങ്ങള്‍ തെളിയിച്ചു. തുടര്‍ന്ന്‌ നാലു വട്ടം ഷാവേസിനെ വെനസ്വേല പ്രസിഡന്റ്‌ സ്‌ഥാനത്തേക്ക്‌ തിരഞ്ഞെടുത്തു. ആദ്യ അവസരത്തില്‍ തന്നെ രാജ്യത്തിന്റെ ഭരണഘടന പൊളിച്ചെഴുതി. അശരണര്‍ക്കും സാധാരണക്കാര്‍ക്കും സര്‍ക്കാര്‍ പണത്തിന്റെ ഗുണം ലഭിക്കുന്ന നയങ്ങള്‍ കൊണ്ടുവന്നു. ഷാവേസ്‌ ജനകീയനായി മാറുകയായിരുന്നു. പിന്നീട്‌ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
2011 ജൂണില്‍ തനിക്കു ക്യാന്‍സറാണെന്നു ഷാവേസ്‌ തന്നെയാണു ലോകത്തെ അറിയിച്ചത്‌. ക്യൂബയില്‍ നടത്തിയ ശസ്‌ത്രക്രിയയിലൂടെ രോഗ മുക്‌തനായെന്നും വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം അദ്ദേഹം നാലാമതും പ്രസിഡന്റ്‌ സ്‌ഥാനത്തേക്കു മത്സരിച്ചു ജയിച്ചു. എന്നാല്‍ ക്യാന്‍സര്‍ ആ പോരാളിയെ വിട്ടു പോകാന്‍ ഒരുക്കമല്ലായിരുന്നു. വീണ്ടും ശസ്‌ത്രക്രിയയെ അഭിമുഖീകരിക്കേണ്ടി വന്നു. തുടര്‍ന്നു മരണത്തേയും.

കടപ്പാട്: 
shibu panolan
Mob: +966 5343516431 Tel I 02-6902020 Ex 1136

1 comment:

  1. പുതിയ അറിവ് ലഭിച്ചു....നന്ദി

    ReplyDelete