Thursday, 19 December 2013

RM Homeopathy Multispecialty Clinics - Kozhikode, Kerala


Wednesday, 24 April 2013

ഒറ്റക്കാലുള്ള പ്രേതം !

കോങ്കണ്ണിത്തോട്ടിലാണ് ആദ്യം അത് കണ്ടത്. അലക്കുകാരി കാര്‍ത്തു രാവിലെ തോട്ടിലിറങ്ങുമ്പോഴായിരുന്നു അപ്പുറത്ത് ഒഴുകി നടക്കുന്ന കാല്‍ കണ്ടത്. മനുഷ്യന്റെ ഒരു കാല്‍ മാത്രം !!
അലറിവിളിച്ചു കൊണ്ട് കാര്‍ത്തു നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാര്‍ വന്നു നോക്കി. അതെ സാധനം കാല്‍ തന്നെയാണ് എന്നതിനെക്കാള്‍ ഒരു കാല്‍ മാത്രമേയുള്ളൂ എന്നതാണ് നാട്ടുകാരെ വിറപ്പിച്ചത്.
കോട്ടയത്തെ പ്രവീണ്‍ വധത്തിന്റെ അതേ ശൈലിയില്‍ ആരോ ആരെയോ കൊന്നിരിക്കുന്നു.
എസ്ഐ ജോര്‍ജിന്റെ ഭാര്യ സുന്ദരിയാണെന്നു കേട്ടിട്ടുണ്ട്. പക്ഷെ, അയാളുടെ ഡ്രൈവര്‍ സുരേഷ് വീട്ടില്‍ കിടന്നുറങ്ങുന്നുണ്ട്. അവന്റെ രണ്ടു കാലും അവന്റെ കൈയ്യില്‍ തന്നെയുണ്ട്. അപ്പോള്‍ സംഗതി ഡിവൈഎസ്പി തലത്തിലോ മറ്റോ ആയിരിക്കണം. പൊലീസുകാരെ തീരെ വിശ്വസിച്ചുകൂട.
കാല് കണ്ടിടത്തേക്ക് ജനം കുതിച്ചു. പൊലീസും വന്നു. വെളുത്ത ഒരു യുവാവിന്റെ കാലാണതെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാണ്. സംഗതി മൊത്തത്തോടെ വെട്ടി ഒഴുക്കി വിട്ടിരിക്കുകയാണ്. മീനച്ചിലാറ്റിലേക്ക് വന്നു ചേരുന്ന മറ്റ് കൈത്തോടുകളില്‍ ജനവും പൊലീസും, മറ്റേ കാല്‍, കൈകള്‍, തല തുടങ്ങിയ അവയവങ്ങള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഇനി മീനച്ചിലാറ്റിലും മണിമലയാറ്റിലും അതിന്റെ കൈവഴികളിലുമാണ് തിരച്ചില്‍ നടത്താനുള്ളത്. കൊല്ലുന്നവന് എല്ലാം കൂടി ഒരിടത്തു കുഴിച്ചു മൂടിയിട്ട് അറിയിച്ചാല്‍ പോരേ ?
വൈകുന്നേരമായപ്പോഴേക്കും കാല് നാട്ടിലെ പ്രമുഖരായ രണ്ട് കുടിയന്മാര്‍ ചേര്‍ന്ന് ഒരു പായില്‍ പൊതിഞ്ഞു പൊലീസുകാര്‍ ചൂണ്ടിക്കാണിച്ച ആംബുലന്‍സില്‍ വച്ചു കൊടുത്തു. പൊലീസുകാര്‍ അത് നേരേ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ കൊണ്ടുപോയി വച്ചു.
കോങ്കണ്ണിത്തോട് ഏറെക്കുറെ ഒറ്റപ്പെട്ടു. കൊല്ലപ്പെട്ട മനുഷ്യന്റെ ബാക്കി അവയവങ്ങള്‍ തോട്ടിലൂടെ ഒഴുകി വരുമെന്ന ഭീതി ഗ്രാമത്തെയാകെ ബാധിച്ചു. ഇടക്കിടെ തോട്ടിലിറങ്ങുന്നവരുടെ തൊണ്ടയില്‍ നിന്ന് അറിയാതുയര്‍ന്നു പോകുന്ന അലര്‍ച്ചകള്‍ ജനത്തെ പിന്നെയും പിന്നെയും ഞെട്ടിച്ചു കൊണ്ടിരുന്നു. തോട്ടിലൂടെ എന്തെഴൊകി വന്നാലും അതിനെ ഏതെങ്കിലും അവയവമായി സങ്കല്‍പിച്ചായിരുന്നു ഭീതിദതമായ ഈ ഭീകരനിലവിളികള്‍.
തോട്ടില്‍ കുളി, കളി, അലക്ക് തുടങ്ങിയ ജോലികള്‍ വ്യാപകമായി കുറഞ്ഞെങ്കിലും മഴക്കാലമെത്തിച്ച മണലിന്റെ ശേഖരത്തിലാകൃഷ്ടമായ വെട്ടന്‍ ജോണിയുടെ തോണി അന്നു രാത്രിയും പുഴയിലിറങ്ങുക തന്നെ ചെയ്തു. മണല്‍ക്കടവുകളില്‍ ജനകീയ പൊലീസും മണല്‍സേനയും അവയവഭീതികാരണം തോടിന്റെ പരിസരത്തെങ്ങുമില്ലാത്ത ആ രാത്രി തോട്ടിലെ മണല്‍ മുഴുവനും വാരിക്കൊണ്ടു പോകാന്‍ വേണമെങ്കില്‍ പര്യാപ്തമാണെന്ന് ജോണിക്കറിയാമായിരുന്നു.
ഒസിആറിന്റെ നാല് ഫുള്ളും കൊടുത്ത് ജോണി തോണിയില്‍ നാലു പണിക്കാരെ തോട്ടിലിറക്കി. അഥവാ വല്ലവരും ചോദിച്ചാല്‍ സാമൂഹിപ പ്രതിബദ്ധത കൊണ്ട് അവയവം തിരയുകയാണെന്നു പറയുകയും, അഥവാ വല്ല അവയവവും മണലിനോടൊപ്പം കൈയ്യില്‍ തടഞ്ഞാല്‍ ഒന്നുമറിയാത്തതുപോലെ തിരിച്ച് പുഴയിലേക്കെറിയുകയുമാണ് വേണ്ടതെന്ന് ജോണി തോണിക്കാരോട് പറഞ്ഞിരുന്നു.
ജോണിയുടെ മണല്‍ത്തോണി രാത്രി 10 മണിയോടെ പന്ത്രണ്ടാം കടവില്‍ നിന്ന് നീരണിഞ്ഞു. ഒസിആറിന്റെ നിലാവില്‍ അവര്‍ മണലൂറ്റി. ക്ഷീണം തോന്നിയപ്പോഴൊക്കെ ഊര്‍ജ്ജം ഗ്ലാസ്സിലൂറ്റി. മണി, പതിനൊന്നായി, പതിനൊന്നരയായി, പതിനൊന്നേമുക്കാലായി. ഒസിആര്‍ രണ്ടെണ്ണം മാത്രം തീര്‍ന്നപ്പോഴേക്കും ഫുള്‍ലോഡ് മണലുമായി തോണി ആറു തവണ തീരത്ത് പോയി വന്നിരുന്നു.
ഏഴാമത്തെ ലോഡ് നിറച്ച് തീരത്തേക്ക് മെല്ലെ തുഴഞ്ഞു കൊണ്ടിരിക്കുമ്പോഴാണ്. തോണിയിലെ ജോണിസംഘം ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്. അവര്‍ക്കഭിമുഖമായെന്ന പോലെ നേര്‍ത്ത നിലാവിന്റെ നിഴലുപോലെ ഒറ്റക്കാലുള്ള ഒരു രൂപം… സംഘം വിറങ്ങലിച്ചുപോയി.
പ്രേതം! എന്ന നിലവിളിയുമായി സംഘത്തിലെ മൂന്നു പേരും തോട്ടിലേക്കു ചാടി. അല്‍പം ധൈര്യമവശേഷിച്ചിരുന്ന പഴയ നക്സലൈറ്റ് ആയിരുന്ന നാരായണന്‍ ഒന്നുകൂടി നോക്കി. മുഖം കാണാനില്ല. തല എന്തോ കൊണ്ട് മറച്ചിരിക്കുന്നു. ഷെര്‍ലക് ഹോംസ് കഥകളിലെപ്പോലെ ദുരൂഹമായ രൂപം. വ്യക്തമായും ആരോ വെട്ടിമാറ്റിയ വലതു കാല്‍. സംഗതി പ്രേതം തന്നെ.
ആചാരപരമായി എക്സ് നക്സലൈറ്റ് നിലവിളിയോടെ തോണിയോടൊപ്പം പുഴയിലേക്ക് വീണു. കാലിന്റെ ബാക്കി രാത്രിയില്‍ പ്രേതമായെത്തി ജോണിയുടെ വളളം മുക്കിയ കഥ പിറ്റേന്ന് എസ്ഐ ജോര്‍ജിനെപ്പോലും ഞെട്ടിച്ചു. സംഗതി കൊലപാതകത്തില്‍ നിന്ന് അപസര്‍പ്പക,ഹൊറര്‍ തലങ്ങളിലേക്കു നീങ്ങുകയാണ്.
പൊലീസും സംഘവും അരിച്ചു പെറുക്കി. ജില്ലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ ഒരിടത്തും കാലിന്റെ പ്രായത്തിലുള്ള ആരെയും കാണാതായിട്ടില്ല. ദുരൂഹത വര്‍ധിക്കുന്നു…
തന്റെ വള്ളം മുക്കിയ പ്രേതത്തോട് ജോണി പക്ഷെ കോംപ്രമൈസ് ചെയ്യാന്‍ തയ്യാറായിരുന്നില്ല, അന്ന് രാത്രി ജോണി തനിച്ച് തന്റെ 74 മോഡല്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ പ്രേതബാധയും അവയവപ്രവാഹവുമുള്ള കോങ്കണ്ണിത്തോടിന്റെ തീരത്തുകൂടി സഞ്ചരിച്ചു. നേര്‍ത്ത ചാറ്റല്‍മഴയുണ്ടായിരുന്നു. നല്ല തണുപ്പും.
നാട്ടില്‍ ചൂടിന്റെയും അനുബന്ധരസങ്ങളുടെയും മൊത്തവ്യാപാരമുള്ള സിസിലിയുടെ വീടിന്റെ ഇരുനൂറു മീറ്റര്‍ മാറി ബുള്ളറ്റ് നിര്‍ത്തി മിഡീവിയല്‍ കാലഘട്ടത്തില്‍ പിശാചുപിടിത്തമെന്ന പേരില്‍ സുന്ദരമായി വ്യഭിചരിച്ചു ജീവിച്ചു പോന്ന തന്റെ പൂര്‍വികരുടെ ക്രിയേറ്റിവിറ്റിയെക്കുറിച്ച് ആലോചിച്ച് രണ്ട് വില്‍സ് പുകച്ചു. സിസിലിയുടെ അനന്ത സാധ്യതകളെക്കുറിച്ച് ചിന്തിച്ച് അവസാനത്തെ പുകയും വിട്ട് സിഗരറ്റ് വലിച്ചെറിയുമ്പോളാണ് ജോണിയുടെ കണ്ണില്‍ അത് പെട്ടത്…..
സിസിലിയുടെ വീട് ലക്ഷ്യമാക്കി മെല്ലെ നീങ്ങുകയാണ് ഒറ്റക്കാലുള്ള ഒരു ഭീകരരൂപം. ആകെ മൂടിപ്പുതച്ച് കോട്ടയം പുഷ്പനാഥിന്റെ കഥാപാത്രത്തെപ്പോലെ കോട്ടും തൊപ്പിയും വച്ച്…
ജോണിക്കു പക്ഷേ പേടി തോന്നിയില്ല. പ്രേതമാണോ അല്ലയോ എന്നു നിര്‍വചിക്കാനുള്ള വിവേകവുമുണ്ടായില്ല. എന്തായാലും അതിനെ പിടിക്കണം എന്നതില്‍ ജോണിക്കു സംശയമുണ്ടായിരുന്നില്ല. തന്റെ ഒരു ലോഡ് മണലും വള്ളവും മുക്കിയ പ്രേതമാണ് !
ജോണി ബുള്ളറ്റ് സ്റ്റാന്‍ഡില്‍ വച്ച് സിസിലിയുടെ വീടിന്റെ പിന്‍ഭാഗത്തുകൂടി നടന്നു. മറുവശത്ത് അത് നില്‍ക്കുന്നുണ്ടാവണം. ഭിത്തിയോട് ചേര്‍ന്ന് നടക്കുമ്പോള്‍ അകത്തുനിന്നും സിസിലിയുടെ ഇക്കിളിപ്പെട്ടുള്ള ചിരി കേള്‍ക്കാമായിരുന്നു. ജോണി വാച്ചില്‍ നോക്കി. മണി പന്ത്രണ്ടു കഴിഞ്ഞു. പെണ്ണ് ഓവര്‍ ടൈമിലാ. മഴക്കാലമായതുകൊണ്ട് ടൈറ്റ് ഷെഡ്യൂളാവും.
രണ്ട് ചുവടു കൂടി വച്ച് മറുവശത്തേക്ക് ചാടിയ ജോണിയെ ഞെട്ടിച്ചുകൊണ്ട് ഒറ്റക്കാലുള്ള പ്രേതം അപ്രത്യക്ഷമായി. ജോണിക്ക് ഇത്തിരി പേടി തോന്നി. ഇങ്ങനെ കെടാനും ഓഫാകനുമൊക്കെ പറ്റുന്ന പ്രേതമാണെങ്കില്‍ സൂക്ഷിക്കണം. പക്ഷെ, ഈ പ്രേതത്തിന് സിസിലിയുടെ വീട്ടുമുറ്റത്ത് എന്തു കാര്യം ? പ്രേതത്തെയും കൈകാര്യം ചെയ്യുന്ന വിരുതുണ്ടോ സിസിലിക്ക് ? മനസ്സില്‍ ചോദ്യങ്ങളുമായി ജോണി മടങ്ങി.
പിറ്റേന്ന് പകല്‍ സിസിലിയുടെ വീട്ടിലെത്തി തലേന്ന് രാത്രി പ്രേതത്തെ കണ്ട കാര്യം ജോണി പറഞ്ഞു. സിസിലിയെ വിറയ്ക്കാന്‍ തുടങ്ങി. അതിനു മുമ്പിലത്തെ ദിവസവും സിസിലിയുടെ വീടിന്റെ പരിസരത്താണ് പ്രേതത്തെ കണ്ടതെന്നു കൂടി കേട്ടപ്പോള്‍ അവള്‍ തളര്‍ന്നു. പ്രേതം തന്നെ റേപ് ചെയ്യുമോ എന്നതിനെക്കാള്‍ മേഖലയില്‍ പ്രേതസഞ്ചാരമുണ്ടെന്നു വന്നാല്‍ തന്റെ പതിവു കസ്റ്റമേഴ്സ് വരവ് നിര്‍ത്തിയേക്കുമോ എന്ന ചിന്തയായിരുന്നു സിസിലിയെ തളര്‍ത്തിയത്.
എന്തായാലും സിസിലിയുടെ വീടിന്റെ വിവിധ കേന്ദ്രങ്ങളിലായി അന്ന് രാത്രി ഒളിച്ചിരിക്കാനും പ്രേതത്തെ നേരിടാനും ജോണിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തീരുമാനിച്ചു.
അന്ന് വൈകിട്ട് എല്ലാവരും സിസിലിയുടെ വീട്ടില്‍ സംഗമിച്ചു. നാട്ടില്‍ എന്ത് ദുരിതമുണ്ടായാലും പുറത്തിറങ്ങാത്തവര്‍ പോലും പരിപാടി സിസിലിയുടെ വീട്ടിലായതുകൊണ്ട് മുണ്ടും മുറുക്കിയിറങ്ങി. പ്രേതവുമായി ഒരു ആദ്ധ്യാത്മിക സംഘട്ടനം വേണ്ടി വന്നാല്‍ അതിനു തയ്യാറായി വികാരിയച്ചനും ഒരു ചെറുകിട തന്ത്രിയും വരെ സിസിലിയുടെ വീട്ടില്‍ നേരത്തെ സ്ഥാനം പിടിച്ചിരുന്നു.
സിസിലിയുടെ രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക പ്രാധാന്യം അറിയാവുന്നതുകൊണ്ട് ഒരു ലോ ആന്‍ഡ് ഓര്‍ഡര്‍ പ്രശ്നമുണ്ടായാല്‍ നേരിടാന്‍ രണ്ട് പൊലീസുകാരും സന്ധ്യയോടെ എത്തി. സിസിലി കൊടുത്ത മധുരം കൂടിയ പൊടിക്കാപ്പി കുടിച്ചും അതു മതിയാകാത്തവര്‍ നോക്കി നോക്കി സിസിലിയുടെ ചോര കുടിച്ചും 11 മണിയാക്കി.
വിളക്കുകളണച്ച് ഓരോരുത്തരും മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലങ്ങളില്‍ ശബ്ദമുണ്ടാക്കാതെ സ്ഥാനം പിടിച്ചു. നിമിഷങ്ങള്‍ സിസിലിയുടെ നിശ്വാസങ്ങള്‍ പോലെ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു. ഒടുവില്‍ മണി പന്ത്രണ്ടിനോടടുത്തുകൊണ്ടിരിക്കെ ദൂരെ നിന്നും കരിയിലകളുടെ ശബ്ദം കേട്ടു.
സാധാരണ ഒരാള്‍ നടക്കുമ്പോള്‍ കേള്‍ക്കുന്നതിനെക്കാള്‍ ശബ്ദമുണ്ട്. കാത്തിരുന്നവര്‍ ഒറ്റക്കാലന്‍ പ്രേതത്തിന്റെ വരവ് കൃത്യമായി കണ്ടു. വികാരിയച്ചന്‍ കുരിശു വരച്ച് കാത്തിരുന്നു. തന്റെ ഒറ്റക്കാലില്‍ പാടുപെട്ട് ഒരു റബ്ബറിന്റെ വടിയും കുട്ടി ആ രൂപം സിസിലിയുടെ വീടിനു നേര്‍ക്ക് തന്നെയാണ് വരുന്നത്. തൊപ്പിയും കോട്ടും ആളുടെ രൂപം കൂടുതല്‍ ഭീകരമാക്കിയിട്ടുണ്ട്.
സിസിലിയുടെ വീടിന്റെ മുന്നിലെത്തി പ്രേതം അല്‍പനേരം നിന്നു. ചുറ്റും നോക്കി എല്ലാം ഭദ്രമാണെന്ന് ഉറപ്പു വരുത്തിയിട്ട് മെല്ലെ വാതിലില്‍ മുട്ടിയതും വാതില്‍ തുറന്ന് ജോണിയുടെ നേതൃത്വത്തില്‍ ഒരു സംഘം പ്രേതത്തെ വട്ടം പിടിച്ചതും ഒന്നിച്ചായിരുന്നു. പൊടുന്നനെ വിളക്കുകള്‍ തെളിച്ചു കൊണ്ട് പല ഭാഗത്തായി ഒളിച്ചിരുന്ന ആളുകള്‍ പാഞ്ഞടുത്തു.
തൊപ്പിയും കോട്ടുമായി ഒറ്റക്കാലന്‍ പ്രേതത്തെ നാട്ടുകാര്‍ എണീപ്പിച്ചു നിര്‍ത്തി. വികാരിയച്ചന്‍ വളരെ പവര്‍ഫുള്ളായി അവന്റെ മുന്നില്‍ നിന്നു.
അവന്റെ തൊപ്പിയും കുപ്പായവും മാറ്റൂ.. ഞാനാ മുഖമൊന്നു കാണട്ടെ !- അച്ചന്‍ അരുളിച്ചെയ്തു.
തൊപ്പിയും കോട്ടും മാറ്റിയപ്പോള്‍ മുന്നില്‍ തെളിഞ്ഞത് വികാരിയച്ചന്റേതിനെക്കാള്‍ വെളുപ്പുള്ള ഒരു ളോഹയണിഞ്ഞ മെലിഞ്ഞ ഒരു വൈദികനായിരുന്നു. വെളിച്ചത്തേക്കു മാറ്റി നിര്‍ത്തിയപ്പോഴാണ് മുഖം വ്യക്തമായത്. അത് അച്ചനല്ല അച്ചന്റെ കുപ്പായമണിഞ്ഞ കപ്യാര് തോമയാണ്. അറിയപ്പെടുന്ന വികലാംഗന്‍. തോമ നിന്നു വിയര്‍ത്തു.
തോമാച്ചാ… നിനക്കെന്താ ഇവിടെ കാര്യം ? -അച്ചന്‍ ചോദിച്ചു.
ജനം ശ്വാസമടക്കി നിന്നു.
ഞാനെന്റെ വയ്പുകാലന്വേഷിച്ചു വന്നതാ അച്ചോ… കഴിഞ്ഞ ദിവസം ഇവിടെ വച്ച് നഷ്ടപ്പെട്ടാരുന്നു…!
അത് ശരി.. അപ്പോള്‍ നിന്റെ കാലാണല്ലേ തോട്ടിലൂടെ ഒഴുകി വന്നത് പൊലീസുകാര് കൊണ്ടുപോയി മോര്‍ച്ചറീല് വച്ചിരിക്കുന്നത് ?
അയ്യോ.. അത് പൊലീസുകാര് കൊണ്ടുപോയോ ? കാലില്ലാത്തതു കൊണ്ട് വീട്ടീന്നു പുറത്തിറങ്ങാന്‍ പറ്റിയില്ല.. അതുകൊണ്ട് ഒന്നുമറിയുന്നില്ല..!
നാട്ടുകാര്‍ക്ക് ശ്വാസം നേരേ വീണു. അപ്പോള്‍ കാലിന്റെ ദുരൂഹത നീങ്ങി, ഒറ്റക്കാലന്‍ പ്രേതത്തിന്റെയും.
പക്ഷെ.. നിന്റെ കാലെങ്ങനെ ഇവിടെ നഷ്ടപ്പെട്ടു.. അതന്വേഷിച്ച് ഈ പാതിര കഴിഞ്ഞ നേരത്ത് എന്റെ ളോഹയുമിട്ട് നീ വന്നതിന്റെ കാരണം ?
തോമ വിതുമ്പി- എന്നോടു ക്ഷമിക്കണം അച്ചോ… സിസിലി കുറെ നാളായിട്ടൊള്ള എന്റെ പൂതിയാ.. അതിന് കഴിഞ്ഞ ദിവസം രാത്രി വന്നപ്പോള്‍ ഒരു പട്ടി ഓടിച്ചതാ എന്നെ.. അങ്ങനെയാ കാല് പോയത്…അഥവാ ആര്‍ക്കെങ്കിലും ഇവിടെക്കിടന്ന് കാല് കിട്ടിയിട്ടുണ്ടെങ്കില്‍ മാനം പോവണ്ടാന്നും വിചാരിച്ചാ രാത്രിയില്‍ തപ്പാനിറങ്ങീത്..സിസിലിയോടൊന്നു മുട്ടി നോക്കുകേം ചെയ്യാമല്ലോന്ന് വിചാരിച്ചു.
അത് ശരി.. പക്ഷെ അതിനെന്റെ ഉടുപ്പിട്ടിറങ്ങിയതെന്തിനാ ?
തോമാച്ചന്‍ തല ചൊറിഞ്ഞു- അത് പിന്നെ പെണ്ണു കേസല്ലേ അച്ചോ, ആരെങ്കിലും കണ്ടാല്‍ ഓടി രക്ഷപെടുമ്പോള്‍ അച്ചന്റെ ഉടുപ്പാണെങ്കില്‍ ഉപദ്രവിക്കുകേലല്ലോന്ന് വിചാരിച്ചാ !!

കടപ്പാട്  : http://berlytharangal.com

Tuesday, 23 April 2013

എന്ന് സ്വൊന്തം നീലി - റീ ലോഡഡ്.........


പ്രിയപ്പെട്ട ഡ്രാക്കുളചേട്ടന്‍ അറിയുന്നതിന്..
കേരളം എന്നു പറയുന്ന ഒരു കൊച്ചു സ്ഥലത്തു നിന്നുമാണ് ഞാന്‍ ഈ കത്തെഴുതുന്നത്. സ്ഥലം മനസ്സിലായോ ആവോ..? അതറിയണമെങ്കില്‍ ആദ്യം ഇന്‍ഡ്യ എന്താണെന്നറിയണം.. ഇന്‍ഡ്യയുടെ ആത്മാവു തൊട്ടറിയണം.. അക്ഷരങ്ങള്‍ അച്ചടിച്ചു കൂട്ടിയ പുസ്തക താളുകളില്‍ നിന്നും നീ പഠിച്ച ഇന്‍ഡ്യയല്ല അനുഭവങ്ങളുടെ ഇന്‍ഡ്യ.. കോടിക്കണക്കായ പട്ടിണി പാവങ്ങളുടെ ഇന്‍ഡ്യ.. വേശ്യകളുടെയും തോട്ടികളുടെയും കൂട്ടി കൊടുപ്പു കാരുടെയും ഇന്‍ഡ്യ.. അഴിമതിക്കാരുടെ ഇന്‍ഡ്യ.. ത്രീജിയുടെയും ടൂ ജിയുടെയും ഇന്‍ഡ്യ.. പാര്‍ലമെന്റു പോലും തിഹാര്‍ ജെയിലിലേക്ക് പറിച്ചു നടേണ്ട അവസ്ഥയിലേക്ക് മാറി കൊണ്ടിരിക്കുന്ന ഇന്‍ഡ്യ..
കട്ട്....!!!
ശ്ശോ.. സോറി ഡ്രാക്കുള ചേട്ടായീ.. പെട്ടെന്നു എന്റെ കണ്ട്രോളു വള്ളി പൊട്ടി പോയതാ... ഇടക്കിടക്ക് മള്‍ട്ടിപ്പ്ള്‍ പേര്‍സണാലിറ്റി കേറി വരുന്ന ഒരു ചെറിയ പ്രശ്നം.. ആവേശം മൂത്ത് അറിയാതെ ആത്മാവില്‍ തേവള്ളി പറമ്പില്‍ ജോസഫ് അലെക്സ് കേറിപ്പോയി.. കഥ പിന്നെ പറയാം.. ഞാന്‍ കാര്യത്തിലേക്ക് കടക്കട്ടെ..!!
എന്റെ പേര് നീലിയെന്നാണ്. കള്ളിയങ്കാട്ട് നീലി എന്നു പറഞാല്‍ ഒരു വിധം ആളുകളൊക്കെ എന്നെ അറിയും. ഇവിടുത്തെ അറിയപ്പെടുന്ന ഒരു യക്ഷിയാണ് ഞാന്‍.. ചേട്ടന്‍ എന്നെ നീല്‍ എന്നു വിളിച്ചോളു. നീലി എന്ന പേരൊക്കെ ഔട്ട് ഓഫ് ഫാഷനായപ്പോള്‍ കറന്റ് മാര്‍ക്കറ്റില്‍ പിടിച്ചു നില്‍ക്കാനായിട്ടു എനിക്കു എന്റെ പേരൊന്നു പരിഷ്ക്കരിക്കേണ്ടി വന്നു. ഇല്ലേല്‍ ഭയങ്കര ബുദ്ധിമുട്ടാ..
ഡ്രാക്കുള ചേട്ടായീ.., ഇവിടെ എന്റെ കാര്യം ഭയങ്കര കഷ്ടത്തിലാണ്. സങ്കടങ്ങളും പ്രശ്നങ്ങളുമെല്ലാം പങ്കു വെക്കാന്‍ പോലും ഒരാളില്ലാത്ത അവസ്ഥ. ഇതല്ലാം ആരോടു പറയും എന്നാലോചിച്ചു വെഷമിച്ചു നടക്കുന്നതിനിടയിലാണ് ഞാന്‍ ഗൂഗ്ലില്‍ ഡ്രാക്കുള ചേട്ടനെ കുറിച്ചു വായിച്ചത്. നമ്മുടെ ഫീല്‍ഡില്‍ മുടി ചൂടാ മന്നനായി വിലസുന്ന ഡ്രാക്കുള ചേട്ടനല്ലാതെ വേറാര്‍ക്കും എന്നെ സഹായിക്കാന്‍ പറ്റില്ല എന്നെനിക്കറിയാം. എന്നെ കൈ വെടിയരുത് പ്ലീസ്....
നൂറ്റാണ്ടുകളായി ഇവിടെ ജീവിക്കുന്ന ഒരു പാവം യക്ഷിയാണ് ഞാന്‍.. ( വെല്‍.. ഇവിടെ നാടു ഭരിക്കുന്ന ചോര കുടിയന്മാരേയും, സ്ത്രീ പീഡനക്കാരേയും, അഴിമതി, ക്വൊട്ടേഷന്‍, നോട്ടിര്ട്ടിപ്പ് മുതലായവരെ എല്ലാം തട്ടിച്ചു നോക്കുവാണേങ്കില്‍ ഞാനൊന്നും ഒന്നുമല്ല..) ഇവിടെ ഇപ്പോള്‍ കാര്യങ്ങളെല്ലാം വളരെ മോശമായി വരികയാണ്. ആളുകള്‍ക്കൊന്നും മാനവും മര്യാദയില്ലാതായിരിക്കുന്നു. എല്ലാവരും തല തിരിവാ.. ഒരു രക്ഷേമില്ല. അങ്ങനെയാണ് ഞാന്‍ ജീവിക്കുന്ന ഈ നാടിന്റെ ഒരു ഭൂമി ശാസ്ത്രം..!!
ഒരു കാര്യം കേക്കണോ ചേട്ടായി..?? ഒരു ദിവസം പാതിരാവായപ്പോള്‍ ദാഹിച്ചു വലഞ ഞാന്‍ കുറച്ചു രക്തം കുടിക്കാനായി പുറത്തിറങ്ങിയതായിരുന്നുട്ടോ .., ഒറ്റക്കു നടന്നു വന്ന ഒരുത്തനെ കണ്ടപ്പൊ പോയി കുറച്ചു പാക്ക് തരുമോ എന്നു ചോദിച്ചു.. പാക്ക് വാങ്ങിച്ച് വായിലിട്ട് അവനെ ട്യൂണ്‍ ചെയ്ത് വല്ല ബില്‍ഡിങ്ങിന്റേം മണ്ടക്കു കയറ്റി കുറച്ചു ഫ്രഷ് ചോര കുടിക്കാം എന്ന പ്ലാനില്‍ നിക്കുമ്പോ, ആ വൃത്തികെട്ടവന്‍ എന്നെ ട്യൂണ്‍ ചെയ്യാന്‍ നോക്കുമ്പോ ലവനെന്നോടൊരു ചോദ്യം.. ഒറ്റക്കാണോ എന്നു.. അതു കഴിഞ്ഞിട്ടു അടുത്തത്.. ഒറ്റക്കു നടക്കാന്‍ പേടിയുണ്ടെങ്കില്‍ അവന്റെ വീട്ടിലോട്ടു പോകാം.., കാശൊന്നും അവനു പ്രശ്നമില്ലത്രെ.. പിടിച്ചതിനെക്കാള്‍ വലുത് മാളത്തിനകത്ത് എന്നു പറഞ്ഞ പോലെയായി.. അന്നെട്ടിന്റെ പണി കിട്ടിയേനെ.. അവന്റടുത്ത് നിന്നും ഒരു വിധം ഊരി പോന്നു.. വീട്ടിലെത്തി ഫ്രിഡ്ജീന്നു ഒരു പക്കറ്റ് ബ്ലഡ് എടുത്ത് കുടിച്ചു.. കുറച്ച് കഴിഞപ്പോള്‍ ആകെ തല ചുറ്റലും ശര്‍ദിലുമായിരുന്നു.. എന്താണ് സംഭവമെന്നറിയാതെ വെഷമിച്ച് അവശ നിലയില്‍ ഇരിക്കുംമ്പോഴാണ് മറ്റവന്‍ തന്ന പാക്കിന്റെ പാക്കറ്റ് താഴെ കിടക്കുന്നത് കണ്ടത്.. എന്തായിരുന്നെന്നറിയ്വോ..? 'പാന്‍ പരാഗ്'.... ആ സാധനമായിരുന്നു ആ ദുഷ്ടന്‍ എനിക്കു തന്നത്.. നമുക്കീ പാന്‍പരാഗും കുന്തോം കഴിച്ചു വല്ല ശീലമുണ്ടോ..??പണ്ട് വേറൊരുത്തനോടു ചോദിച്ചപ്പോള്‍ കിട്ടിയതു ഹാന്‍സ് എന്നു പറയുന്ന ഒരു സാധനമായിരുന്നു. ഇതെന്തു ചെയ്യാനാന്നു ചോദിച്ചപ്പോള്‍ ഉണ്ടയാക്കി ചുണ്ടിന്റെ അടിയില്‍ വെച്ചാ മതി ഒടുക്കത്തെ മൂഡാകുമത്രെ.. എനിക്കു ദേഷ്യം വന്നു അവന്റെ ചെകിള നോക്കി ഒന്നു പൊട്ടിക്കേണ്ടി വന്നു.. വേണ്ടാ വേണ്ടാ എന്നും കരുതി ഡീസന്റ് ആയി നടക്കാന്‍ ശ്രമിക്കുമ്പൊ ഒരുത്തനും സമ്മധിക്കുന്നില്ല.. :(
ഗോഡ്സ് ഓണ്‍ കണ്ട്രി.. അഥവാ ദൈവത്തിന്റെ സ്വന്തം നാടെന്നു സകലമാന ആളുകളും മന്ത്രിമാരും എന്തിനു..., ഡ്രാക്കുള ചേട്ടായിയുടെ നാട്ടുകാരു സായിപ്പന്മാരു വരെ കൊട്ടിഘോഷിച്ച് നടക്കുന്ന ഈ കേരളത്തിന്റെ അവസ്ഥ എന്താന്നറിയ്വോ...?? ശുദ്ധ രക്തം കിട്ടാനില്ല..!! ക്യാന്‍ യൂ ഇമാജിന്‍ ദാറ്റ്..??വൈകുന്നേരമായാല്‍ എല്ലാവനും കുളിച്ചു റെഡിയായി ഇറങ്ങും.. എന്തിനാ..?? കണ്ണില്‍ കണ്ട ബാറിലും ഷാപ്പിലുമെല്ലാം കയറി നിരങ്ങാന്‍... പോരാത്തതിനു മുട്ടിനു മുട്ടിനു ബീവറേജസ് കോര്‍പറേഷന്റെ ഡയറക്ട് സപ്ലൈ സ്റ്റോര്‍. ഇപ്പോഴത്തെ കണക്കനുസരിച്ച് കേരളത്തില്‍ റേഷന്‍ കടകളെക്കാള്‍ കൂടുതല്‍ ഗവ്ണ്മെന്റ് നേരിട്ടു നടത്തുന്ന കള്ള് വില്‍പന ശാലകളാണത്രെ...
ഇത് കൊണ്ട് വല്ലതുമായോ..?? എല്ലാറ്റിനും പുറമേ ജാനുവിന്റേം, മറിയേടേം, കല്ലു വാതില്‍ക്ക്ല്‍ ഇത്താത്താടേം അടുത്ത് പോയി കണ്ണില്‍ കണ്ട കൊട്ടുവടിയും, മണവാട്ടിയും, ആന മയക്കിയുമെല്ലാം അടിച്ചു കോണ്‍ തെറ്റിയാണു നടപ്പ്. ഏതെങ്കിലും ഒരുത്തനെ പിടിച്ചു രക്തം കുടിച്ചാലോ..? പിന്നെ പിറ്റേ ദിവസം രാവിലെ ഒടുക്കത്തെ ഡീ ഹൈഡ്രേഷനും തലവേദനയും.. ഹാങ്ങ് ഓവെര്‍...!! എന്നെ പോലെയുള്ള പാവപ്പെട്ട യക്ഷികള്‍ ഈ നാട്ടിലെങ്ങനെ ജീവിക്കും.. ജീവിതം വെറുത്തു ചേട്ടാ..
കുറച്ചു ശുദ്ധ രക്തം കിട്ടണമെങ്കില്‍ വല്ല ബ്ലഡ് ബാങ്കിലും പോണം.. ഫ്രെഷ് അല്ലാന്നുള്ള ഒരു കുഴപ്പം മാത്രമെ ഒള്ളു. പക്ഷേ ധൈര്യമായിട്ടു കുടിക്കാം കേട്ടോ. ഏയ്ഡ്സ് വരുമെന്നൊന്നും പേടിക്കെണ്ടല്ലൊ... അവിടെ നിന്നും കുറച്ച് രക്തം ഒപ്പിച്ചെടുക്കാനാണ് പാട്.. നൂറായിരം ഫോര്‍മാലിറ്റികള്‍... ഡോക്ടറുടെ പ്രിസ്ക്രിപ്ഷന്‍ ഇല്ലാതെ തരില്ല.. അതു മാത്രം പോരാ... കാശും കൊടിക്കണം..
അവിടെ നല്ല വെളുത്ത് തുടുത്ത സായിപ്പന്മാരുടെ ചോരേം കുടിച്ച് അര്‍മാദിച്ചു നടക്കുന്ന നിങ്ങക്ക് ഇതു വല്ലോം പറഞ്ഞാല്‍ മനസ്സിലാകുവോ..??ഇന്നത്തെ കാലത്ത് യക്ഷിയല്ലാ.. മറുതയായാലും അതും പോട്ടെ.. ദൈവം തമ്പുരാനാണെങ്കില്‍ പോലും കയ്യില്‍ കാശില്ലെങ്കില്‍ ഒരു കാര്യവും നടക്കില്ല. ആരേയെങ്കിലും പേടിപിച്ച് അവന്മാരുടെ പേര്‍സ് അടിച്ചു മാറ്റിയാലോ..? ഒറ്റയെണ്ണത്തിന്റേം പോക്കറ്റില്‍ കാശില്ല.. കെഡിറ്റ് കാര്‍ഡ്.. ഡെബിറ്റ് കാര്‍ഡ്.. പ്രിവിലേജ് കാര്‍ഡ്.. ക്ലബ് മെമ്പര്‍ഷിപ്പ് കാര്‍ഡ്.. ഡിസ്കവുണ്ട് കാര്‍ഡ്.. അവന്റമ്മേഡെ.. അല്ല പിന്നെ...!! ചേട്ടായി ഇതു വല്ലോം കേക്കുന്നുണ്ടോ..?? അറിയുന്നുണ്ടാ..??സോ.. ഐ സ്റ്റാര്‍ട്ടെഡ് വര്‍ക്കിങ്ങ്..!! ഒരു പ്രൈവെറ്റ് ഹോസ്പിറ്റലില്‍ റിസപ്ഷനിസ്റ്റായിട്ട് വര്‍ക്ക് ചെയ്യുകയാണിപ്പോള്‍. ഒരു പണിയുമില്ല.. വരുന്നവരേ പോകുന്നവരേം ഇളിച്ചു കാണിക്കുക..ഇടക്കിടക്കു ലിപ്സ്റ്റിക് ഇടുക.. ഫോണ്‍ വരുമ്പോ അറ്റന്റ് ചെയ്തു കൊഞ്ചി കുഴയുക.. ഈ വക എന്റെര്‍ടെയിന്റ്മെന്റ്സ് എല്ലാം കഴിഞ്ഞ് ബാക്കിയുള്ള സമയം മുഴുവന്‍ മൊബൈല്‍ എടുത്ത് ഫേസ് ബുക്കും ട്വിറ്റെറും അപ്ഡേറ്റ് ചെയ്തു കളിക്കുക.. അത്രേയൊള്ളു..
വേറൊരു ഗുണമെന്താണെന്നു വെച്ചാല്‍, രക്തം കിട്ടാന്‍ വെല്യ ബുധ്ധിമുട്ടില്ല.. ബ്ലഡ് ബാങ്കിന്റെ മാനേജര്‍ മണകുണാഞ്ചനെ മയക്കി എന്റെ സാരി തുമ്പില്‍ കെട്ടിയിട്ടിരിക്കുവാ.. ഇടക്കിടക്കു ഒനു കൊഞ്ചുക.. വല്ലപ്പോഴും ചക്കരേ തേനെ പഞ്ചാര കട്ടീ എന്നുള്ള രണ്ടു മൂന്നു എസ്സെമ്മെസ് അയക്കുക.. അത്രേം ചെയ്താല്‍ മതി.. എന്തിനാണെന്നു പോലും ചോദിക്കാതെ ആ പൊട്ടന്‍ എത്ര പാക്കറ്റ് ബ്ലഡ് വേണമെങ്കിലും തരും.. അതും പല പല ഗ്രൂപ്പുകള്‍.. ഷുഗര്‍ ഉള്ളത്.. വിത്തവ്ട്ട്.. ഫാറ്റ് ഉള്ളത്.. ട്രൈ ഗ്ലിസറൈഡ് ഉള്ളത്.. ഹോ.. എനിക്കു വയ്യ.. :) ബട്ട് സ്റ്റില്‍ അയാം നോട്ട് ഫീലിങ്ങ് ദാറ്റ് മച്ച് കംഫര്‍ട്ടബ്ല് ഹിയര്‍..
ആ വണ്‍ മോര്‍ തിങ്ങ് ചേട്ടായീ.. ഹോസ്പിറ്റല്‍ ആയതു കൊണ്ട് ഞങ്ങള്‍ യക്ഷികളുടേ ട്രെഡീഷ്ണല്‍ യൂണിഫോമായ വെള്ള സാരിയുട്ടുക്കാന്‍ മാത്രം യാതൊരു പ്രശ്നവുമില്ല.. സത്യം പറഞ്ഞാല്‍ ഒരു യക്ഷി ആണല്ലൊ എന്നുള്ള ഒരു ആത്മ വിശ്വാസവും രോമാഞ്ച കഞ്ചുകവുമെല്ലാം വരുന്നത് ആ യൂണിഫോ ഇടുമ്പോഴാ.. നൈറ്റ് ഡ്യൂട്ടിയാണെങ്കില്‍ നല്ല സുഖമാ.. ഡേ ആണെങ്കില്‍ ഉറക്കം വന്നു പണ്ടാരമടങ്ങി പോകും..
രാത്രി മുഴുവനും അര്‍മാദിച്ച് പകലു വല്ല പാല മരത്തിലോ കരിമ്പനയുടെ മുകളിലോ കിടന്നുറങ്ങിയ കാലം മറന്നു എന്റെ ഡ്രാക്കുള ചേട്ടായീ.. ഫ്ലാറ്റു ജീവിതം ഒട്ടും ഇന്റ്രസ്റ്റിങ്ങ് അല്ല.. എന്തോ ഒരു തടവറയില്‍ കിടക്കുന്ന ഫീലിങ്ങ് ആണ്.. ചുരുക്കം പറഞ്ഞാല്‍ പണിയെടുക്കാതെ ജീവിക്കാന്‍ പറ്റില്ല എന്ന അവസ്ഥയായി.. പകലു പുറത്തിറങ്ങാന്‍ പറ്റില്ല എന്നും പറഞു വീട്ടിലിരുന്നാല്‍ ഒരു പട്ടിയും ചെലവിനു തരില്ല..
ഒരു വിധം കഷ്ടപ്പെട്ട് എല്ലാറ്റിനോടും അഡ്ജസ്റ്റ് ചെയ്ത് ജീവിച്ചു പോകുന്നു.. കിട്ടുന്ന കാശു ഒന്നിനും തികയാത്ത അവസ്ഥ.. പ്രൊമോഷന്‍ കിട്ടണമെങ്കില്‍ ഡിഗ്രി വേണമെന്നാണ് ഹോസ്റ്റിറ്റലിന്റെ അഡ്മിന്‍സിട്റേറ്റര്‍ പറഞത്. അതിനു വേണ്ടി പോസ്റ്റലായിട്ടു കംബ്യൂട്ടറും ഇംഗ്ലീഷും പഠിച്ചു. ഇപ്പോള്‍ ഞാന്‍ ഇഗ്നോയുടെ ഡിസ്റ്റന്റ് ഡിഗ്രീ കോര്‍സിനു ചേര്‍ന്നിട്ടുണ്ട്..
ചില തെണ്ടികള്‍ അടുത്തെത്തുമ്പോള്‍ അവരുടെ ബ്ലഡിന്റെ ആ ആരോമ ഇങ്ങു വരും എന്റെ ചേട്ടായീ.. വായിലു വെള്ളം നിറയും.. കണ്ണിന്റെ കളറെല്ലാം മാറും.. തേറ്റ പല്ലൊക്കെ അങ്ങു കൂര്‍ത്തു മൂര്‍ത്തു വരും.. ഞാനറിയാതെ തന്നെ.. കടിച്ച് പിടിച്ച് അഡ്ജസ്റ്റ് ചെയ്യും... എന്റെ വികാരമെല്ലാം ഞാന്‍ കടിച്ചമര്‍ത്തും.. ഞാന്‍ ഒരു യക്ഷിയാണെന്നു മാനേജ്മെന്റിനും കൂടെ ജോലി ചെയ്യുന്നവര്‍ക്കും മനസ്സിലാകാതിരിക്കാന്‍ എത്ര ബുദ്ധിമുട്ടിയാണെന്നറിയാമോ ഞാന്‍ ജെവിക്കുന്നത്..? ഇതെല്ലാം കാണുംബോള്‍ ആളുകള്‍ടെ വിചാരം എനിക്കു ഒടുക്കത്തെ ജാടയാണെന്നാ ‍. എല്ലാം സഹിച്ചല്ലെ പറ്റൂ..??ഇതിനെല്ലാം പൂറമെ പണ്ടേ ദുര്‍ബല കൂട്ടത്തില്‍ ഗര്‍ഭിണിയും എന്നു പറഞ പോലേ വേറൊരു സാധനവും വന്നിട്ടുണ്ട്. റിസെഷന്‍...!! അതാണത്രെ ഇപ്പോള്‍ ലോകത്തെല്ലായിടത്തും ട്രെന്‍ഡിങ്ങ് ടോപ്പിക്... ഈ പറയുന്ന സാധനം വല്ലതും അങ്ങു പെന്‍സില്‍വാനിയായില്‍ ( അവിടെങ്ങാണ്ടല്ലെ ചേട്ടായിയുടെ താമസം..?? ) എഫെക്റ്റ് ചെയ്തിട്ടുണ്‍ണ്ടോ ഡ്രാക്കുള ചേട്ടായീ..?? ആളുകളോട് കുറച്ചു ചുണ്ണാബ് പോലും ചോദിക്കാന്‍ പറ്റാത്ത അവസ്ഥയായി.ചോദിച്ചാല്‍ അപ്പൊ പറയും മര്‍കറ്റ് ഡള്ളാണ്.. റിസെഷന്‍ ആണ് ചുണ്ണാബൊന്നും ഇല്ലാത്രെ.. ശമ്പളം ചോദിക്കുമ്പോഴെങ്ങാനും ആ മാനേജര്‍ തെണ്ടി റിസെഷന്‍ എന്നു പറഞ്ഞാല്‍.. അവന്‍ എന്റെ തനി നിറം കാണും.. സത്യമായിട്ടും ഞാന്‍ അവനൈ കൊന്ന്.. അവന്‍ രക്തത്തൈ കുടിത്ത്.. ഹാ.. ഒരു ദുര്‍ഗാഷ്ടമിയും വേണ്ടി വരില്ല..
എന്റെ ചേട്ടായീ.. വേറൊരു കാര്യം കേക്കണോ..?? എന്റെ ചിരിക്കൊന്നും ഇപ്പോള്‍ പണ്ടത്തെ പോലെ എക്കോ കിട്ടുന്നില്ല.. എഫെക്ട് എല്ലാം പോയി... ഒരു ഗുമ്മ് കിട്ടുന്നില്ലെന്നെ.. പണ്ടാണെങ്കില്‍ ആളുകള്‍ക്കെല്ലാം എന്നെ എന്തു പേടിയായിരുന്നെന്നറിയാമോ..?? ഇപ്പൊ ആര്‍ക്കും എന്നെ ഒരു വിലയും ഇല്ല...!!
എന്റെ പേരു കേട്ടാല്‍ പേടിച്ചു മൂത്രമൊഴിച്ചിരുന്നവരെല്ലാം ഇപ്പോള്‍ എന്നെ പറ്റി കേള്‍ക്കുമ്പോള്‍ ചിരിച്ചു പണ്ടാരമടങ്ങുകയാണ്.. ആകെ നാണം കെട്ടു ഈ നാട്ടില്‍ ജീവിക്കാന്‍ പറ്റാതായി. ഇതിനെല്ലാം കാരണം ഒടുക്കത്തെ കുറെ മെഗാ സീരിയലു കാരാണ്. അവരെന്റെ പേരില്‍ മെഗാ സീരിയല്‍ ഇറക്കി നാട്ടുകാരെ ചിരിപ്പിച്ചു പൈസ കൊയ്യുകയാണ്. ആകെ നാണക്കെടായി പോയി എന്റെ ഡ്രാക്കുള ചേട്ടായീ.. അതെല്ലാം സഹിക്കാം.. അവന്മാരു ചെയ്ത അക്രമം കേക്കണോ..?? എന്റെ ആജന്മ ശത്രുവായിരുന്ന ആ കാലമാടന്‍ കടമറ്റത്തു കത്തനാരെ ഈ സീരിയലു കാരെല്ലാം ചേര്‍ന്നു വെല്യ ഹീറോ ആക്കി.. ആ ഒണക്ക മാന്തളു പോലിരിക്കുന്ന കൂതറക്കു ഇപ്പോ എന്തോരം ഫാന്‍സ് ആണെന്നു അറിയാമോ..?? മിമിക്രി കാരു വരെ അങ്ങേരെ അനുകരിച്ചു തുടങ്ങി.. നാണക്കേട് മൂത്ത് പുറത്തിറങ്ങാന്‍ പോലും പറ്റാതെ പല പ്രാവശ്യം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു.. എനിക്കണെങ്കില്‍ ഒന്നു മരിക്കാനുള്ള ഭാഗ്യവും ഇല്ല.. മരണമില്ലാത്ത സ്പീഷീസ്... യക്ഷിയ്യായി പോയില്ലേ..??ഇപ്പോള്‍ ജീന്‍സ് വരെ ഇടെണ്ട ഗതികേടിലെത്തിയെന്നു പറഞാല്‍ മതിയല്ലൊ.. സാരിയുടുത്തെങ്ങാനും ബസ്സില്‍ കയറിയാന്‍ പിന്നെ പോയി.. ഹോസ്പിറ്റല്‍ സ്റ്റോപ്പ് എത്തുമ്പോഴെക്കും ആകെ എടങ്ങേറായി പോകും.. എല്ലാം പോട്ടെ.. എപ്സ്പെയറി ഡെയ്റ്റ് കഴിഞ്ഞ കെളവന്മാരു പോലും അടങ്ങി ഇരിക്കില്ല.. ആ.. ഇപ്പോ പത്രമെടുത്ത് നോക്കിയാലും ഇതു തന്നെയാ അവസ്ഥ.. ഒരു പുതിയ പീഡന കേസ് പോലും ഇല്ലാതെ പത്രം ഇറങ്ങാത്ത ദിവസമില്ലെന്നായിരിക്കുന്നു.. പ്രതികളെല്ലാവരും മീശ മുളക്കാത്ത പയ്യന്മാരും.., അമ്പത് കഴിഞ കെളവന്മാരും.. കാലം പോയ പോക്കെ..
ദൈവത്തിന്റെ സ്വന്തം നാട് ദൈവത്തിനു പോലും അന്യമായി കൊണ്ടിരിക്കുന്നു.. മടുത്തിട്ടാണോ അതൊ സഹി കെട്ടിട്ടാണോ എന്നറിയില്ല.. ദൈവം പോലും തിരിഞ്ഞു നോക്കുന്നില്ല എന്നാണ് കാര്യങ്ങളുടെ പോക്ക് കണ്ടിട്ടു തോന്നുന്നത്..
അമേരിക്കയിലൊക്കെ ഇപ്പോള്‍ എങ്ങനാ.. അവിടെ ഹോളിവുഡ് എന്നു പറയുന്ന ഒരു സ്ഥലമുണ്ടെന്നും അവിടെ ഒരുപാടു സിനിമകളെല്ലാം എടുക്കുന്നുണ്ടെന്നും ഗൂഗിള്‍ അമ്മച്ചി വഴി ഞാന്‍ അറിഞ്ഞു.. ഒറിജിനാലിറ്റിക്കു വേണ്‍റ്റി എന്തു കൊള്ളരുതായികയും അവന്മാരു കാണിക്കുമെന്നും കേട്ടു.. ഹൊറര്‍ സിനിമകള്‍ക്കെല്ലാം നല്ല ഡിമാന്റ് ആണെന്നു കേട്ടല്ലോ.. സോ.. ഒരു ഒറിജിനല്‍ യക്ഷി ആയതു കൊണ്ട് എനിക്ക് അവിടെ ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല എന്ന് തോന്നുന്നു.. അതു കൊണ്ട് എനിക്കു അങ്ങോട്ടേക്കൊരു വിസ തന്ന് ഡ്രാക്കുളച്ചേട്ടന്‍ ഒന്നു സഹായിക്കണം... ഞാന്‍ അവിടെ വന്നു വല്ല ഹൊറര്‍ സിനിമയിലും അഭിനയിച്ചു ജീവിച്ചോളാം.. എത്രയും പെട്ടെന്നു തന്നെ പോസറ്റീവായിട്ടുള്ള ഒരു മറുപടി പ്രതീക്ഷിച്ചു കൊണ്ട് കത്തു ചുരുക്കട്ടെ.
എന്ന് സ്വൊന്തം നീലി (നീല്‍)‍.

കടപ്പാട്: Online Kerala Friends Group

Sunday, 21 April 2013

കായല്‍ക്കരയില്‍ കാറ്റു കൊള്ളുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

കായല്‍ക്കരയില്‍ കാറ്റു കൊള്ളുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കേരളത്തിന്റെ തീരപ്രദേശങ്ങള്‍ സുരക്ഷയുടെ കാര്യത്തില്‍ തന്ത്രപ്രധാനമായ സ്ഥാനമുള്ളവയാണ്. കടലും കായലും എന്നു വേണ്ട റോഡിലെ ഗട്ടറുകളുടെ തീരങ്ങള്‍ വരെ നമ്മുടെ സുരക്ഷയെക്കരുതി നിരീക്ഷിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്. സുരക്ഷ എന്നു പറയുമ്പോള്‍ അത് വിധ്വംസകശക്തികളില്‍ നിന്നും തീവ്രവാദികളില്‍ നിന്നും മാത്രമല്ല, സാസ്‌കാരിക അധപനത്തില്‍ നിന്നും സദാചാരധ്വംസനത്തില്‍ നിന്നു കൂടിയുള്ള സംരക്ഷണം ആണുദ്ദേശിക്കുന്നത്. ഈ സുരക്ഷ പ്രദാനം ചെയ്യുന്ന കേരളാ പൊലീസ് അധികൃതരുമായി സഹകരിക്കുക എന്നത് നമ്മുടെ പ്രാഥമികമായ കര്‍ത്തവ്യങ്ങളിലൊന്നാണ്. കായല്‍ത്തീരത്തും മറ്റും പുരുഷനും സ്ത്രീയും ഒന്നിച്ചിരിക്കുകയും പരസ്പരം സ്പര്‍ശിക്കുകയും വഴി കായലിലെ മല്‍സ്യങ്ങള്‍ക്കും മറ്റും ലൈംഗികോത്തേജനമുണ്ടാവുകയും ജലജീവികള്‍ അസമയത്ത് ശാരീരികബന്ധത്തിലേര്‍പ്പെടുക വഴി പ്രജനനപ്രക്രിയ തകിടം മറിയുകയും തദ്വാരാ മല്‍സ്യസമ്പത്ത് നശിക്കുകയും ഇത് കാലക്രമേണ മല്‍സ്യബന്ധനമേഖലയെയും മല്‍സ്യങ്ങളുടെ കയറ്റുമതിയെയും പ്രതികൂലമായി ബാധിക്കുകയും അത് നമ്മുടെ ദേശീയവരുമാനം കുറയ്ക്കുകയും ചെയ്യും.
അതുകൊണ്ട് കായല്‍ത്തീരത്ത് കാറ്റുകൊള്ളാന്‍ പോകുന്നവര്‍ കായലിലെ ജൈവസമ്പത്തിന്റെ സാസ്‌കാരികമൂല്യവും അവ സംരക്ഷിക്കുന്ന കേരള പൊലീസ് അധികാരികളുടെ ഇതികര്‍ത്തവ്യവ്യഥാബോധവും മാനിക്കുകയും രാജ്യത്തെ നിയമസംവിധാനത്തിനു വിധേയരാവുകയും ചെയ്യേണ്ടതാണ്. കായല്‍ക്കരയില്‍ പുരുഷനും സ്ത്രീയും ഒരുമിച്ചു പോകരുതെന്നോ അടുത്തടുത്തിരിക്കരുതെന്നോ ഇവിടെ ആരും പറഞ്ഞിട്ടില്ല. എന്നാല്‍, എല്ലാത്തിനും അതിന്റേതായ നിയമവശങ്ങളും മര്യാദകളുമുണ്ടെന്ന് ഓര്‍ക്കണം. കായലിലെ ജൈവവ്യവസ്ഥയെയും ആവാസവ്യവസ്ഥയെയും അസ്ഥിരപ്പെടുത്തുകയോ അസ്വസ്ഥമാക്കുകയോ ചെയ്യുന്ന തരത്തില്‍ ആരും കായല്‍ക്കരയില്‍ ഇരിക്കരുത്. അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കായല്‍ക്കരയിലും ചുറ്റുപാടുകളിലും താമസിക്കുന്ന പൊതുജനങ്ങള്‍ക്കും മറ്റുമുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ കൂടി പരിഗണിക്കുമ്പോള്‍ കായല്‍ക്കരയില്‍ കാറ്റുകൊള്ളുന്ന ആണും പെണ്ണും വളരെ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പ്രക്രിയയുടെ ഭാഗമാവുകയാണ് എന്നത് അവഗണിക്കാവുന്നതല്ല.
കായല്‍ക്കരയില്‍ കാറ്റുകൊള്ളുക വഴി പൊതുജനത്തിനു ശല്യമുണ്ടാക്കുകയും കായലിന്റെ ജൈവസമ്പത്തിനെ അലോസരപ്പെടുത്തുകയും ചെയ്ത രണ്ടു പേര്‍ക്കെതിരേ പൊലീസ് കേസെടുക്കുകയും കേസ് കോടതിയിലെത്തുകയും ചെയ്ത സാഹചര്യത്തില്‍ പൊതുസമൂഹം പൊലീസിനെതിരേ വില്‍ ചൂണ്ടുന്ന പശ്ചാത്തലത്തിലാണ് കായല്‍ക്കരയില്‍ കാറ്റുകൊള്ളുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു ചെറുകുറിപ്പ് ആവാമെന്നു കരുതിയത്. കാറ്റ് കരയല്‍ നിന്നു കായലിലേക്കു വീശിയാലും വൈസ് വേഴ്‌സ വീശിയാലും കേട് കരയ്ക്കിരിക്കുന്ന കപിള്‍സിനാണ്. ആയതിനാല്‍ ഇനിയെങ്കിലും കായല്‍ക്കരയില്‍ കാറ്റുകൊള്ളാന്‍ പോകുന്ന പുരുഷ-സ്ത്രീ കൂട്ടുകെട്ട് ഇനി പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം എന്ന് അഭ്യര്‍ഥിക്കുകയാണ്.
1. വിവാഹിതരായ പുരുഷനും സ്ത്രീയും മാത്രമേ കായല്‍ക്കരയില്‍ കാറ്റുകൊള്ളാന്‍ പാടുള്ളൂ. അവിവാഹിതരായ പുരുഷനും സ്ത്രീയും ഒന്നിച്ചു കാറ്റുകൊളളാന്‍ പോകുന്നത് കായലിലെ ജലജീവികള്‍ക്കും ഭാര്യയെ ഭയന്നു ജീവിക്കുന്ന പൊലീസുകാര്‍ക്കും അറപ്പും വെറുപ്പും ഉളവാക്കുന്ന കാഴ്ചയാകയാല്‍ ശിക്ഷാര്‍ഹമാണ്.
2. വിവാഹിതരാണ് എന്നതുകൊണ്ടു മാത്രം കായല്‍ക്കരയില്‍ പോയി കാറ്റുകൊണ്ടിരിക്കാം എന്നില്ല. ആവശ്യത്തിനു വിനയം, മര്യാദ, പൊലീസുകാരോട് ബഹുമാനം തുടങ്ങിയ ഗുണങ്ങള്‍ കൂടിയുണ്ടെങ്കിലേ കായല്‍ക്കരയിലെ കാറ്റ് ആസ്വാദ്യകരമാവുകയുള്ളൂ.
2. കാറ്റുകൊള്ളാന്‍ വരുന്ന വിവാഹിതര്‍ നിര്‍ബന്ധമായും വിവാഹത്തിന്റെ ചിഹ്നങ്ങളും അടയാളങ്ങളും ധരിച്ചിരിക്കണം. പുരുഷന്‍മാര്‍ കയ്യില്‍ മോതിരവും സ്ത്രീകള്‍ നല്ല വലിപ്പമുള്ള താലി ധരിച്ച് താലി മാല എല്ലാവര്‍ക്കും കാണാവുന്നതുപോലെ പ്രദര്‍ശിപ്പിക്കുകയും വേണം. നെറ്റിയില്‍ നല്ല വലിപ്പമുള്ള സിന്ദൂരക്കുറിയും ചാര്‍ത്തിയിരിക്കണം. പൊലീസുകാരോ മറ്റോ സംശയത്തോടെ നിരീക്ഷിക്കുന്നതു കണ്ടാല്‍ സ്ത്രീ മെല്ലെ മാലയുയര്‍ത്തി താലി പ്രദര്‍ശിപ്പിക്കേണ്ടതാണ്. ഇവയൊന്നും ധരിക്കാത്ത പുരുഷനും സ്ത്രീയും സമൂഹത്തെ സംബന്ധിച്ച് അറപ്പും വെറുപ്പും ഉളവാക്കുമെന്നതിനാല്‍ സാമൂഹികവിരുദ്ധമായി കണക്കാക്കുന്നതാണ്.
3. സിന്ദൂരക്കുറിയും താലിയുമൊക്കെ വ്യാജമായി സൃഷ്ടിക്കാമെന്നതിനാല്‍ കയ്യില്‍ വിവാഹദിവസമെടുത്ത ഗ്രൂപ്പ് ഫോട്ടോയുടെ ഏതാനും കോപ്പികളും വിവാഹ സര്‍ട്ടിഫിക്കറ്റും സ്വന്തം വീട് നിലനില്‍ക്കുന്ന പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നിന്നും സാക്ഷ്യപത്രവും കയ്യില്‍ സൂക്ഷിക്കേണ്ടതാണ്.
4. വിവാഹിതരാണ് എന്നു കരുതി ദമ്പതികള്‍ക്ക് കായല്‍ക്കരയിലിരുന്ന് എന്തും ചെയ്യാം എന്നു വിചാരിക്കരുത്. ഇരുവരും സഹോദരിസഹോദരന്‍മാരെപ്പോലെ വേണം പെരുമാറാന്‍. എപ്പോഴും ഇരുവര്‍ക്കുമിടയില്‍ രണ്ടടിയില്‍ കുറയാത്ത അകലം ഉണ്ടായിരിക്കണം. ഭാര്യയോ ഭര്‍ത്താവോ കായലില്‍ വീഴുന്ന ഒരു സാഹചര്യത്തിലല്ലാതെ ഇരുവരും പരസ്പരം സ്പര്‍ശിക്കാന്‍ പാടുള്ളതല്ല. മടിയില്‍ കിടക്കുകയോ മുടിയില്‍ തലോടുകയോ ഒക്കെ ചെയ്യുന്നത് അറപ്പും വെറുപ്പും ഉളവാക്കുമെന്നതിനാല്‍ സമൂഹത്തോടും ഡ്യൂട്ടിയിലുള്ള പൊലീസുകാരോടും ചെയ്യുന്ന ദ്രോഹമായിരിക്കും.
5. സാമൂഹികസുരക്ഷ ലക്ഷ്യമാക്കി പരസ്പരം അടുത്തിടപെഴുകുന്ന കപിള്‍സിനെ പൊലീസ് അറസ്റ്റ് ചെയ്താല്‍ അവര്‍ പൊലീസുകാരുമായി സഹകരിക്കുകയും അവര്‍ ആവശ്യപ്പെടുന്ന തരത്തില്‍ കുറ്റസമ്മതം നടത്തുകയോ സത്യവാങ്മൂലം എഴുതി നല്‍കുകയോ ഒക്കെ ചെയ്യേണ്ടതാണ്. അങ്ങനെ ചെയ്യാതിരിക്കുന്നത് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ സംബന്ധിച്ച് അറപ്പും വെറുപ്പും ഉളവാക്കുന്നതാകയാല്‍ ഏതെങ്കിലും വക്കീലിനെക്കൊണ്ട് കള്ളസത്യവാങ്മൂലം ഉണ്ടാക്കി കോടതിയില്‍ സമര്‍പ്പിച്ച് കാര്യങ്ങള്‍ക്ക് തീരുമാനമുണ്ടാക്കുന്നതാണ്.

കടപ്പാട്  : http://berlytharangal.com

Tuesday, 26 March 2013

പാപ്പിയുടെ സ്വപ്നവും മലപ്പുറം ഖദീജയും .....


  

ന്‍റെ റബ്ബേ... ന്‍റെ കുട്ടി പോയല്ലോ... ഇച്ച് ഞ് ആരാള്ളത് ൻറെ ബദ്രീങ്ങളേ...... 

ജമീലാത്തന്‍റെ  നെഞ്ഞത്തടിച്ചുള്ള നിലവിളി കേട്ട്
ഉച്ചമയക്കത്തിലായിരുന്ന അയൽവാസികൾ മുഴുവൻ ഉണർന്നു. ഞാനും മുത്തുവും എന്ത് ചെയ്യണമെന്നറിയാതെ കണ്ണും മിഴിച്ചു നില്ക്കുകയാണ്. ജമീലാത്തയുടെ പ്രതികരണം ഇങ്ങനെയായിരിക്കും എന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. ആളുകൾ ഓടിക്കൂടുന്നത് കണ്ടിട്ട് മുത്ത്‌ അവിടെ നിന്നും സ്കൂട്ട് ആവാനുള്ള ഒരു പാഴ് ശ്രമം നടത്തി. പക്ഷെ എന്റെ നോട്ടം കണ്ടിട്ടോ അതോ എന്റെ കാലുകൊണ്ട്‌ അവന്റെ കാലിന്റെ പെരുവിരലിനിട്ടു കൊടുത്ത തലോടൽ കാരണമോ എന്നറിയില്ല, അവൻ അവിടെ തന്നെ നിന്നു.
ആളുകൾ ഓടി അടുത്തെത്തുന്നതിനു മുൻപുതന്നെ ജമീലാത്ത ഓട്ടം ആരംഭിച്ചു. ഞങ്ങൾ രണ്ടുപേരും അതും പ്രതീക്ഷിച്ചില്ലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് നാട്ടുകാർക്കു ഒരു എത്തുംപിടീം കിട്ടീല, അത് വിശദീകരിക്കാൻ ഞങ്ങൾക്കു നേരവും ഇല്ലായിരുന്നു. ഞങ്ങളും ജമീലാത്തനെ പിന്തുടർന്നു.
ജമീലാത്തന്‍റെ മുടിയനായ സന്തതി സർകസ്സിൽ ചേർന്നു. ആ വിവരം പറയാൻ പോയപ്പോഴുണ്ടായ പൊല്ലാപ്പാണ് ഇതൊക്കെ. അസറു എന്ന് ജമീലാത്ത സ്നേഹത്തോടെ വിളിക്കുന്ന നാട്ടുകാരുടെ പാപ്പച്ചൻ, ഞങ്ങളുടെ പാപ്പി എന്ന ശ്രീമാൻ അഷറഫ് ആണ് കഥാ നായകൻ. കാശിനുള്ള ബുദ്ധിമുട്ടോ മറ്റു ജോലി കിട്ടാഞ്ഞിട്ടോ അല്ല ഈ സാഹസം.അവൻ സർകസ്സിൽ ചേർന്നതിന്‍റെ അല്ലെങ്കിൽ അവന്‍റെ inspiration എന്ന് പറയുന്നത് സർകസ്സിലെ വെയിറ്റ് ലിഫ്റ്റിങ്ങ് ഷോ നടത്തുന്ന കണ്ടാൽ നമ്മുടെ ഗുരുവായൂർ കേശവന്‍റെ തലയെടുപ്പും ശരീര സൌന്ദര്യവുമുള്ള (ആകൃതിയും, ഉയരവും, നടത്തവും എല്ലാംകൊണ്ടും ഒറ്റനോട്ടത്തിൽ അത് ഗുരുവായൂർ കേശവൻ തന്നെ എന്ന് പറയും) ശ്രീമതി മലപ്പുറം ഖദീജയാണ്. സംഭവം നടക്കുന്നത് ഇപ്പോഴൊന്നുമല്ല. ഞങ്ങൾ കൌമാരം കഴിഞ്ഞ്‌ യുവാക്കൾ ആയി സ്വന്തം കാലിൽ നില്ക്കുവാൻ പ്രാപ്തരായി എന്നു സ്വയം പറയുന്ന ആ പ്രായം. അതായത് ഒൻപതാം ക്ളാസ്സിൽ പഠിക്കുന്ന കാലം.

നാട്ടിൽ ഞങ്ങൾ ഞങ്ങളെ സ്വയം വിളിക്കുന്നത്‌ "പത്തരക്കൂട്ടം" എന്നാണു. ഞാൻ, കരിമ്പൻ സിധീഖ്, കണ്ണാപ്പി മുജീബ്, ചെൾക്ക അജ്മൽ, പാപ്പച്ചൻ അഷ്‌റഫ്‌, കരാമ മുത്തു, മോഗ്ളി കലീമുല്ലഹ്, കുടൽ റഫീഖ്, മാങ്ങാണ്ടി ആബിദ്, കുപ്പിച്ചില്ല് ഷാജി പിന്നെ തൊള്ളായിരം അൻവർ (1000 മുഴുവൻ ഇല്ലാത്തോണ്ട് അൻവർ 'അര' എന്നും അറിയപ്പെടും) എന്നിങ്ങനെ 11 പേർ അടങ്ങുന്നതാണ് ഞങ്ങളുടെ പത്തരക്കൂട്ടം.

ആ വർഷത്തെ കൊണ്ടോട്ടി നേർച്ചയുടെ പ്രധാന ആകർഷണം സർകസ്സ് ആയിരുന്നു. ഞങ്ങൾ കൂട്ടുകാർ എല്ലാവരും ഒരുമിച്ചാണ് സര്ക്കസ്സിനു പോയത്. സർക്കസ്സ് കഴിഞ്ഞ്‌ പുറത്തിറങ്ങി ഞങ്ങൾ അബ്ദുവിന്റെ തട്ടുകടയിൽ കയറി ഓരോ സർബത്ത് കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ പാപ്പിയെ കാണാനില്ല എന്നു ശ്രദ്ധിച്ചത്. അവനെ അന്വേഷിച്ചു ആ പരിസരം മുഴുവൻ ഞങ്ങൾ കറങ്ങി. അങ്ങനെ അവനെ അന്വേഷിച്ചു നടന്ന ക്ഷീണം മാറ്റാൻ വീണ്ടും അബ്ദുവിന്റെ കടയിലെത്തി സർബത്ത് ഓർഡർ ചെയ്തു. തെല്ലൊരു ദേഷ്യത്തോടെ അബ്ദു നാരങ്ങ പിഴിഞ്ഞുകൊണ്ടിരിക്കുംബോഴാണ് (കാശ് കൊടുക്കാതെയുള്ള സർബത്ത് കുടിയാണ് പിന്നെ അബ്ദുവിന് ദേഷ്യം വരാതിരിക്കുമോ? എന്തുകൊണ്ട് കാശ് കൊടുക്കുന്നില്ല എന്നത് പിന്നീട് ഒരു അവസരത്തിൽ പറയാം) സർക്കസ്സ് കൂടാരത്തിന്റെ പിറകിൽ നിന്നും ഭയങ്കര ബഹളം. ഞങ്ങൾ എല്ലാവരും അങ്ങോട്ടോടി. അവിടെ ചെന്നപ്പോ കണ്ട കാഴ്ച എന്താണെന്ന് വെച്ചാൽ, നമ്മുടെ പാപ്പി നിലംതൊടാതെ വായുവിൽ നില്ക്കുന്നു. ആശാൻ സർക്കസ്സൊന്നും പഠിച്ചിട്ടില്ല പിന്നെങ്ങനെ ഇത് എന്നു ചിന്തിച്ചു മുകളിലോട്ടു നോക്കിയപ്പോഴാണ് പാപ്പിയുടെ കഴുത്തിൽ ഒരു കൈ കണ്ടത്. ഞങ്ങൾക്കൊന്നും മനസ്സിലായില്ല.
"എടാ നായ്ക്കളെ ആ ചെറ്റ എന്റെ കൊല്ലിക്ക് പുടിച്ചിരിക്കാ... നോക്കിക്കാതെ ന്നെ ബക്കം കൈച്ചലാക്കി ഞാപ്പം ചാകും." പാപ്പി അലറി. അപ്പോഴാണ്‌ സംഗതിയുടെ കിടപ്പ് ഞങ്ങൾക്ക് മനസ്സിലായത്‌. സർക്കസ്സ് കൂടാരത്തിന്റെ അകത്തുനിന്നും വിടവിലൂടെ ആരോ പാപ്പിയുടെ കൊലവള്ളിക്ക് പിടിച്ചിരിക്കുന്നു. ഞങ്ങളുടെ രക്തം തിളച്ചു. കൂട്ടത്തിൽ ധൈര്യവാൻ അജ്മൽ കയ്യിൽ കിട്ടിയ ഒരു വിറകുകഷ്ണമെടുത്തു ആ കൈക്ക് ഒറ്റ അടി. ഒരുനിലവിളി കേട്ടു. പാപ്പി ദേ നിലത്ത്.

എന്താണ് സംഭവമെന്ന് ചോദിക്കാൻ തുടങ്ങുന്നെനു മുൻപേ, "മക്കളേ തടി മാണൻക്കീ മണ്ടിക്കൊളീ ഓല് അങ്ങേപോർതൂടെ ബരണുണ്ട്..." എന്നും പറഞ്ഞുകൊണ്ട് അവൻ എഴുന്നേറ്റു ഓട്ടം തുടങ്ങി. ആഹാ എന്നാ അതൊന്നു കണ്ടിട്ട് തന്നെ കാര്യം എന്നും പറഞ്ഞു ഞങ്ങളും അവിടുന്ന് പാപ്പിയുടെ പിറകെ വെച്ച് പിടിച്ചു. പാപ്പിക്ക് ഞങ്ങളെക്കാൾ കൂടുതൽ അല്ലെങ്കിൽ ഞങ്ങൾ ഇതുവരെ ഞങ്ങളുടെ നാട്ടിൽ കാണാത്ത ഊടുവഴികൾ അറിയാം എന്നു ഞങ്ങൾക്ക് അന്ന് മനസ്സിലായി.

പത്തരക്കൂട്ടം ഞങ്ങളുടെ പതിവ് സ്ഥലത്ത് ഒത്തുകൂടിയപ്പോ പാപ്പി കഥ വിവരിക്കാൻ തുടങ്ങി. സർക്കസ് കഴിഞ്ഞ്‌ പുറത്തിറങ്ങിയപ്പോ പാപ്പിക്ക് ഒരാശ. സർക്കസ്സിലെ വെയിറ്റ് ലിഫ്റ്റിങ്ങ് ഷോ അവതരിപ്പിച്ച ശ്രീമതി മലപ്പുറം ഖദീജയെ ഒരിക്കൽക്കൂടി ഒന്ന് കാണണം എന്നു. ഞങ്ങൾപോലും അറിയാതെ അവൻ മുങ്ങി. സർക്കസ്സ് കൂടാരത്തിന്റെ ചുറ്റും വലംവെക്കുകയായിരുന്ന പാപ്പി അപ്പോഴാണ്‌ കൂടാരത്തിന്റെ പിറകിൽ സാമാന്യം വലിയൊരു വിടവ് കണ്ടത്. അവൻ അതിലൂടെ നോക്കിയപ്പോ സർക്കസ്സിലെ തരുണീമണികൾ അവിടെയിരുന്നു പരദൂഷണം പറയുന്നത് കണ്ടു. അവൻ ആ വിടവിലൂടെ കുറച്ചു നേരം നോക്കിയിരുന്നു. ഖദീജാത്താനേ അവിടെയൊന്നും കാണുന്നില്ല. പാപ്പി അവിടെ നിന്ന് ആ വിടവിലേക്കു തരുനീമാനികളുടെ ശ്രദ്ധ അവനിലേക്ക്‌ ആകര്ഷിച്ചു എന്നിട്ട് തന്റെ ആവശ്യം അറിയിച്ചു. മലയാളമറിയാത്ത ആ മങ്കമാർക്ക് പാപ്പിയുടെ മലയാളം ശെരിക്കു മനസ്സിലായി അവർ ഖദീജാത്താനേ ഉറക്കെ വിളിച്ചു. അവരുടെ ഭാഷ മനസ്സിലാവാത്ത പാപ്പിക്ക് അവർ എന്താണ് പറഞ്ഞതെന്ന് മനസ്സിലായി. അവൻ ഖദീജാത്താനേ അക്ഷമയോടെ കാത്തിരുന്നു. പക്ഷെ പാപ്പിയെ കാണാൻ വന്നത് സർക്കസ്സിലെ ഒരു തടിമാടൻ. അയാളുടെ വരവ് കണ്ടപ്പോ തന്നെ സംഭവം പന്തിയല്ലെന്ന് പാപ്പിക്ക് മനസ്സിലായി. ഓടാൻ ശ്രമിക്കുമ്പോഴേക്കും അയാളുടെ കൈ  ആ വിടവിലൂടെ പാപ്പിയുടെ കഴുത്തിൽ പിടുത്തമിട്ടിരുന്നു. കൂടാതെ കുറച്ചു ആളുകൾ അപ്പുറത്തെ വാതിൽ ലക്ഷ്യമാക്കി ഓടുന്നതും പാപ്പി കണ്ടു. ഇതാണ് അവിടെ സംഭവിച്ചത്.

ദിവസങ്ങൾ കഴിടുംതോറും ഖദീജാത്താനേ കാണുവാനുള്ള പാപ്പിയുടെ ആഗ്രഹം കൂടിക്കൂടിവന്നു. മിക്കവാറും എല്ലാ ദിവസവും അവൻ സർക്കസ്സ് കാണുവാൻ പോയി. അങ്ങനെ സർക്കസ്സുകാർ അവിടെനിന്നും പോകുന്നതിന്റെ തലേദിവസം മുത്തുവും ആബിദുംകൂടി അവനു ഒരു ഐഡിയ പറഞ്ഞുകൊടുത്തു.  

തുടരും....


ആദ്യമായാണ്‌ സ്വന്തമായി എഴുതുന്നത്‌. ഇത്രയും കാലം മറ്റുള്ളവരുടെ ബ്ളോഗുകൾ കോപ്പി അടിക്കലായിരുന്നു പ്രധാന ജോലി. കുറെ എണ്ണം മനസ്സിലുണ്ട്. പക്ഷെ അത് എങ്ങനെ അവതരിപ്പിക്കണം എന്നറിയില്ല. നിങ്ങളുടെ അഭിപ്രായം അറിയിക്കുക. നിങ്ങളുടെ അഭിപ്രായങ്ങളും, നിര്ദേശങ്ങളും ആണ് ഇനി എനിക്കുള്ള പ്രജോദനം. തെറ്റുകളും കുറ്റങ്ങളും ചൂണ്ടികാണിക്കാൻ മറക്കല്ലേ.

സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം Hisperado