Wednesday, 16 April 2014

കുളി-ദേവകി നിലയങ്ങോട്‌

കുളി

അച്ഛന്റെ മൂന്നാമത്തെ ഭാര്യയാണ് എന്റെ അമ്മ. ആദ്യഭാര്യയിലുണ്ടായ മകന്‍ നാരായണന്‍ എന്ന വല്യേട്ടന് എന്റെ അമ്മയേക്കാള്‍ വയസ്സു കൂടും. വല്യേട്ടന്റെ മൂത്തമകന്‍ ഉണ്ണിക്കു തന്നെയും എന്റെ മൂത്തജ്യേഷ്ഠന്റെപ്രായമാണ്. ഉണ്ണിയുടെ അമ്മയും എന്റെ സഹോദരീസ്ഥാനീയയുമായ പാര്‍വതിയെ ഞങ്ങളെല്ലാവരും ഉണ്ണീടമ്മ എന്നാണ് വിളിച്ചുപോന്നത്.
അഞ്ചാറുമാസം ദണ്ണം പിടിച്ചു കിടന്നാണ് വല്യേട്ടന്‍ മരിച്ചത്. ദണ്ണം എന്തായിരുന്നു എന്ന് നിശ്ചയമില്ല. രോഗത്തിന്റെ പേര് അന്വേഷിക്കുക അന്നൊന്നും പതിവില്ല എന്നു തോന്നുന്നു. ആയുര്‍വേദ ചികിത്സകള്‍ ഫലിക്കാതെ വന്നപ്പോള്‍ ഡോക്ടര്‍ കൃഷ്ണയ്യരാണ് വല്യേട്ടനെ ചികിത്സിച്ചത്. രോഗംകഠിനമായിരുന്നിരിക്കണം. ഏട്ടന് അറുപതു തികഞ്ഞിരുന്നു. ആ പ്രായത്തില്‍ അദ്ദേഹം മരിച്ചു. ഉണ്ണീടമ്മയ്ക്ക് അമ്പത്തിരണ്ടു വയസ്സായിരുന്നു.

വിധവയായ ഉണ്ണീടമ്മയെ കുറിച്ച് എന്റെ മനസ്സില്‍ ഇപ്പോഴും ഒരു ചിത്രമുണ്ട്. കുളത്തില്‍ പോയി കുളിച്ച്,തുവര്‍ത്താതെമുങ്ങി ഒഴുകാലെ വന്ന് വടക്കേ അറയില്‍ ഇരിക്കുന്നഇരിപ്പാണത്. വടക്കേ അറയില്‍ സ്വതേ തന്നെ വെളിച്ചം കുറവാണ്. അല്പം വെളിച്ചം തരുന്ന അഴിക്കൂടിന്റെ വാതില്‍ ചാരി ഇരുട്ടത്താണ് ഇരിപ്പ്.വിധവകള്‍പുലക്കാലത്ത് അങ്ങനെ ഇരിക്കണമത്രെ. വെളിച്ചം കാണരുത്. സംസാരിക്കാനും പാടില്ല. കഴുത്തില്‍ ചരട് (മംഗല്യസൂത്രം) അഴിച്ച ആ അവസ്ഥയില്‍ വിധവകളെ കാണാന്‍ പൊതുവെ എല്ലാവരും മടിക്കും.അതുകൊണ്ട് വളരെ അടുത്ത ബന്ധുക്കള്‍ മാത്രം വടക്കേ അറയുടെ വാതില്‍ക്കല്‍വന്ന് ഉണ്ണീടമ്മയെ കണ്ടു പോരും. കുളിച്ച് ഈറനായി വന്ന് അതേ മുണ്ടിന്റെ ഒരു ഭാഗം വിരിച്ചാണ് കിടപ്പ്. ഈറന്‍ മാറാന്‍ പാടില്ല. ശരീരത്തിന്റെ ചൂടുതട്ടി വസ്ത്രം ഒന്ന് ഉണങ്ങിയേക്കാം,അത്രമാത്രം. കുളിയാകട്ടെ ഒരു തവണ പോര താനും. മൂന്നു കുളിവേണം.രാവിലെ പ്രകാശമായാല്‍ കുളത്തില്‍ പോയി ആദ്യത്തെ കുളി. തോര്‍ത്താറില്ല. ഉടുവസ്ത്രം ഒന്നു പിഴിയും. നടുമുറ്റത്ത് മകന്‍ ബലിയിടുന്നുണ്ട്. അതുകഴിഞ്ഞതായി അറിയിച്ചാല്‍വീണ്ടും മുങ്ങി വരണം. അപ്പോഴും തുവര്‍ത്തലില്ല. പിന്നത്തെ കുളി വൈകുന്നേരമാണ്. രാത്രി ആ മുണ്ടിന്റെ തല വിരിച്ചു കിടക്കും. ഉണ്ണീടമ്മ പുലപോയി പിണ്ഡം കഴിഞ്ഞു മകന്റെ കൂടെ ഒരു വര്‍ഷം ദീക്ഷ ആചരിച്ചു. ആ ഒരു കൊല്ലം മുഴുവന്‍ ദിവസംരണ്ടുതവണയായിരുന്നു കുളി.

കുളിയാണ് നമ്പൂതിരിമാരുടെയും അന്തര്‍ജനങ്ങളുടെയും ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള അനുഷ്ഠാനം. എന്ത് അശുദ്ധിക്കുമുള്ളപ്രായശ്ചിത്തമാണ് കുളി. പുലകേട്ടാല്‍ കുളിക്കണംമരണം കേട്ടാല്‍ കുളിക്കണം,മരിച്ച ഇല്ലത്തുപോയാല്‍ കുളിക്കണം. ഇതൊന്നും ഇല്ലെങ്കിലും നിത്യജീവിതത്തില്‍ ഒരു ദിവസംപലതവണ കുളി വേണ്ടിവന്നേക്കും. അതുകൊണ്ട് ഇല്ലങ്ങളിലൊക്കെ രണ്ടു കുളങ്ങള്‍ നിര്‍ബന്ധമായും ഉണ്ടാവും. കിഴക്ക് വടക്കു ഭാഗത്തായി സ്ത്രീകള്‍ക്ക് കുളിക്കാന്‍ ഒരു അടുക്കളക്കുളം. തെക്കുഭാഗത്തായി നമ്പൂതിരിമാര്‍ക്കു കുളിക്കാന്‍ വേറൊരു കുളവും.ഇല്ലത്തോടു ചേര്‍ന്ന് അമ്പലമുണ്ടെങ്കില്‍ അമ്പലക്കുളവും ഉണ്ടാകും. അത്പൊതുവാണ്.
പുലരുന്നതിനു മുന്‍പേ സ്ത്രീകള്‍ അടുക്കളക്കുളത്തിലേക്കു പുറപ്പെടും.വെളിച്ചം കുറവാണെങ്കില്‍ കോലുവിളക്കുമായി ഇരിക്കണമ്മ മുന്‍പേ നടക്കും. കുളത്തില്‍ തന്നെയാണ് പല്ലുതേപ്പ്. ഉമിക്കരിയും മാവിലയുമാണ് പല്ലുതേക്കാന്‍. മാവില നാവുവടിക്കാനും ഉപയോഗിക്കും. പല്ലുതേച്ചു കഴിഞ്ഞാല്‍ സുമംഗലികള്‍ മൂന്നും കൂട്ടി മുറുക്കണം എന്നുണ്ട്. പുകയില കൂട്ടാത്ത വെറ്റില മുറുക്കാണ് മൂന്നും കൂട്ടല്‍. സ്ത്രീകള്‍ പുകയില ഉപയോഗിക്കാറില്ല. മുറുക്കിക്കഴിഞ്ഞാല്‍ കുളത്തിലേക്കു തന്നെ അതു തുപ്പും. പിന്നെ വെള്ളത്തിലേക്കിറങ്ങലാണ്. മേല്‍ തേക്കാന്‍ വാകയുണ്ട്. എണ്ണതേക്കല്‍എല്ലാദിവസവും ഇല്ല. ചൊവ്വയും വെള്ളിയുമാണ് എണ്ണതേച്ചു കുളിക്കാനുള്ള ദിവസങ്ങള്‍. എന്നാല്‍ ആണ്‍മക്കളുടേയോ ഭര്‍ത്താവിന്റേയോ ജന്മനക്ഷത്രം അന്നുവരുന്നുണ്ടെങ്കില്‍എണ്ണതേക്കരുത്. എണ്ണതേച്ച ദിവസമാണെങ്കില്‍ ഇരിക്കണമ്മ താളി പിഴിഞ്ഞുതരും. വാകകൊണ്ട് പുറം തേപ്പിച്ചു തരും. വാക തേച്ചാല്‍ അതിന്റെ ഉരംകൊണ്ട് ശരീരത്തിനു നല്ലസുഖമുണ്ടാകും. വെള്ളത്തില്‍ മുങ്ങി വന്നാല്‍ പടവിലിരുന്ന് ആവണക്കിന്‍ കുരുവും മഞ്ഞളും അരച്ചത് നെറ്റിയില്‍ തൊടും. പിന്നെ മുങ്ങിക്കയറി തോര്‍ത്തും.

കുളി കഴിഞ്ഞ് അകത്തു ചെന്നാല്‍ ചെയ്യേണ്ട നമസ്‌കാരങ്ങള്‍ ചിലര്‍ കുളത്തില്‍ തന്നെ നിര്‍വഹിക്കും. അരയോളം വെള്ളത്തില്‍ ഇറങ്ങി നിന്നാണ് വെള്ളത്തില്‍ തലമുട്ടിച്ചുകൊണ്ടുള്ള ഈ നമസ്‌കാരം. നിലത്തു നമസ്‌കരിക്കുന്നതിനേക്കാള്‍ ക്ലേശം കുറയും വെള്ളത്തിലെ ഈ നമസ്‌കാരത്തിന്. ഇത് ഒരു മണിക്കൂറോളം നീണ്ടുനില്‍ക്കും.നമ്പൂതിരിമാര്‍ നമസ്‌കരിക്കുമ്പോള്‍ വേദത്തില്‍ നിന്നും മറ്റുമുള്ള മന്ത്രങ്ങള്‍ചൊല്ലും. സ്ത്രീകള്‍ക്ക് വേദപഠനം അരുതാത്തതിനാല്‍ ചില ശ്ലോകങ്ങളാണ് ചൊല്ലുക. മുടി കെട്ടിത്തിരുകിയാണ് നമസ്‌കാരം. അതിനിടയ്ക്ക് കുളികഴിയാത്തവരോ ശൂദ്രജനങ്ങളിലാരെങ്കിലുമോ കുളിക്കുകയോ നനച്ചിടുകയോ ചെയ്യുമ്പോള്‍ ദേഹത്തേക്കു വെള്ളം തെറിച്ചാല്‍ അന്തര്‍ജനം വീണ്ടും കുളിക്കണം. പടവില്‍ തലനാര് ചവിട്ടിയാലും കുളി നിര്‍ബന്ധം. അതുകൊണ്ട് കുളക്കടവ് വൃത്തിയായി വെക്കാന്‍ ഇരിക്കണമ്മമാരുടെപെണ്‍മക്കളെ ഉത്സാഹിപ്പിക്കാറുണ്ട്.'കുളക്കടവ് വൃത്തിയാക്കിയാല്‍ അടുത്ത ജന്മം സുന്ദരിയായി ജനിക്കുംഎന്ന് പ്രലോഭിപ്പിച്ചാണ് അന്തര്‍ജനങ്ങള്‍ ആപെണ്‍കുട്ടികളെക്കൊണ്ട് ഈ കാര്യം സാധിക്കാറുള്ളത്. കുളികഴിഞ്ഞ് അമ്പലത്തിലേക്ക് പോകുമ്പോള്‍, നൂല്,തലനാര്തുപ്പല്‍ എന്നിവ ചവിട്ടിയാല്‍ വീണ്ടും വന്ന് മുങ്ങണം.ക്ഷേത്രത്തിലേക്കോ തിരിച്ചോ ഉള്ള യാത്രയില്‍ അയിത്ത ജാതിക്കാര്‍ തീണ്ടിയോ എന്ന് സംശയം വന്നാലും കുളിയാണ് പരിഹാരം.

കുളിക്കുള്ള സാധ്യതകള്‍ ഇല്ലത്തിനകത്തും ധാരാളമുണ്ട്. അമ്പലത്തില്‍ നിന്നു വന്ന് അടുക്കളപ്പണി തുടങ്ങുമ്പോള്‍ തലേന്നാള്‍ ഇരിക്കണമ്മ കഴുകിക്കമഴ്ത്തിയ പാത്രങ്ങളില്‍ വറ്റോ മറ്റു ഭക്ഷണാവശിഷ്ടങ്ങളോ കണ്ടാല്‍ ആ പാത്രം തൊട്ടവരെല്ലാം കുളിക്കണം. മറ്റുള്ളവര്‍ ഊണുകഴിച്ച സ്ഥലം ചാണകം തളിച്ച് ശുദ്ധമാക്കിയിട്ടില്ലെങ്കില്‍ അവിടെ ചവിട്ടിയാല്‍, ജോലിക്കിടയില്‍ അറിയാതെ പണിക്കാരെ തൊട്ടാല്‍,അവരുടെ വസ്ത്രം മേല്‍ പാറിവീണാല്‍ അങ്ങനെ കുളിയുടെ കാരണങ്ങള്‍നീണ്ടുപോവുന്നു. രജസ്വലയായിരിക്കുന്ന ആള്‍ നാലാം ദിവസം ആചാരപ്രകാരംകുളിക്കണം.

എന്നാല്‍ ഏറ്റവും ക്ലേശകരമായ ഒരു കുളിയുണ്ട്. പ്രസവിച്ച ഉടനെയുള്ള കുളി. പ്രസവം കഴിഞ്ഞ് മറുപിള്ള വീഴുമ്പോഴേക്കും എന്തെങ്കിലുംകുടിക്കണമെന്ന് കഠിനമായ ദാഹം തോന്നും. പക്ഷേപ്രസവമെടുക്കാന്‍ വന്ന വിളക്കത്തല നായര്‍ സ്ത്രീ തൊട്ട് ശുദ്ധം മാറിയ അവസ്ഥയില്‍ വെള്ളം കുടിക്കാന്‍ പാടില്ല. അതുകൊണ്ട് ആദ്യം ചെയ്യേണ്ടത് പ്രസവിച്ച സ്ത്രീ നടന്നുപോയി അടുക്കളക്കുളത്തിലിറങ്ങികുളിച്ചുവരികയാണ്. ചിലപ്പോള്‍ കുളം കുറച്ച് ദൂരെയാകും. വേനല്‍ക്കാലമാണെങ്കില്‍ വെള്ളം ഏറെ താഴെയും ചണ്ടിയുമായിരിക്കും. അതൊന്നും പ്രശ്‌നമല്ല. കുളത്തിലേക്കുപോകുമ്പോള്‍ സഹായിക്കാന്‍ ആളുണ്ടാവുമെങ്കിലും കുളികഴിഞ്ഞ് കല്‍പ്പടവുകള്‍ കയറി പ്രസവമുറിയില്‍ തിരിച്ചെത്തുന്നത് ആരെയും തൊടാതെ ഒറ്റയ്ക്കുതന്നെ വേണം. ഇങ്ങനെപ്രസവിച്ച ഉടനെ ചണ്ടിവെള്ളത്തില്‍ കുളിക്കുന്നത് അണുബാധക്കു കാരണമാവുമോ എന്നൊന്നും ആരും ചിന്തിച്ചിട്ടില്ലെന്നു തോന്നുന്നു. കുളികഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കുംസ്ത്രീ ആകെ തളര്‍ന്ന് വിവശയായിരിക്കും;ആര്‍ത്തിയോടെയാണ് വെള്ളം വാങ്ങികുടിക്കുക.

പ്രസവത്തിന്റെ പുല കഴിഞ്ഞ് പതിനൊന്നാം ദിവസം പുണ്യാഹം തളിക്കണം. അതോടെ സ്ത്രീ ശുദ്ധയായി. പിന്നെ ദേഹരക്ഷയ്ക്കുള്ള കുളി ആരംഭിക്കുകയായി. ഉല്ലാസപ്രദമാണ് അത്. തൊണ്ണൂറു കഴിയുംവരെ അതു തുടരും. ദിവസം രണ്ടുനേരമുണ്ട് ഈ കുളി. പുല്ലാനിപ്ലാവ്മാവ്ആവണക്ക്,ഉങ്ങ് എന്നീ മരങ്ങളുടെ ഇല ഇട്ടു തിളപ്പിച്ച വെള്ളം ഒഴിച്ചാണ് കുളി. ഇതിനായി വടക്കുപുറത്ത് ഒരു ചാലുകീറി അതിന്റെ അറ്റത്ത് പ്രസവിച്ച സ്ത്രീക്ക് ഇരിക്കാന്‍ ഉള്ള പാത്തിവെക്കും. കുളിപ്പിക്കാന്‍ നില്‍ക്കുന്ന അന്തര്‍ജനം മേലാസകലം നല്ലപോലെ എണ്ണതേപ്പിച്ച് അമര്‍ത്തി ഉഴിയും. ചൂടുവെള്ളംആകാവുന്നത്ര ചൂടില്‍ കൈക്കുന്നടയിലെടുത്ത് വെന്ത ഇലകളോടൊപ്പം ശരീരത്തില്‍ ഉഴിയും.പിന്നെ ഇഞ്ച പതപ്പിച്ച് മെഴുക്കിളക്കും. ഒരു മരത്തിന്റെ തൊലിയാണ് ഇഞ്ച. അത് ഇടിച്ച് ചകിരിപോലെയാക്കി വെച്ചിട്ടുണ്ടാവും. വെള്ളം കൂട്ടുമ്പോള്‍ അതില്‍നിന്ന് നല്ല പത വരും. മെഴുക്ക് പോവാന്‍ വിശേഷമാണത്. പരുപരുത്ത ഇഞ്ചകൊണ്ട് തേക്കുമ്പോള്‍ തൊലിയില്‍നല്ല ചോരയോട്ടം ഉണ്ടാകും. അതിനുശേഷം മേല്‍പ്പറഞ്ഞ പച്ചിലകള്‍ ഇട്ടു തിളപ്പിച്ച വെള്ളം ധാരാളമായി മേലൊഴിക്കും. പിന്നീട് പച്ച മഞ്ഞള്‍ അരച്ചത് മേലാസകലം തേപ്പിക്കും. വീണ്ടും വെള്ളം വീഴ്ത്തി തോര്‍ത്തിക്കും. ഈ കുളിയുടെ പരിസമാപ്തി ഒരുമാസത്തോളം നീണ്ടുനില്‍ക്കുന്ന നാല്പാമര ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ടുള്ള കുളിയോടുകൂടിയാണ്. സൗന്ദര്യവര്‍ദ്ധക വസ്തുവാണ് നാല്പാമര.

ശരീരത്തിലല്ലാതെ തലയില്‍ എന്നും വെള്ളമൊഴിക്കാറില്ല. തലയില്‍ നല്ലെണ്ണ തേച്ചുനിര്‍ത്തുകയാണ് പതിവ്. നല്ലെണ്ണ തേക്കുന്നത് തലയില്‍ തണുപ്പു നിലനിര്‍ത്തും. മുലപ്പാലുണ്ടാകാന്‍ അതുവിശേഷമാണത്രെ.

തൊണ്ണൂറു കഴിയും വരെയുള്ള ഈ കുളിയുടെ കാലമാണ് അന്തര്‍ജനങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല കാലം. ദൈനംദിന ജോലികളുടെ ക്ലേശം വേണ്ട.രണ്ടുനേരവും ആരോഗ്യദായകമായ കുളി. പരിചരണത്തിന് ആളുള്ളതിനാല്‍ കിട്ടുന്ന പ്രത്യേക ശ്രദ്ധ. ഇല്ലത്ത് തനിക്കൊരു പ്രാധാന്യം വന്നപോലെ അവര്‍ക്ക് തോന്നും.

പ്രസവത്തിനുശേഷമുള്ള കുളി പോലെ മരണത്തെ തുടര്‍ന്നും അനുഷ്ഠാനസ്വഭാവമുള്ള കുളികള്‍ പലതുമുണ്ട്. മരിച്ചു കഴിഞ്ഞ ശരീരം ശുദ്ധമാവണം. നിലത്തിറക്കിയ ജഡത്തില്‍ വെള്ളമൊഴിക്കുന്ന പതിവുണ്ട്. തുടര്‍ന്ന് മൂന്നുപേര്‍ മൃതദേഹത്തെ തൊട്ട്കുളത്തില്‍ പോയി മുങ്ങിവരണം. ഇത് മൂന്നുതവണ ആവര്‍ത്തിക്കുന്നു. അതോടെ ജഡം (പ്രേതം എന്നാണ് ജഡത്തിനുള്ള ഭാഷ) ശുദ്ധമാവും. ഈ പ്രേതശുദ്ധിക്കു ശേഷമാണ് ജഡം സംസ്‌കരിക്കുന്നത്.
ഞാന്‍ വിവാഹം കഴിഞ്ഞ് നിലയങ്ങോട്ട് എത്തുന്നത് 1943-ലാണ്. അതിന് രണ്ടു കൊല്ലം മുന്‍പുതന്നെ ഭര്‍തൃപിതാവ് രവി സോമയാജിപ്പാട് മരണപ്പെട്ടിരുന്നു. കഥകളി നടന്‍ എന്ന നിലയ്ക്ക് യൗവനത്തില്‍ പ്രസിദ്ധനായിരുന്നഅദ്ദേഹം പിന്നീട് ഗൃഹസ്ഥനായി യാഗം ചെയ്ത് ഇല്ലത്തിരിക്കുകയാണ് ഉണ്ടായത്. മരണത്തിനു മുന്‍പ് അദ്ദേഹത്തെ കുളിപ്പിച്ചതിനെപ്പറ്റി നിലയങ്ങോട്ടെ പാപ്തി വല്യമ്മ പലതവണ എനിക്ക് പറഞ്ഞുതന്നിട്ടുണ്ട്. ഒരത്ഭുതകഥയുടെ പരിവേഷം ആവിവരണത്തിനുണ്ടായിരുന്നു.

മരിക്കുമ്പോള്‍ അച്ഛന് അറുപതുവയസ്സിനടുത്തായിരിക്കണം പ്രായം. സോമയാജിപ്പാടാകയാല്‍ നിത്യവും ഇല്ലത്തിന്റെ വടുക്കിനിയില്‍ അഗ്‌നിഹോത്ര ഹോമം ചെയ്യേണ്ടതുണ്ട്. അദ്ദേഹം തന്റെ അന്ത്യാഭിലാഷമായിപറഞ്ഞത് ''എനിക്ക് വടുക്കിനിയില്‍ ഹോമകുണ്ഡങ്ങളുടെ സമീപം കിടന്ന് മരിക്കണം'' എന്നാണ്. മരണകര്‍മങ്ങള്‍ വിധിയാംവണ്ണം ചെയ്യണം എന്നര്‍ഥം. അഗ്‌നിഹോത്ര കുണ്ഡങ്ങള്‍ക്കിടയില്‍ ആണ് സോമയാജിമാരെ മരണാസന്ന നിലയില്‍ നിലത്തിറക്കി കിടത്തുക.

വടുക്കിനിക്ക് ഒരു പ്രത്യേകതയുണ്ട്. ഔപാസന കുണ്ഡങ്ങളുള്ള ആസ്ഥലത്തേക്ക് കുളിക്കാതെ ആര്‍ക്കും പ്രവേശനമില്ല. പുറത്തളത്തില്‍ കിടക്കുന്ന അച്ഛനെ വടുക്കിനിയിലേക്ക് മാറ്റുന്നതെങ്ങനെഅതിനു മുന്‍പ് കുളത്തില്‍ കൊണ്ടുപോയി എങ്ങനെകുളിപ്പിക്കുംമരണം ഉറപ്പായി,ഊര്‍ദ്ധ്വശ്വാസം കാണുമ്പോഴേ വടുക്കിനിയിലേക്കു മാറ്റാവൂ. ആ സമയത്ത് കുളത്തില്‍ കൊണ്ടുപോയി കുളിപ്പിച്ചാല്‍ മുക്കിക്കൊന്നു എന്നകുറ്റവും ആവും. എന്തു വേണമെന്ന് ആര്‍ക്കും ഉറപ്പുപോരാതായി.

അപ്പോഴേക്കും പുറത്തളത്തില്‍ കിടക്കുന്ന അച്ഛന്റെ അവസാന ശ്വാസംവലിയായെന്ന് തോന്നി.വടുക്കിനിയില്‍ അന്തര്‍ജനങ്ങള്‍ ഹോമകുണ്ഡങ്ങള്‍ക്കടുത്ത് പുല്ലും മണലും വിരിച്ചു. മൂന്നു കുണ്ഡങ്ങളിലും തീ ജ്വലിപ്പിച്ചു. നിലവിളക്കുകള്‍ വടുക്കിനിയിലെങ്ങും കൊളുത്തിവെച്ചു. അച്ഛനെ നിലത്തിറക്കാനുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയായി. ചെവിയിലോത്ത് ചൊല്ലാനായി നമ്പൂതിരിമാര്‍ ഒരുങ്ങിനിന്നു. ഇനി ചര്‍ച്ചക്കു സമയമില്ല.വടുക്കിനിയില്‍ വെച്ചുവേണം മരണമെങ്കില്‍ അച്ഛനെ കുളിപ്പിച്ചുകൊണ്ടു വന്നേ തീരൂ. ഒരുനീണ്ട പലകയിലേക്ക് അദ്ദേഹത്തെ മാറ്റിക്കിടത്തി. കുളത്തിലേക്കെടുത്തു. അവസാനത്തെ കല്‍പ്പടയില്‍ അതു കൊണ്ടുവന്നു വെച്ചു. അദ്ദേഹത്തിന്റെ മൂന്നാമത്തെ മകനും പിന്നീട് എന്റെ ഭര്‍ത്താവായ ആളുമായ രവി നമ്പൂതിരി അച്ഛനെ പലകയില്‍നിന്ന് ഒറ്റയ്‌ക്കെടുത്ത്സ്വന്തം ഒക്കത്തുവെച്ച് കല്‍പ്പടവിലിറങ്ങി വെള്ളത്തിലേക്കാഴ്ന്നു കുട്ടികളെ എടുത്ത്മുങ്ങുന്നപോലെ. അദ്ദേഹത്തെ എടുത്തുകൊണ്ടുവന്ന എല്ലാ നമ്പൂതിരിമാരും ഒരുമിച്ചു മുങ്ങി. ഭാഗ്യം,അച്ഛന് അപ്പോഴും ശ്വാസം ബാക്കിയുണ്ട്. വടുക്കിനിയിലേക്ക് ആ പലകയില്‍ വെച്ചുതന്നെ കൊണ്ടുപോയി. അവിടെ ദര്‍ഭ വിരിപ്പില്‍ കിടത്തി ചെവിയിലോത്തു തുടങ്ങി. യാത്രാദാനം നടത്തി. അച്ഛന്‍ സമാധാനത്തോടെ മരിച്ചു. അസാധാരണമായകുളിയായതുകൊണ്ടാവണം നിലയങ്ങോട്ടെ അംഗങ്ങള്‍ എന്നോടിത് ഒന്നിലധികം തവണ പറയുകയുണ്ടായി.
ദേവകി നിലയങ്ങോട്‌
(കാലപ്പകര്‍ച്ചകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

Wednesday, 24 April 2013

ഒറ്റക്കാലുള്ള പ്രേതം !

കോങ്കണ്ണിത്തോട്ടിലാണ് ആദ്യം അത് കണ്ടത്. അലക്കുകാരി കാര്‍ത്തു രാവിലെ തോട്ടിലിറങ്ങുമ്പോഴായിരുന്നു അപ്പുറത്ത് ഒഴുകി നടക്കുന്ന കാല്‍ കണ്ടത്. മനുഷ്യന്റെ ഒരു കാല്‍ മാത്രം !!
അലറിവിളിച്ചു കൊണ്ട് കാര്‍ത്തു നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാര്‍ വന്നു നോക്കി. അതെ സാധനം കാല്‍ തന്നെയാണ് എന്നതിനെക്കാള്‍ ഒരു കാല്‍ മാത്രമേയുള്ളൂ എന്നതാണ് നാട്ടുകാരെ വിറപ്പിച്ചത്.
കോട്ടയത്തെ പ്രവീണ്‍ വധത്തിന്റെ അതേ ശൈലിയില്‍ ആരോ ആരെയോ കൊന്നിരിക്കുന്നു.
എസ്ഐ ജോര്‍ജിന്റെ ഭാര്യ സുന്ദരിയാണെന്നു കേട്ടിട്ടുണ്ട്. പക്ഷെ, അയാളുടെ ഡ്രൈവര്‍ സുരേഷ് വീട്ടില്‍ കിടന്നുറങ്ങുന്നുണ്ട്. അവന്റെ രണ്ടു കാലും അവന്റെ കൈയ്യില്‍ തന്നെയുണ്ട്. അപ്പോള്‍ സംഗതി ഡിവൈഎസ്പി തലത്തിലോ മറ്റോ ആയിരിക്കണം. പൊലീസുകാരെ തീരെ വിശ്വസിച്ചുകൂട.
കാല് കണ്ടിടത്തേക്ക് ജനം കുതിച്ചു. പൊലീസും വന്നു. വെളുത്ത ഒരു യുവാവിന്റെ കാലാണതെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാണ്. സംഗതി മൊത്തത്തോടെ വെട്ടി ഒഴുക്കി വിട്ടിരിക്കുകയാണ്. മീനച്ചിലാറ്റിലേക്ക് വന്നു ചേരുന്ന മറ്റ് കൈത്തോടുകളില്‍ ജനവും പൊലീസും, മറ്റേ കാല്‍, കൈകള്‍, തല തുടങ്ങിയ അവയവങ്ങള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഇനി മീനച്ചിലാറ്റിലും മണിമലയാറ്റിലും അതിന്റെ കൈവഴികളിലുമാണ് തിരച്ചില്‍ നടത്താനുള്ളത്. കൊല്ലുന്നവന് എല്ലാം കൂടി ഒരിടത്തു കുഴിച്ചു മൂടിയിട്ട് അറിയിച്ചാല്‍ പോരേ ?
വൈകുന്നേരമായപ്പോഴേക്കും കാല് നാട്ടിലെ പ്രമുഖരായ രണ്ട് കുടിയന്മാര്‍ ചേര്‍ന്ന് ഒരു പായില്‍ പൊതിഞ്ഞു പൊലീസുകാര്‍ ചൂണ്ടിക്കാണിച്ച ആംബുലന്‍സില്‍ വച്ചു കൊടുത്തു. പൊലീസുകാര്‍ അത് നേരേ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ കൊണ്ടുപോയി വച്ചു.
കോങ്കണ്ണിത്തോട് ഏറെക്കുറെ ഒറ്റപ്പെട്ടു. കൊല്ലപ്പെട്ട മനുഷ്യന്റെ ബാക്കി അവയവങ്ങള്‍ തോട്ടിലൂടെ ഒഴുകി വരുമെന്ന ഭീതി ഗ്രാമത്തെയാകെ ബാധിച്ചു. ഇടക്കിടെ തോട്ടിലിറങ്ങുന്നവരുടെ തൊണ്ടയില്‍ നിന്ന് അറിയാതുയര്‍ന്നു പോകുന്ന അലര്‍ച്ചകള്‍ ജനത്തെ പിന്നെയും പിന്നെയും ഞെട്ടിച്ചു കൊണ്ടിരുന്നു. തോട്ടിലൂടെ എന്തെഴൊകി വന്നാലും അതിനെ ഏതെങ്കിലും അവയവമായി സങ്കല്‍പിച്ചായിരുന്നു ഭീതിദതമായ ഈ ഭീകരനിലവിളികള്‍.
തോട്ടില്‍ കുളി, കളി, അലക്ക് തുടങ്ങിയ ജോലികള്‍ വ്യാപകമായി കുറഞ്ഞെങ്കിലും മഴക്കാലമെത്തിച്ച മണലിന്റെ ശേഖരത്തിലാകൃഷ്ടമായ വെട്ടന്‍ ജോണിയുടെ തോണി അന്നു രാത്രിയും പുഴയിലിറങ്ങുക തന്നെ ചെയ്തു. മണല്‍ക്കടവുകളില്‍ ജനകീയ പൊലീസും മണല്‍സേനയും അവയവഭീതികാരണം തോടിന്റെ പരിസരത്തെങ്ങുമില്ലാത്ത ആ രാത്രി തോട്ടിലെ മണല്‍ മുഴുവനും വാരിക്കൊണ്ടു പോകാന്‍ വേണമെങ്കില്‍ പര്യാപ്തമാണെന്ന് ജോണിക്കറിയാമായിരുന്നു.
ഒസിആറിന്റെ നാല് ഫുള്ളും കൊടുത്ത് ജോണി തോണിയില്‍ നാലു പണിക്കാരെ തോട്ടിലിറക്കി. അഥവാ വല്ലവരും ചോദിച്ചാല്‍ സാമൂഹിപ പ്രതിബദ്ധത കൊണ്ട് അവയവം തിരയുകയാണെന്നു പറയുകയും, അഥവാ വല്ല അവയവവും മണലിനോടൊപ്പം കൈയ്യില്‍ തടഞ്ഞാല്‍ ഒന്നുമറിയാത്തതുപോലെ തിരിച്ച് പുഴയിലേക്കെറിയുകയുമാണ് വേണ്ടതെന്ന് ജോണി തോണിക്കാരോട് പറഞ്ഞിരുന്നു.
ജോണിയുടെ മണല്‍ത്തോണി രാത്രി 10 മണിയോടെ പന്ത്രണ്ടാം കടവില്‍ നിന്ന് നീരണിഞ്ഞു. ഒസിആറിന്റെ നിലാവില്‍ അവര്‍ മണലൂറ്റി. ക്ഷീണം തോന്നിയപ്പോഴൊക്കെ ഊര്‍ജ്ജം ഗ്ലാസ്സിലൂറ്റി. മണി, പതിനൊന്നായി, പതിനൊന്നരയായി, പതിനൊന്നേമുക്കാലായി. ഒസിആര്‍ രണ്ടെണ്ണം മാത്രം തീര്‍ന്നപ്പോഴേക്കും ഫുള്‍ലോഡ് മണലുമായി തോണി ആറു തവണ തീരത്ത് പോയി വന്നിരുന്നു.
ഏഴാമത്തെ ലോഡ് നിറച്ച് തീരത്തേക്ക് മെല്ലെ തുഴഞ്ഞു കൊണ്ടിരിക്കുമ്പോഴാണ്. തോണിയിലെ ജോണിസംഘം ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്. അവര്‍ക്കഭിമുഖമായെന്ന പോലെ നേര്‍ത്ത നിലാവിന്റെ നിഴലുപോലെ ഒറ്റക്കാലുള്ള ഒരു രൂപം… സംഘം വിറങ്ങലിച്ചുപോയി.
പ്രേതം! എന്ന നിലവിളിയുമായി സംഘത്തിലെ മൂന്നു പേരും തോട്ടിലേക്കു ചാടി. അല്‍പം ധൈര്യമവശേഷിച്ചിരുന്ന പഴയ നക്സലൈറ്റ് ആയിരുന്ന നാരായണന്‍ ഒന്നുകൂടി നോക്കി. മുഖം കാണാനില്ല. തല എന്തോ കൊണ്ട് മറച്ചിരിക്കുന്നു. ഷെര്‍ലക് ഹോംസ് കഥകളിലെപ്പോലെ ദുരൂഹമായ രൂപം. വ്യക്തമായും ആരോ വെട്ടിമാറ്റിയ വലതു കാല്‍. സംഗതി പ്രേതം തന്നെ.
ആചാരപരമായി എക്സ് നക്സലൈറ്റ് നിലവിളിയോടെ തോണിയോടൊപ്പം പുഴയിലേക്ക് വീണു. കാലിന്റെ ബാക്കി രാത്രിയില്‍ പ്രേതമായെത്തി ജോണിയുടെ വളളം മുക്കിയ കഥ പിറ്റേന്ന് എസ്ഐ ജോര്‍ജിനെപ്പോലും ഞെട്ടിച്ചു. സംഗതി കൊലപാതകത്തില്‍ നിന്ന് അപസര്‍പ്പക,ഹൊറര്‍ തലങ്ങളിലേക്കു നീങ്ങുകയാണ്.
പൊലീസും സംഘവും അരിച്ചു പെറുക്കി. ജില്ലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ ഒരിടത്തും കാലിന്റെ പ്രായത്തിലുള്ള ആരെയും കാണാതായിട്ടില്ല. ദുരൂഹത വര്‍ധിക്കുന്നു…
തന്റെ വള്ളം മുക്കിയ പ്രേതത്തോട് ജോണി പക്ഷെ കോംപ്രമൈസ് ചെയ്യാന്‍ തയ്യാറായിരുന്നില്ല, അന്ന് രാത്രി ജോണി തനിച്ച് തന്റെ 74 മോഡല്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ പ്രേതബാധയും അവയവപ്രവാഹവുമുള്ള കോങ്കണ്ണിത്തോടിന്റെ തീരത്തുകൂടി സഞ്ചരിച്ചു. നേര്‍ത്ത ചാറ്റല്‍മഴയുണ്ടായിരുന്നു. നല്ല തണുപ്പും.
നാട്ടില്‍ ചൂടിന്റെയും അനുബന്ധരസങ്ങളുടെയും മൊത്തവ്യാപാരമുള്ള സിസിലിയുടെ വീടിന്റെ ഇരുനൂറു മീറ്റര്‍ മാറി ബുള്ളറ്റ് നിര്‍ത്തി മിഡീവിയല്‍ കാലഘട്ടത്തില്‍ പിശാചുപിടിത്തമെന്ന പേരില്‍ സുന്ദരമായി വ്യഭിചരിച്ചു ജീവിച്ചു പോന്ന തന്റെ പൂര്‍വികരുടെ ക്രിയേറ്റിവിറ്റിയെക്കുറിച്ച് ആലോചിച്ച് രണ്ട് വില്‍സ് പുകച്ചു. സിസിലിയുടെ അനന്ത സാധ്യതകളെക്കുറിച്ച് ചിന്തിച്ച് അവസാനത്തെ പുകയും വിട്ട് സിഗരറ്റ് വലിച്ചെറിയുമ്പോളാണ് ജോണിയുടെ കണ്ണില്‍ അത് പെട്ടത്…..
സിസിലിയുടെ വീട് ലക്ഷ്യമാക്കി മെല്ലെ നീങ്ങുകയാണ് ഒറ്റക്കാലുള്ള ഒരു ഭീകരരൂപം. ആകെ മൂടിപ്പുതച്ച് കോട്ടയം പുഷ്പനാഥിന്റെ കഥാപാത്രത്തെപ്പോലെ കോട്ടും തൊപ്പിയും വച്ച്…
ജോണിക്കു പക്ഷേ പേടി തോന്നിയില്ല. പ്രേതമാണോ അല്ലയോ എന്നു നിര്‍വചിക്കാനുള്ള വിവേകവുമുണ്ടായില്ല. എന്തായാലും അതിനെ പിടിക്കണം എന്നതില്‍ ജോണിക്കു സംശയമുണ്ടായിരുന്നില്ല. തന്റെ ഒരു ലോഡ് മണലും വള്ളവും മുക്കിയ പ്രേതമാണ് !
ജോണി ബുള്ളറ്റ് സ്റ്റാന്‍ഡില്‍ വച്ച് സിസിലിയുടെ വീടിന്റെ പിന്‍ഭാഗത്തുകൂടി നടന്നു. മറുവശത്ത് അത് നില്‍ക്കുന്നുണ്ടാവണം. ഭിത്തിയോട് ചേര്‍ന്ന് നടക്കുമ്പോള്‍ അകത്തുനിന്നും സിസിലിയുടെ ഇക്കിളിപ്പെട്ടുള്ള ചിരി കേള്‍ക്കാമായിരുന്നു. ജോണി വാച്ചില്‍ നോക്കി. മണി പന്ത്രണ്ടു കഴിഞ്ഞു. പെണ്ണ് ഓവര്‍ ടൈമിലാ. മഴക്കാലമായതുകൊണ്ട് ടൈറ്റ് ഷെഡ്യൂളാവും.
രണ്ട് ചുവടു കൂടി വച്ച് മറുവശത്തേക്ക് ചാടിയ ജോണിയെ ഞെട്ടിച്ചുകൊണ്ട് ഒറ്റക്കാലുള്ള പ്രേതം അപ്രത്യക്ഷമായി. ജോണിക്ക് ഇത്തിരി പേടി തോന്നി. ഇങ്ങനെ കെടാനും ഓഫാകനുമൊക്കെ പറ്റുന്ന പ്രേതമാണെങ്കില്‍ സൂക്ഷിക്കണം. പക്ഷെ, ഈ പ്രേതത്തിന് സിസിലിയുടെ വീട്ടുമുറ്റത്ത് എന്തു കാര്യം ? പ്രേതത്തെയും കൈകാര്യം ചെയ്യുന്ന വിരുതുണ്ടോ സിസിലിക്ക് ? മനസ്സില്‍ ചോദ്യങ്ങളുമായി ജോണി മടങ്ങി.
പിറ്റേന്ന് പകല്‍ സിസിലിയുടെ വീട്ടിലെത്തി തലേന്ന് രാത്രി പ്രേതത്തെ കണ്ട കാര്യം ജോണി പറഞ്ഞു. സിസിലിയെ വിറയ്ക്കാന്‍ തുടങ്ങി. അതിനു മുമ്പിലത്തെ ദിവസവും സിസിലിയുടെ വീടിന്റെ പരിസരത്താണ് പ്രേതത്തെ കണ്ടതെന്നു കൂടി കേട്ടപ്പോള്‍ അവള്‍ തളര്‍ന്നു. പ്രേതം തന്നെ റേപ് ചെയ്യുമോ എന്നതിനെക്കാള്‍ മേഖലയില്‍ പ്രേതസഞ്ചാരമുണ്ടെന്നു വന്നാല്‍ തന്റെ പതിവു കസ്റ്റമേഴ്സ് വരവ് നിര്‍ത്തിയേക്കുമോ എന്ന ചിന്തയായിരുന്നു സിസിലിയെ തളര്‍ത്തിയത്.
എന്തായാലും സിസിലിയുടെ വീടിന്റെ വിവിധ കേന്ദ്രങ്ങളിലായി അന്ന് രാത്രി ഒളിച്ചിരിക്കാനും പ്രേതത്തെ നേരിടാനും ജോണിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തീരുമാനിച്ചു.
അന്ന് വൈകിട്ട് എല്ലാവരും സിസിലിയുടെ വീട്ടില്‍ സംഗമിച്ചു. നാട്ടില്‍ എന്ത് ദുരിതമുണ്ടായാലും പുറത്തിറങ്ങാത്തവര്‍ പോലും പരിപാടി സിസിലിയുടെ വീട്ടിലായതുകൊണ്ട് മുണ്ടും മുറുക്കിയിറങ്ങി. പ്രേതവുമായി ഒരു ആദ്ധ്യാത്മിക സംഘട്ടനം വേണ്ടി വന്നാല്‍ അതിനു തയ്യാറായി വികാരിയച്ചനും ഒരു ചെറുകിട തന്ത്രിയും വരെ സിസിലിയുടെ വീട്ടില്‍ നേരത്തെ സ്ഥാനം പിടിച്ചിരുന്നു.
സിസിലിയുടെ രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക പ്രാധാന്യം അറിയാവുന്നതുകൊണ്ട് ഒരു ലോ ആന്‍ഡ് ഓര്‍ഡര്‍ പ്രശ്നമുണ്ടായാല്‍ നേരിടാന്‍ രണ്ട് പൊലീസുകാരും സന്ധ്യയോടെ എത്തി. സിസിലി കൊടുത്ത മധുരം കൂടിയ പൊടിക്കാപ്പി കുടിച്ചും അതു മതിയാകാത്തവര്‍ നോക്കി നോക്കി സിസിലിയുടെ ചോര കുടിച്ചും 11 മണിയാക്കി.
വിളക്കുകളണച്ച് ഓരോരുത്തരും മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലങ്ങളില്‍ ശബ്ദമുണ്ടാക്കാതെ സ്ഥാനം പിടിച്ചു. നിമിഷങ്ങള്‍ സിസിലിയുടെ നിശ്വാസങ്ങള്‍ പോലെ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു. ഒടുവില്‍ മണി പന്ത്രണ്ടിനോടടുത്തുകൊണ്ടിരിക്കെ ദൂരെ നിന്നും കരിയിലകളുടെ ശബ്ദം കേട്ടു.
സാധാരണ ഒരാള്‍ നടക്കുമ്പോള്‍ കേള്‍ക്കുന്നതിനെക്കാള്‍ ശബ്ദമുണ്ട്. കാത്തിരുന്നവര്‍ ഒറ്റക്കാലന്‍ പ്രേതത്തിന്റെ വരവ് കൃത്യമായി കണ്ടു. വികാരിയച്ചന്‍ കുരിശു വരച്ച് കാത്തിരുന്നു. തന്റെ ഒറ്റക്കാലില്‍ പാടുപെട്ട് ഒരു റബ്ബറിന്റെ വടിയും കുട്ടി ആ രൂപം സിസിലിയുടെ വീടിനു നേര്‍ക്ക് തന്നെയാണ് വരുന്നത്. തൊപ്പിയും കോട്ടും ആളുടെ രൂപം കൂടുതല്‍ ഭീകരമാക്കിയിട്ടുണ്ട്.
സിസിലിയുടെ വീടിന്റെ മുന്നിലെത്തി പ്രേതം അല്‍പനേരം നിന്നു. ചുറ്റും നോക്കി എല്ലാം ഭദ്രമാണെന്ന് ഉറപ്പു വരുത്തിയിട്ട് മെല്ലെ വാതിലില്‍ മുട്ടിയതും വാതില്‍ തുറന്ന് ജോണിയുടെ നേതൃത്വത്തില്‍ ഒരു സംഘം പ്രേതത്തെ വട്ടം പിടിച്ചതും ഒന്നിച്ചായിരുന്നു. പൊടുന്നനെ വിളക്കുകള്‍ തെളിച്ചു കൊണ്ട് പല ഭാഗത്തായി ഒളിച്ചിരുന്ന ആളുകള്‍ പാഞ്ഞടുത്തു.
തൊപ്പിയും കോട്ടുമായി ഒറ്റക്കാലന്‍ പ്രേതത്തെ നാട്ടുകാര്‍ എണീപ്പിച്ചു നിര്‍ത്തി. വികാരിയച്ചന്‍ വളരെ പവര്‍ഫുള്ളായി അവന്റെ മുന്നില്‍ നിന്നു.
അവന്റെ തൊപ്പിയും കുപ്പായവും മാറ്റൂ.. ഞാനാ മുഖമൊന്നു കാണട്ടെ !- അച്ചന്‍ അരുളിച്ചെയ്തു.
തൊപ്പിയും കോട്ടും മാറ്റിയപ്പോള്‍ മുന്നില്‍ തെളിഞ്ഞത് വികാരിയച്ചന്റേതിനെക്കാള്‍ വെളുപ്പുള്ള ഒരു ളോഹയണിഞ്ഞ മെലിഞ്ഞ ഒരു വൈദികനായിരുന്നു. വെളിച്ചത്തേക്കു മാറ്റി നിര്‍ത്തിയപ്പോഴാണ് മുഖം വ്യക്തമായത്. അത് അച്ചനല്ല അച്ചന്റെ കുപ്പായമണിഞ്ഞ കപ്യാര് തോമയാണ്. അറിയപ്പെടുന്ന വികലാംഗന്‍. തോമ നിന്നു വിയര്‍ത്തു.
തോമാച്ചാ… നിനക്കെന്താ ഇവിടെ കാര്യം ? -അച്ചന്‍ ചോദിച്ചു.
ജനം ശ്വാസമടക്കി നിന്നു.
ഞാനെന്റെ വയ്പുകാലന്വേഷിച്ചു വന്നതാ അച്ചോ… കഴിഞ്ഞ ദിവസം ഇവിടെ വച്ച് നഷ്ടപ്പെട്ടാരുന്നു…!
അത് ശരി.. അപ്പോള്‍ നിന്റെ കാലാണല്ലേ തോട്ടിലൂടെ ഒഴുകി വന്നത് പൊലീസുകാര് കൊണ്ടുപോയി മോര്‍ച്ചറീല് വച്ചിരിക്കുന്നത് ?
അയ്യോ.. അത് പൊലീസുകാര് കൊണ്ടുപോയോ ? കാലില്ലാത്തതു കൊണ്ട് വീട്ടീന്നു പുറത്തിറങ്ങാന്‍ പറ്റിയില്ല.. അതുകൊണ്ട് ഒന്നുമറിയുന്നില്ല..!
നാട്ടുകാര്‍ക്ക് ശ്വാസം നേരേ വീണു. അപ്പോള്‍ കാലിന്റെ ദുരൂഹത നീങ്ങി, ഒറ്റക്കാലന്‍ പ്രേതത്തിന്റെയും.
പക്ഷെ.. നിന്റെ കാലെങ്ങനെ ഇവിടെ നഷ്ടപ്പെട്ടു.. അതന്വേഷിച്ച് ഈ പാതിര കഴിഞ്ഞ നേരത്ത് എന്റെ ളോഹയുമിട്ട് നീ വന്നതിന്റെ കാരണം ?
തോമ വിതുമ്പി- എന്നോടു ക്ഷമിക്കണം അച്ചോ… സിസിലി കുറെ നാളായിട്ടൊള്ള എന്റെ പൂതിയാ.. അതിന് കഴിഞ്ഞ ദിവസം രാത്രി വന്നപ്പോള്‍ ഒരു പട്ടി ഓടിച്ചതാ എന്നെ.. അങ്ങനെയാ കാല് പോയത്…അഥവാ ആര്‍ക്കെങ്കിലും ഇവിടെക്കിടന്ന് കാല് കിട്ടിയിട്ടുണ്ടെങ്കില്‍ മാനം പോവണ്ടാന്നും വിചാരിച്ചാ രാത്രിയില്‍ തപ്പാനിറങ്ങീത്..സിസിലിയോടൊന്നു മുട്ടി നോക്കുകേം ചെയ്യാമല്ലോന്ന് വിചാരിച്ചു.
അത് ശരി.. പക്ഷെ അതിനെന്റെ ഉടുപ്പിട്ടിറങ്ങിയതെന്തിനാ ?
തോമാച്ചന്‍ തല ചൊറിഞ്ഞു- അത് പിന്നെ പെണ്ണു കേസല്ലേ അച്ചോ, ആരെങ്കിലും കണ്ടാല്‍ ഓടി രക്ഷപെടുമ്പോള്‍ അച്ചന്റെ ഉടുപ്പാണെങ്കില്‍ ഉപദ്രവിക്കുകേലല്ലോന്ന് വിചാരിച്ചാ !!

കടപ്പാട്  : http://berlytharangal.com

Tuesday, 23 April 2013

എന്ന് സ്വൊന്തം നീലി - റീ ലോഡഡ്.........


പ്രിയപ്പെട്ട ഡ്രാക്കുളചേട്ടന്‍ അറിയുന്നതിന്..
കേരളം എന്നു പറയുന്ന ഒരു കൊച്ചു സ്ഥലത്തു നിന്നുമാണ് ഞാന്‍ ഈ കത്തെഴുതുന്നത്. സ്ഥലം മനസ്സിലായോ ആവോ..? അതറിയണമെങ്കില്‍ ആദ്യം ഇന്‍ഡ്യ എന്താണെന്നറിയണം.. ഇന്‍ഡ്യയുടെ ആത്മാവു തൊട്ടറിയണം.. അക്ഷരങ്ങള്‍ അച്ചടിച്ചു കൂട്ടിയ പുസ്തക താളുകളില്‍ നിന്നും നീ പഠിച്ച ഇന്‍ഡ്യയല്ല അനുഭവങ്ങളുടെ ഇന്‍ഡ്യ.. കോടിക്കണക്കായ പട്ടിണി പാവങ്ങളുടെ ഇന്‍ഡ്യ.. വേശ്യകളുടെയും തോട്ടികളുടെയും കൂട്ടി കൊടുപ്പു കാരുടെയും ഇന്‍ഡ്യ.. അഴിമതിക്കാരുടെ ഇന്‍ഡ്യ.. ത്രീജിയുടെയും ടൂ ജിയുടെയും ഇന്‍ഡ്യ.. പാര്‍ലമെന്റു പോലും തിഹാര്‍ ജെയിലിലേക്ക് പറിച്ചു നടേണ്ട അവസ്ഥയിലേക്ക് മാറി കൊണ്ടിരിക്കുന്ന ഇന്‍ഡ്യ..
കട്ട്....!!!
ശ്ശോ.. സോറി ഡ്രാക്കുള ചേട്ടായീ.. പെട്ടെന്നു എന്റെ കണ്ട്രോളു വള്ളി പൊട്ടി പോയതാ... ഇടക്കിടക്ക് മള്‍ട്ടിപ്പ്ള്‍ പേര്‍സണാലിറ്റി കേറി വരുന്ന ഒരു ചെറിയ പ്രശ്നം.. ആവേശം മൂത്ത് അറിയാതെ ആത്മാവില്‍ തേവള്ളി പറമ്പില്‍ ജോസഫ് അലെക്സ് കേറിപ്പോയി.. കഥ പിന്നെ പറയാം.. ഞാന്‍ കാര്യത്തിലേക്ക് കടക്കട്ടെ..!!
എന്റെ പേര് നീലിയെന്നാണ്. കള്ളിയങ്കാട്ട് നീലി എന്നു പറഞാല്‍ ഒരു വിധം ആളുകളൊക്കെ എന്നെ അറിയും. ഇവിടുത്തെ അറിയപ്പെടുന്ന ഒരു യക്ഷിയാണ് ഞാന്‍.. ചേട്ടന്‍ എന്നെ നീല്‍ എന്നു വിളിച്ചോളു. നീലി എന്ന പേരൊക്കെ ഔട്ട് ഓഫ് ഫാഷനായപ്പോള്‍ കറന്റ് മാര്‍ക്കറ്റില്‍ പിടിച്ചു നില്‍ക്കാനായിട്ടു എനിക്കു എന്റെ പേരൊന്നു പരിഷ്ക്കരിക്കേണ്ടി വന്നു. ഇല്ലേല്‍ ഭയങ്കര ബുദ്ധിമുട്ടാ..
ഡ്രാക്കുള ചേട്ടായീ.., ഇവിടെ എന്റെ കാര്യം ഭയങ്കര കഷ്ടത്തിലാണ്. സങ്കടങ്ങളും പ്രശ്നങ്ങളുമെല്ലാം പങ്കു വെക്കാന്‍ പോലും ഒരാളില്ലാത്ത അവസ്ഥ. ഇതല്ലാം ആരോടു പറയും എന്നാലോചിച്ചു വെഷമിച്ചു നടക്കുന്നതിനിടയിലാണ് ഞാന്‍ ഗൂഗ്ലില്‍ ഡ്രാക്കുള ചേട്ടനെ കുറിച്ചു വായിച്ചത്. നമ്മുടെ ഫീല്‍ഡില്‍ മുടി ചൂടാ മന്നനായി വിലസുന്ന ഡ്രാക്കുള ചേട്ടനല്ലാതെ വേറാര്‍ക്കും എന്നെ സഹായിക്കാന്‍ പറ്റില്ല എന്നെനിക്കറിയാം. എന്നെ കൈ വെടിയരുത് പ്ലീസ്....
നൂറ്റാണ്ടുകളായി ഇവിടെ ജീവിക്കുന്ന ഒരു പാവം യക്ഷിയാണ് ഞാന്‍.. ( വെല്‍.. ഇവിടെ നാടു ഭരിക്കുന്ന ചോര കുടിയന്മാരേയും, സ്ത്രീ പീഡനക്കാരേയും, അഴിമതി, ക്വൊട്ടേഷന്‍, നോട്ടിര്ട്ടിപ്പ് മുതലായവരെ എല്ലാം തട്ടിച്ചു നോക്കുവാണേങ്കില്‍ ഞാനൊന്നും ഒന്നുമല്ല..) ഇവിടെ ഇപ്പോള്‍ കാര്യങ്ങളെല്ലാം വളരെ മോശമായി വരികയാണ്. ആളുകള്‍ക്കൊന്നും മാനവും മര്യാദയില്ലാതായിരിക്കുന്നു. എല്ലാവരും തല തിരിവാ.. ഒരു രക്ഷേമില്ല. അങ്ങനെയാണ് ഞാന്‍ ജീവിക്കുന്ന ഈ നാടിന്റെ ഒരു ഭൂമി ശാസ്ത്രം..!!
ഒരു കാര്യം കേക്കണോ ചേട്ടായി..?? ഒരു ദിവസം പാതിരാവായപ്പോള്‍ ദാഹിച്ചു വലഞ ഞാന്‍ കുറച്ചു രക്തം കുടിക്കാനായി പുറത്തിറങ്ങിയതായിരുന്നുട്ടോ .., ഒറ്റക്കു നടന്നു വന്ന ഒരുത്തനെ കണ്ടപ്പൊ പോയി കുറച്ചു പാക്ക് തരുമോ എന്നു ചോദിച്ചു.. പാക്ക് വാങ്ങിച്ച് വായിലിട്ട് അവനെ ട്യൂണ്‍ ചെയ്ത് വല്ല ബില്‍ഡിങ്ങിന്റേം മണ്ടക്കു കയറ്റി കുറച്ചു ഫ്രഷ് ചോര കുടിക്കാം എന്ന പ്ലാനില്‍ നിക്കുമ്പോ, ആ വൃത്തികെട്ടവന്‍ എന്നെ ട്യൂണ്‍ ചെയ്യാന്‍ നോക്കുമ്പോ ലവനെന്നോടൊരു ചോദ്യം.. ഒറ്റക്കാണോ എന്നു.. അതു കഴിഞ്ഞിട്ടു അടുത്തത്.. ഒറ്റക്കു നടക്കാന്‍ പേടിയുണ്ടെങ്കില്‍ അവന്റെ വീട്ടിലോട്ടു പോകാം.., കാശൊന്നും അവനു പ്രശ്നമില്ലത്രെ.. പിടിച്ചതിനെക്കാള്‍ വലുത് മാളത്തിനകത്ത് എന്നു പറഞ്ഞ പോലെയായി.. അന്നെട്ടിന്റെ പണി കിട്ടിയേനെ.. അവന്റടുത്ത് നിന്നും ഒരു വിധം ഊരി പോന്നു.. വീട്ടിലെത്തി ഫ്രിഡ്ജീന്നു ഒരു പക്കറ്റ് ബ്ലഡ് എടുത്ത് കുടിച്ചു.. കുറച്ച് കഴിഞപ്പോള്‍ ആകെ തല ചുറ്റലും ശര്‍ദിലുമായിരുന്നു.. എന്താണ് സംഭവമെന്നറിയാതെ വെഷമിച്ച് അവശ നിലയില്‍ ഇരിക്കുംമ്പോഴാണ് മറ്റവന്‍ തന്ന പാക്കിന്റെ പാക്കറ്റ് താഴെ കിടക്കുന്നത് കണ്ടത്.. എന്തായിരുന്നെന്നറിയ്വോ..? 'പാന്‍ പരാഗ്'.... ആ സാധനമായിരുന്നു ആ ദുഷ്ടന്‍ എനിക്കു തന്നത്.. നമുക്കീ പാന്‍പരാഗും കുന്തോം കഴിച്ചു വല്ല ശീലമുണ്ടോ..??പണ്ട് വേറൊരുത്തനോടു ചോദിച്ചപ്പോള്‍ കിട്ടിയതു ഹാന്‍സ് എന്നു പറയുന്ന ഒരു സാധനമായിരുന്നു. ഇതെന്തു ചെയ്യാനാന്നു ചോദിച്ചപ്പോള്‍ ഉണ്ടയാക്കി ചുണ്ടിന്റെ അടിയില്‍ വെച്ചാ മതി ഒടുക്കത്തെ മൂഡാകുമത്രെ.. എനിക്കു ദേഷ്യം വന്നു അവന്റെ ചെകിള നോക്കി ഒന്നു പൊട്ടിക്കേണ്ടി വന്നു.. വേണ്ടാ വേണ്ടാ എന്നും കരുതി ഡീസന്റ് ആയി നടക്കാന്‍ ശ്രമിക്കുമ്പൊ ഒരുത്തനും സമ്മധിക്കുന്നില്ല.. :(
ഗോഡ്സ് ഓണ്‍ കണ്ട്രി.. അഥവാ ദൈവത്തിന്റെ സ്വന്തം നാടെന്നു സകലമാന ആളുകളും മന്ത്രിമാരും എന്തിനു..., ഡ്രാക്കുള ചേട്ടായിയുടെ നാട്ടുകാരു സായിപ്പന്മാരു വരെ കൊട്ടിഘോഷിച്ച് നടക്കുന്ന ഈ കേരളത്തിന്റെ അവസ്ഥ എന്താന്നറിയ്വോ...?? ശുദ്ധ രക്തം കിട്ടാനില്ല..!! ക്യാന്‍ യൂ ഇമാജിന്‍ ദാറ്റ്..??വൈകുന്നേരമായാല്‍ എല്ലാവനും കുളിച്ചു റെഡിയായി ഇറങ്ങും.. എന്തിനാ..?? കണ്ണില്‍ കണ്ട ബാറിലും ഷാപ്പിലുമെല്ലാം കയറി നിരങ്ങാന്‍... പോരാത്തതിനു മുട്ടിനു മുട്ടിനു ബീവറേജസ് കോര്‍പറേഷന്റെ ഡയറക്ട് സപ്ലൈ സ്റ്റോര്‍. ഇപ്പോഴത്തെ കണക്കനുസരിച്ച് കേരളത്തില്‍ റേഷന്‍ കടകളെക്കാള്‍ കൂടുതല്‍ ഗവ്ണ്മെന്റ് നേരിട്ടു നടത്തുന്ന കള്ള് വില്‍പന ശാലകളാണത്രെ...
ഇത് കൊണ്ട് വല്ലതുമായോ..?? എല്ലാറ്റിനും പുറമേ ജാനുവിന്റേം, മറിയേടേം, കല്ലു വാതില്‍ക്ക്ല്‍ ഇത്താത്താടേം അടുത്ത് പോയി കണ്ണില്‍ കണ്ട കൊട്ടുവടിയും, മണവാട്ടിയും, ആന മയക്കിയുമെല്ലാം അടിച്ചു കോണ്‍ തെറ്റിയാണു നടപ്പ്. ഏതെങ്കിലും ഒരുത്തനെ പിടിച്ചു രക്തം കുടിച്ചാലോ..? പിന്നെ പിറ്റേ ദിവസം രാവിലെ ഒടുക്കത്തെ ഡീ ഹൈഡ്രേഷനും തലവേദനയും.. ഹാങ്ങ് ഓവെര്‍...!! എന്നെ പോലെയുള്ള പാവപ്പെട്ട യക്ഷികള്‍ ഈ നാട്ടിലെങ്ങനെ ജീവിക്കും.. ജീവിതം വെറുത്തു ചേട്ടാ..
കുറച്ചു ശുദ്ധ രക്തം കിട്ടണമെങ്കില്‍ വല്ല ബ്ലഡ് ബാങ്കിലും പോണം.. ഫ്രെഷ് അല്ലാന്നുള്ള ഒരു കുഴപ്പം മാത്രമെ ഒള്ളു. പക്ഷേ ധൈര്യമായിട്ടു കുടിക്കാം കേട്ടോ. ഏയ്ഡ്സ് വരുമെന്നൊന്നും പേടിക്കെണ്ടല്ലൊ... അവിടെ നിന്നും കുറച്ച് രക്തം ഒപ്പിച്ചെടുക്കാനാണ് പാട്.. നൂറായിരം ഫോര്‍മാലിറ്റികള്‍... ഡോക്ടറുടെ പ്രിസ്ക്രിപ്ഷന്‍ ഇല്ലാതെ തരില്ല.. അതു മാത്രം പോരാ... കാശും കൊടിക്കണം..
അവിടെ നല്ല വെളുത്ത് തുടുത്ത സായിപ്പന്മാരുടെ ചോരേം കുടിച്ച് അര്‍മാദിച്ചു നടക്കുന്ന നിങ്ങക്ക് ഇതു വല്ലോം പറഞ്ഞാല്‍ മനസ്സിലാകുവോ..??ഇന്നത്തെ കാലത്ത് യക്ഷിയല്ലാ.. മറുതയായാലും അതും പോട്ടെ.. ദൈവം തമ്പുരാനാണെങ്കില്‍ പോലും കയ്യില്‍ കാശില്ലെങ്കില്‍ ഒരു കാര്യവും നടക്കില്ല. ആരേയെങ്കിലും പേടിപിച്ച് അവന്മാരുടെ പേര്‍സ് അടിച്ചു മാറ്റിയാലോ..? ഒറ്റയെണ്ണത്തിന്റേം പോക്കറ്റില്‍ കാശില്ല.. കെഡിറ്റ് കാര്‍ഡ്.. ഡെബിറ്റ് കാര്‍ഡ്.. പ്രിവിലേജ് കാര്‍ഡ്.. ക്ലബ് മെമ്പര്‍ഷിപ്പ് കാര്‍ഡ്.. ഡിസ്കവുണ്ട് കാര്‍ഡ്.. അവന്റമ്മേഡെ.. അല്ല പിന്നെ...!! ചേട്ടായി ഇതു വല്ലോം കേക്കുന്നുണ്ടോ..?? അറിയുന്നുണ്ടാ..??സോ.. ഐ സ്റ്റാര്‍ട്ടെഡ് വര്‍ക്കിങ്ങ്..!! ഒരു പ്രൈവെറ്റ് ഹോസ്പിറ്റലില്‍ റിസപ്ഷനിസ്റ്റായിട്ട് വര്‍ക്ക് ചെയ്യുകയാണിപ്പോള്‍. ഒരു പണിയുമില്ല.. വരുന്നവരേ പോകുന്നവരേം ഇളിച്ചു കാണിക്കുക..ഇടക്കിടക്കു ലിപ്സ്റ്റിക് ഇടുക.. ഫോണ്‍ വരുമ്പോ അറ്റന്റ് ചെയ്തു കൊഞ്ചി കുഴയുക.. ഈ വക എന്റെര്‍ടെയിന്റ്മെന്റ്സ് എല്ലാം കഴിഞ്ഞ് ബാക്കിയുള്ള സമയം മുഴുവന്‍ മൊബൈല്‍ എടുത്ത് ഫേസ് ബുക്കും ട്വിറ്റെറും അപ്ഡേറ്റ് ചെയ്തു കളിക്കുക.. അത്രേയൊള്ളു..
വേറൊരു ഗുണമെന്താണെന്നു വെച്ചാല്‍, രക്തം കിട്ടാന്‍ വെല്യ ബുധ്ധിമുട്ടില്ല.. ബ്ലഡ് ബാങ്കിന്റെ മാനേജര്‍ മണകുണാഞ്ചനെ മയക്കി എന്റെ സാരി തുമ്പില്‍ കെട്ടിയിട്ടിരിക്കുവാ.. ഇടക്കിടക്കു ഒനു കൊഞ്ചുക.. വല്ലപ്പോഴും ചക്കരേ തേനെ പഞ്ചാര കട്ടീ എന്നുള്ള രണ്ടു മൂന്നു എസ്സെമ്മെസ് അയക്കുക.. അത്രേം ചെയ്താല്‍ മതി.. എന്തിനാണെന്നു പോലും ചോദിക്കാതെ ആ പൊട്ടന്‍ എത്ര പാക്കറ്റ് ബ്ലഡ് വേണമെങ്കിലും തരും.. അതും പല പല ഗ്രൂപ്പുകള്‍.. ഷുഗര്‍ ഉള്ളത്.. വിത്തവ്ട്ട്.. ഫാറ്റ് ഉള്ളത്.. ട്രൈ ഗ്ലിസറൈഡ് ഉള്ളത്.. ഹോ.. എനിക്കു വയ്യ.. :) ബട്ട് സ്റ്റില്‍ അയാം നോട്ട് ഫീലിങ്ങ് ദാറ്റ് മച്ച് കംഫര്‍ട്ടബ്ല് ഹിയര്‍..
ആ വണ്‍ മോര്‍ തിങ്ങ് ചേട്ടായീ.. ഹോസ്പിറ്റല്‍ ആയതു കൊണ്ട് ഞങ്ങള്‍ യക്ഷികളുടേ ട്രെഡീഷ്ണല്‍ യൂണിഫോമായ വെള്ള സാരിയുട്ടുക്കാന്‍ മാത്രം യാതൊരു പ്രശ്നവുമില്ല.. സത്യം പറഞ്ഞാല്‍ ഒരു യക്ഷി ആണല്ലൊ എന്നുള്ള ഒരു ആത്മ വിശ്വാസവും രോമാഞ്ച കഞ്ചുകവുമെല്ലാം വരുന്നത് ആ യൂണിഫോ ഇടുമ്പോഴാ.. നൈറ്റ് ഡ്യൂട്ടിയാണെങ്കില്‍ നല്ല സുഖമാ.. ഡേ ആണെങ്കില്‍ ഉറക്കം വന്നു പണ്ടാരമടങ്ങി പോകും..
രാത്രി മുഴുവനും അര്‍മാദിച്ച് പകലു വല്ല പാല മരത്തിലോ കരിമ്പനയുടെ മുകളിലോ കിടന്നുറങ്ങിയ കാലം മറന്നു എന്റെ ഡ്രാക്കുള ചേട്ടായീ.. ഫ്ലാറ്റു ജീവിതം ഒട്ടും ഇന്റ്രസ്റ്റിങ്ങ് അല്ല.. എന്തോ ഒരു തടവറയില്‍ കിടക്കുന്ന ഫീലിങ്ങ് ആണ്.. ചുരുക്കം പറഞ്ഞാല്‍ പണിയെടുക്കാതെ ജീവിക്കാന്‍ പറ്റില്ല എന്ന അവസ്ഥയായി.. പകലു പുറത്തിറങ്ങാന്‍ പറ്റില്ല എന്നും പറഞു വീട്ടിലിരുന്നാല്‍ ഒരു പട്ടിയും ചെലവിനു തരില്ല..
ഒരു വിധം കഷ്ടപ്പെട്ട് എല്ലാറ്റിനോടും അഡ്ജസ്റ്റ് ചെയ്ത് ജീവിച്ചു പോകുന്നു.. കിട്ടുന്ന കാശു ഒന്നിനും തികയാത്ത അവസ്ഥ.. പ്രൊമോഷന്‍ കിട്ടണമെങ്കില്‍ ഡിഗ്രി വേണമെന്നാണ് ഹോസ്റ്റിറ്റലിന്റെ അഡ്മിന്‍സിട്റേറ്റര്‍ പറഞത്. അതിനു വേണ്ടി പോസ്റ്റലായിട്ടു കംബ്യൂട്ടറും ഇംഗ്ലീഷും പഠിച്ചു. ഇപ്പോള്‍ ഞാന്‍ ഇഗ്നോയുടെ ഡിസ്റ്റന്റ് ഡിഗ്രീ കോര്‍സിനു ചേര്‍ന്നിട്ടുണ്ട്..
ചില തെണ്ടികള്‍ അടുത്തെത്തുമ്പോള്‍ അവരുടെ ബ്ലഡിന്റെ ആ ആരോമ ഇങ്ങു വരും എന്റെ ചേട്ടായീ.. വായിലു വെള്ളം നിറയും.. കണ്ണിന്റെ കളറെല്ലാം മാറും.. തേറ്റ പല്ലൊക്കെ അങ്ങു കൂര്‍ത്തു മൂര്‍ത്തു വരും.. ഞാനറിയാതെ തന്നെ.. കടിച്ച് പിടിച്ച് അഡ്ജസ്റ്റ് ചെയ്യും... എന്റെ വികാരമെല്ലാം ഞാന്‍ കടിച്ചമര്‍ത്തും.. ഞാന്‍ ഒരു യക്ഷിയാണെന്നു മാനേജ്മെന്റിനും കൂടെ ജോലി ചെയ്യുന്നവര്‍ക്കും മനസ്സിലാകാതിരിക്കാന്‍ എത്ര ബുദ്ധിമുട്ടിയാണെന്നറിയാമോ ഞാന്‍ ജെവിക്കുന്നത്..? ഇതെല്ലാം കാണുംബോള്‍ ആളുകള്‍ടെ വിചാരം എനിക്കു ഒടുക്കത്തെ ജാടയാണെന്നാ ‍. എല്ലാം സഹിച്ചല്ലെ പറ്റൂ..??ഇതിനെല്ലാം പൂറമെ പണ്ടേ ദുര്‍ബല കൂട്ടത്തില്‍ ഗര്‍ഭിണിയും എന്നു പറഞ പോലേ വേറൊരു സാധനവും വന്നിട്ടുണ്ട്. റിസെഷന്‍...!! അതാണത്രെ ഇപ്പോള്‍ ലോകത്തെല്ലായിടത്തും ട്രെന്‍ഡിങ്ങ് ടോപ്പിക്... ഈ പറയുന്ന സാധനം വല്ലതും അങ്ങു പെന്‍സില്‍വാനിയായില്‍ ( അവിടെങ്ങാണ്ടല്ലെ ചേട്ടായിയുടെ താമസം..?? ) എഫെക്റ്റ് ചെയ്തിട്ടുണ്‍ണ്ടോ ഡ്രാക്കുള ചേട്ടായീ..?? ആളുകളോട് കുറച്ചു ചുണ്ണാബ് പോലും ചോദിക്കാന്‍ പറ്റാത്ത അവസ്ഥയായി.ചോദിച്ചാല്‍ അപ്പൊ പറയും മര്‍കറ്റ് ഡള്ളാണ്.. റിസെഷന്‍ ആണ് ചുണ്ണാബൊന്നും ഇല്ലാത്രെ.. ശമ്പളം ചോദിക്കുമ്പോഴെങ്ങാനും ആ മാനേജര്‍ തെണ്ടി റിസെഷന്‍ എന്നു പറഞ്ഞാല്‍.. അവന്‍ എന്റെ തനി നിറം കാണും.. സത്യമായിട്ടും ഞാന്‍ അവനൈ കൊന്ന്.. അവന്‍ രക്തത്തൈ കുടിത്ത്.. ഹാ.. ഒരു ദുര്‍ഗാഷ്ടമിയും വേണ്ടി വരില്ല..
എന്റെ ചേട്ടായീ.. വേറൊരു കാര്യം കേക്കണോ..?? എന്റെ ചിരിക്കൊന്നും ഇപ്പോള്‍ പണ്ടത്തെ പോലെ എക്കോ കിട്ടുന്നില്ല.. എഫെക്ട് എല്ലാം പോയി... ഒരു ഗുമ്മ് കിട്ടുന്നില്ലെന്നെ.. പണ്ടാണെങ്കില്‍ ആളുകള്‍ക്കെല്ലാം എന്നെ എന്തു പേടിയായിരുന്നെന്നറിയാമോ..?? ഇപ്പൊ ആര്‍ക്കും എന്നെ ഒരു വിലയും ഇല്ല...!!
എന്റെ പേരു കേട്ടാല്‍ പേടിച്ചു മൂത്രമൊഴിച്ചിരുന്നവരെല്ലാം ഇപ്പോള്‍ എന്നെ പറ്റി കേള്‍ക്കുമ്പോള്‍ ചിരിച്ചു പണ്ടാരമടങ്ങുകയാണ്.. ആകെ നാണം കെട്ടു ഈ നാട്ടില്‍ ജീവിക്കാന്‍ പറ്റാതായി. ഇതിനെല്ലാം കാരണം ഒടുക്കത്തെ കുറെ മെഗാ സീരിയലു കാരാണ്. അവരെന്റെ പേരില്‍ മെഗാ സീരിയല്‍ ഇറക്കി നാട്ടുകാരെ ചിരിപ്പിച്ചു പൈസ കൊയ്യുകയാണ്. ആകെ നാണക്കെടായി പോയി എന്റെ ഡ്രാക്കുള ചേട്ടായീ.. അതെല്ലാം സഹിക്കാം.. അവന്മാരു ചെയ്ത അക്രമം കേക്കണോ..?? എന്റെ ആജന്മ ശത്രുവായിരുന്ന ആ കാലമാടന്‍ കടമറ്റത്തു കത്തനാരെ ഈ സീരിയലു കാരെല്ലാം ചേര്‍ന്നു വെല്യ ഹീറോ ആക്കി.. ആ ഒണക്ക മാന്തളു പോലിരിക്കുന്ന കൂതറക്കു ഇപ്പോ എന്തോരം ഫാന്‍സ് ആണെന്നു അറിയാമോ..?? മിമിക്രി കാരു വരെ അങ്ങേരെ അനുകരിച്ചു തുടങ്ങി.. നാണക്കേട് മൂത്ത് പുറത്തിറങ്ങാന്‍ പോലും പറ്റാതെ പല പ്രാവശ്യം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു.. എനിക്കണെങ്കില്‍ ഒന്നു മരിക്കാനുള്ള ഭാഗ്യവും ഇല്ല.. മരണമില്ലാത്ത സ്പീഷീസ്... യക്ഷിയ്യായി പോയില്ലേ..??ഇപ്പോള്‍ ജീന്‍സ് വരെ ഇടെണ്ട ഗതികേടിലെത്തിയെന്നു പറഞാല്‍ മതിയല്ലൊ.. സാരിയുടുത്തെങ്ങാനും ബസ്സില്‍ കയറിയാന്‍ പിന്നെ പോയി.. ഹോസ്പിറ്റല്‍ സ്റ്റോപ്പ് എത്തുമ്പോഴെക്കും ആകെ എടങ്ങേറായി പോകും.. എല്ലാം പോട്ടെ.. എപ്സ്പെയറി ഡെയ്റ്റ് കഴിഞ്ഞ കെളവന്മാരു പോലും അടങ്ങി ഇരിക്കില്ല.. ആ.. ഇപ്പോ പത്രമെടുത്ത് നോക്കിയാലും ഇതു തന്നെയാ അവസ്ഥ.. ഒരു പുതിയ പീഡന കേസ് പോലും ഇല്ലാതെ പത്രം ഇറങ്ങാത്ത ദിവസമില്ലെന്നായിരിക്കുന്നു.. പ്രതികളെല്ലാവരും മീശ മുളക്കാത്ത പയ്യന്മാരും.., അമ്പത് കഴിഞ കെളവന്മാരും.. കാലം പോയ പോക്കെ..
ദൈവത്തിന്റെ സ്വന്തം നാട് ദൈവത്തിനു പോലും അന്യമായി കൊണ്ടിരിക്കുന്നു.. മടുത്തിട്ടാണോ അതൊ സഹി കെട്ടിട്ടാണോ എന്നറിയില്ല.. ദൈവം പോലും തിരിഞ്ഞു നോക്കുന്നില്ല എന്നാണ് കാര്യങ്ങളുടെ പോക്ക് കണ്ടിട്ടു തോന്നുന്നത്..
അമേരിക്കയിലൊക്കെ ഇപ്പോള്‍ എങ്ങനാ.. അവിടെ ഹോളിവുഡ് എന്നു പറയുന്ന ഒരു സ്ഥലമുണ്ടെന്നും അവിടെ ഒരുപാടു സിനിമകളെല്ലാം എടുക്കുന്നുണ്ടെന്നും ഗൂഗിള്‍ അമ്മച്ചി വഴി ഞാന്‍ അറിഞ്ഞു.. ഒറിജിനാലിറ്റിക്കു വേണ്‍റ്റി എന്തു കൊള്ളരുതായികയും അവന്മാരു കാണിക്കുമെന്നും കേട്ടു.. ഹൊറര്‍ സിനിമകള്‍ക്കെല്ലാം നല്ല ഡിമാന്റ് ആണെന്നു കേട്ടല്ലോ.. സോ.. ഒരു ഒറിജിനല്‍ യക്ഷി ആയതു കൊണ്ട് എനിക്ക് അവിടെ ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല എന്ന് തോന്നുന്നു.. അതു കൊണ്ട് എനിക്കു അങ്ങോട്ടേക്കൊരു വിസ തന്ന് ഡ്രാക്കുളച്ചേട്ടന്‍ ഒന്നു സഹായിക്കണം... ഞാന്‍ അവിടെ വന്നു വല്ല ഹൊറര്‍ സിനിമയിലും അഭിനയിച്ചു ജീവിച്ചോളാം.. എത്രയും പെട്ടെന്നു തന്നെ പോസറ്റീവായിട്ടുള്ള ഒരു മറുപടി പ്രതീക്ഷിച്ചു കൊണ്ട് കത്തു ചുരുക്കട്ടെ.
എന്ന് സ്വൊന്തം നീലി (നീല്‍)‍.

കടപ്പാട്: Online Kerala Friends Group