ന്‍റെ റബ്ബേ... ന്‍റെ കുട്ടി പോയല്ലോ... ഇച്ച് ഞ് ആരാള്ളത് ൻറെ ബദ്രീങ്ങളേ......
ജമീലാത്തന്‍റെ നെഞ്ഞത്തടിച്ചുള്ള നിലവിളി കേട്ട് ഉച്ചമയക്കത്തിലായിരുന്ന അയൽവാസികൾ മുഴുവൻ ഉണർന്നു. ഞാനും മുത്തുവും എന്ത് ചെയ്യണമെന്നറിയാതെ കണ്ണും മിഴിച്ചു നില്ക്കുകയാണ്. ജമീലാത്തയുടെ പ്രതികരണം ഇങ്ങനെയായിരിക്കും എന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. ആളുകൾ ഓടിക്കൂടുന്നത് കണ്ടിട്ട് മുത്ത് അവിടെ നിന്നും സ്കൂട്ട് ആവാനുള്ള ഒരു പാഴ് ശ്രമം നടത്തി. പക്ഷെ എന്റെ നോട്ടം കണ്ടിട്ടോ അതോ എന്റെ കാലുകൊണ്ട് അവന്റെ കാലിന്റെ പെരുവിരലിനിട്ടു കൊടുത്ത തലോടൽ കാരണമോ എന്നറിയില്ല, അവൻ അവിടെ തന്നെ നിന്നു.
ആളുകൾ ഓടി അടുത്തെത്തുന്നതിനു മുൻപുതന്നെ ജമീലാത്ത ഓട്ടം ആരംഭിച്ചു. ഞങ്ങൾ രണ്ടുപേരും അതും പ്രതീക്ഷിച്ചില്ലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് നാട്ടുകാർക്കു ഒരു എത്തുംപിടീം കിട്ടീല, അത് വിശദീകരിക്കാൻ ഞങ്ങൾക്കു നേരവും ഇല്ലായിരുന്നു. ഞങ്ങളും ജമീലാത്തനെ പിന്തുടർന്നു.
ജമീലാത്തന്‍റെ മുടിയനായ സന്തതി സർകസ്സിൽ ചേർന്നു. ആ വിവരം പറയാൻ പോയപ്പോഴുണ്ടായ പൊല്ലാപ്പാണ് ഇതൊക്കെ. അസറു എന്ന് ജമീലാത്ത സ്നേഹത്തോടെ വിളിക്കുന്ന നാട്ടുകാരുടെ പാപ്പച്ചൻ, ഞങ്ങളുടെ പാപ്പി എന്ന ശ്രീമാൻ അഷറഫ് ആണ് കഥാ നായകൻ. കാശിനുള്ള ബുദ്ധിമുട്ടോ മറ്റു ജോലി കിട്ടാഞ്ഞിട്ടോ അല്ല ഈ സാഹസം.അവൻ സർകസ്സിൽ ചേർന്നതിന്‍റെ അല്ലെങ്കിൽ അവന്‍റെ inspiration എന്ന് പറയുന്നത് സർകസ്സിലെ വെയിറ്റ് ലിഫ്റ്റിങ്ങ് ഷോ നടത്തുന്ന കണ്ടാൽ നമ്മുടെ ഗുരുവായൂർ കേശവന്‍റെ തലയെടുപ്പും ശരീര സൌന്ദര്യവുമുള്ള (ആകൃതിയും, ഉയരവും, നടത്തവും എല്ലാംകൊണ്ടും ഒറ്റനോട്ടത്തിൽ അത് ഗുരുവായൂർ കേശവൻ തന്നെ എന്ന് പറയും) ശ്രീമതി മലപ്പുറം ഖദീജയാണ്. സംഭവം നടക്കുന്നത് ഇപ്പോഴൊന്നുമല്ല. ഞങ്ങൾ കൌമാരം കഴിഞ്ഞ് യുവാക്കൾ ആയി സ്വന്തം കാലിൽ നില്ക്കുവാൻ പ്രാപ്തരായി എന്നു സ്വയം പറയുന്ന ആ പ്രായം. അതായത് ഒൻപതാം ക്ളാസ്സിൽ പഠിക്കുന്ന കാലം.
നാട്ടിൽ ഞങ്ങൾ ഞങ്ങളെ സ്വയം വിളിക്കുന്നത് "പത്തരക്കൂട്ടം" എന്നാണു. ഞാൻ, കരിമ്പൻ സിധീഖ്, കണ്ണാപ്പി മുജീബ്, ചെൾക്ക അജ്മൽ, പാപ്പച്ചൻ അഷ്‌റഫ്, കരാമ മുത്തു, മോഗ്ളി കലീമുല്ലഹ്, കുടൽ റഫീഖ്, മാങ്ങാണ്ടി ആബിദ്, കുപ്പിച്ചില്ല് ഷാജി പിന്നെ തൊള്ളായിരം അൻവർ (1000 മുഴുവൻ ഇല്ലാത്തോണ്ട് അൻവർ 'അര' എന്നും അറിയപ്പെടും) എന്നിങ്ങനെ 11 പേർ അടങ്ങുന്നതാണ് ഞങ്ങളുടെ പത്തരക്കൂട്ടം.
ആ വർഷത്തെ കൊണ്ടോട്ടി നേർച്ചയുടെ പ്രധാന ആകർഷണം സർകസ്സ് ആയിരുന്നു. ഞങ്ങൾ കൂട്ടുകാർ എല്ലാവരും ഒരുമിച്ചാണ് സര്ക്കസ്സിനു പോയത്. സർക്കസ്സ് കഴിഞ്ഞ് പുറത്തിറങ്ങി ഞങ്ങൾ അബ്ദുവിന്റെ തട്ടുകടയിൽ കയറി ഓരോ സർബത്ത് കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് പാപ്പിയെ കാണാനില്ല എന്നു ശ്രദ്ധിച്ചത്. അവനെ അന്വേഷിച്ചു ആ പരിസരം മുഴുവൻ ഞങ്ങൾ കറങ്ങി. അങ്ങനെ അവനെ അന്വേഷിച്ചു നടന്ന ക്ഷീണം മാറ്റാൻ വീണ്ടും അബ്ദുവിന്റെ കടയിലെത്തി സർബത്ത് ഓർഡർ ചെയ്തു. തെല്ലൊരു ദേഷ്യത്തോടെ അബ്ദു നാരങ്ങ പിഴിഞ്ഞുകൊണ്ടിരിക്കുംബോഴാണ് (കാശ് കൊടുക്കാതെയുള്ള സർബത്ത് കുടിയാണ് പിന്നെ അബ്ദുവിന് ദേഷ്യം വരാതിരിക്കുമോ? എന്തുകൊണ്ട് കാശ് കൊടുക്കുന്നില്ല എന്നത് പിന്നീട് ഒരു അവസരത്തിൽ പറയാം) സർക്കസ്സ് കൂടാരത്തിന്റെ പിറകിൽ നിന്നും ഭയങ്കര ബഹളം. ഞങ്ങൾ എല്ലാവരും അങ്ങോട്ടോടി. അവിടെ ചെന്നപ്പോ കണ്ട കാഴ്ച എന്താണെന്ന് വെച്ചാൽ, നമ്മുടെ പാപ്പി നിലംതൊടാതെ വായുവിൽ നില്ക്കുന്നു. ആശാൻ സർക്കസ്സൊന്നും പഠിച്ചിട്ടില്ല പിന്നെങ്ങനെ ഇത് എന്നു ചിന്തിച്ചു മുകളിലോട്ടു നോക്കിയപ്പോഴാണ് പാപ്പിയുടെ കഴുത്തിൽ ഒരു കൈ കണ്ടത്. ഞങ്ങൾക്കൊന്നും മനസ്സിലായില്ല.
"എടാ നായ്ക്കളെ ആ ചെറ്റ എന്റെ കൊല്ലിക്ക് പുടിച്ചിരിക്കാ... നോക്കിക്കാതെ ന്നെ ബക്കം കൈച്ചലാക്കി ഞാപ്പം ചാകും." പാപ്പി അലറി. അപ്പോഴാണ് സംഗതിയുടെ കിടപ്പ് ഞങ്ങൾക്ക് മനസ്സിലായത്. സർക്കസ്സ് കൂടാരത്തിന്റെ അകത്തുനിന്നും വിടവിലൂടെ ആരോ പാപ്പിയുടെ കൊലവള്ളിക്ക് പിടിച്ചിരിക്കുന്നു. ഞങ്ങളുടെ രക്തം തിളച്ചു. കൂട്ടത്തിൽ ധൈര്യവാൻ അജ്മൽ കയ്യിൽ കിട്ടിയ ഒരു വിറകുകഷ്ണമെടുത്തു ആ കൈക്ക് ഒറ്റ അടി. ഒരുനിലവിളി കേട്ടു. പാപ്പി ദേ നിലത്ത്.
എന്താണ് സംഭവമെന്ന് ചോദിക്കാൻ തുടങ്ങുന്നെനു മുൻപേ, "മക്കളേ തടി മാണൻക്കീ മണ്ടിക്കൊളീ ഓല് അങ്ങേപോർതൂടെ ബരണുണ്ട്..." എന്നും പറഞ്ഞുകൊണ്ട് അവൻ എഴുന്നേറ്റു ഓട്ടം തുടങ്ങി. ആഹാ എന്നാ അതൊന്നു കണ്ടിട്ട് തന്നെ കാര്യം എന്നും പറഞ്ഞു ഞങ്ങളും അവിടുന്ന് പാപ്പിയുടെ പിറകെ വെച്ച് പിടിച്ചു. പാപ്പിക്ക് ഞങ്ങളെക്കാൾ കൂടുതൽ അല്ലെങ്കിൽ ഞങ്ങൾ ഇതുവരെ ഞങ്ങളുടെ നാട്ടിൽ കാണാത്ത ഊടുവഴികൾ അറിയാം എന്നു ഞങ്ങൾക്ക് അന്ന് മനസ്സിലായി.
പത്തരക്കൂട്ടം ഞങ്ങളുടെ പതിവ് സ്ഥലത്ത് ഒത്തുകൂടിയപ്പോ പാപ്പി കഥ വിവരിക്കാൻ തുടങ്ങി. സർക്കസ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോ പാപ്പിക്ക് ഒരാശ. സർക്കസ്സിലെ വെയിറ്റ് ലിഫ്റ്റിങ്ങ് ഷോ അവതരിപ്പിച്ച ശ്രീമതി മലപ്പുറം ഖദീജയെ ഒരിക്കൽക്കൂടി ഒന്ന് കാണണം എന്നു. ഞങ്ങൾപോലും അറിയാതെ അവൻ മുങ്ങി. സർക്കസ്സ് കൂടാരത്തിന്റെ ചുറ്റും വലംവെക്കുകയായിരുന്ന പാപ്പി അപ്പോഴാണ് കൂടാരത്തിന്റെ പിറകിൽ സാമാന്യം വലിയൊരു വിടവ് കണ്ടത്. അവൻ അതിലൂടെ നോക്കിയപ്പോ സർക്കസ്സിലെ തരുണീമണികൾ അവിടെയിരുന്നു പരദൂഷണം പറയുന്നത് കണ്ടു. അവൻ ആ വിടവിലൂടെ കുറച്ചു നേരം നോക്കിയിരുന്നു. ഖദീജാത്താനേ അവിടെയൊന്നും കാണുന്നില്ല. പാപ്പി അവിടെ നിന്ന് ആ വിടവിലേക്കു തരുനീമാനികളുടെ ശ്രദ്ധ അവനിലേക്ക് ആകര്ഷിച്ചു എന്നിട്ട് തന്റെ ആവശ്യം അറിയിച്ചു. മലയാളമറിയാത്ത ആ മങ്കമാർക്ക് പാപ്പിയുടെ മലയാളം ശെരിക്കു മനസ്സിലായി അവർ ഖദീജാത്താനേ ഉറക്കെ വിളിച്ചു. അവരുടെ ഭാഷ മനസ്സിലാവാത്ത പാപ്പിക്ക് അവർ എന്താണ് പറഞ്ഞതെന്ന് മനസ്സിലായി. അവൻ ഖദീജാത്താനേ അക്ഷമയോടെ കാത്തിരുന്നു. പക്ഷെ പാപ്പിയെ കാണാൻ വന്നത് സർക്കസ്സിലെ ഒരു തടിമാടൻ. അയാളുടെ വരവ് കണ്ടപ്പോ തന്നെ സംഭവം പന്തിയല്ലെന്ന് പാപ്പിക്ക് മനസ്സിലായി. ഓടാൻ ശ്രമിക്കുമ്പോഴേക്കും അയാളുടെ കൈ ആ വിടവിലൂടെ പാപ്പിയുടെ കഴുത്തിൽ പിടുത്തമിട്ടിരുന്നു. കൂടാതെ കുറച്ചു ആളുകൾ അപ്പുറത്തെ വാതിൽ ലക്ഷ്യമാക്കി ഓടുന്നതും പാപ്പി കണ്ടു. ഇതാണ് അവിടെ സംഭവിച്ചത്.
ദിവസങ്ങൾ കഴിടുംതോറും ഖദീജാത്താനേ കാണുവാനുള്ള പാപ്പിയുടെ ആഗ്രഹം കൂടിക്കൂടിവന്നു. മിക്കവാറും എല്ലാ ദിവസവും അവൻ സർക്കസ്സ് കാണുവാൻ പോയി. അങ്ങനെ സർക്കസ്സുകാർ അവിടെനിന്നും പോകുന്നതിന്റെ തലേദിവസം മുത്തുവും ആബിദുംകൂടി അവനു ഒരു ഐഡിയ പറഞ്ഞുകൊടുത്തു.
തുടരും....
ആദ്യമായാണ് സ്വന്തമായി എഴുതുന്നത്. ഇത്രയും കാലം മറ്റുള്ളവരുടെ ബ്ളോഗുകൾ കോപ്പി അടിക്കലായിരുന്നു പ്രധാന ജോലി. കുറെ എണ്ണം മനസ്സിലുണ്ട്. പക്ഷെ അത് എങ്ങനെ അവതരിപ്പിക്കണം എന്നറിയില്ല. നിങ്ങളുടെ അഭിപ്രായം അറിയിക്കുക. നിങ്ങളുടെ അഭിപ്രായങ്ങളും, നിര്ദേശങ്ങളും ആണ് ഇനി എനിക്കുള്ള പ്രജോദനം. തെറ്റുകളും കുറ്റങ്ങളും ചൂണ്ടികാണിക്കാൻ മറക്കല്ലേ.
ആദ്യമായാണ് സ്വന്തമായി എഴുതുന്നത്. ഇത്രയും കാലം മറ്റുള്ളവരുടെ ബ്ളോഗുകൾ കോപ്പി അടിക്കലായിരുന്നു പ്രധാന ജോലി. കുറെ എണ്ണം മനസ്സിലുണ്ട്. പക്ഷെ അത് എങ്ങനെ അവതരിപ്പിക്കണം എന്നറിയില്ല. നിങ്ങളുടെ അഭിപ്രായം അറിയിക്കുക. നിങ്ങളുടെ അഭിപ്രായങ്ങളും, നിര്ദേശങ്ങളും ആണ് ഇനി എനിക്കുള്ള പ്രജോദനം. തെറ്റുകളും കുറ്റങ്ങളും ചൂണ്ടികാണിക്കാൻ മറക്കല്ലേ.
സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം Hisperado










